ഷാർജ: ഡിഗ്രി സർട്ടിഫിക്കറ്റിൽ വ്യാജ അറ്റസ്റ്റേഷൻ പതിപ്പിച്ചതിനെ തുടർന്ന് നിയമക്കുരുക്കിൽ അകപ്പെട്ട കണ്ണൂർ തളിപ്പറമ്പ് കോലച്ചേരി സ്വദേശി സജേഷ് ചോടത്ത് വാസുദേവനെ ഷാർജ കോടതി കുറ്റ വിമുക്തനാക്കി.ബിരുദ സർട്ടിഫിക്കറ്റിൽ വ്യാജ സീലും സ്റ്റാമ്പും പതിപ്പിച്ചു ഷാർജ വിദേശകാര്യ മന്ത്രാലയത്തെ കബളിപ്പിക്കാൻ ശ്രമിച്ചു എന്നാരോപിച്ചു നീതിന്യായ മന്ത്രാലയം നൽകിയ പരാതിയിലായിരുന്നു സജേഷിനെ കുറ്റക്കാരനായി ആരോപിച്ചത്.
2024 ജൂലൈ രണ്ടിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ജോലി സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട് സജേഷ് നാട്ടിലുള്ള സുഹൃത്ത് വഴി 1998 ലെ ഡിഗ്രി സർട്ടിഫിക്കേറ്റ് 2010 ൽ നാട്ടിൽ വച്ച് അറ്റസ്റ്റ് ചെയ്യുകയും ശേഷം 14 വർഷങ്ങൾക്കിപ്പുറം ഇഖാമ പുതുക്കുന്നതുമായി ബന്ധപ്പെട്ടു ഷാർജയിലുള്ള വിദേശകാര്യ മന്ത്രാലയത്തിനു കീഴിൽ അറ്റസ്റ്റേഷന് സമർപ്പിക്കുകയുമായിരുന്നു.
സർട്ടിഫിക്കറ്റ് പരിശോധധനയിൽ അധികൃതർ അതിൽ പതിച്ചിരിക്കുന്ന ഡൽഹിയിലെ യുഎഇ എംബസിയുടെ സീൽ വ്യാജമാണെന്ന് കണ്ടെത്തി.
തുടർന്ന് സജേഷിനെ ഷാർജ പോലീസിന് കൈമാറി അറസ്റ്റ് ചെയ്തു. സജേഷിനുമേൽ ആരോപിക്കപ്പെട്ട കുറ്റകൃത്യത്തിൽ ഇദ്ദേഹത്തിന് നേരിട്ടുള്ള പങ്കാളിത്തമില്ലായെന്നും വ്യാജ സീൽ സ്റ്റാമ്പ് എന്നിവ ഉണ്ടാക്കിയതും അത് സർട്ടിഫിക്കറ്റിൽ പതിപ്പിച്ചതും ഇദ്ദേഹത്തിന്റെ നാട്ടിലുള്ള സുഹൃത്ത് മുഖേനെയാണെന്നും ഒറിജിനൽ സർട്ടിഫിക്കറ്റിന്റെ മേൽ ഒരാളും അറിഞ്ഞുകൊണ്ട് വ്യാജമായി അറ്റസ്റ്റേഷൻ നടത്താൻ മുതിരില്ലെന്നുമുള്ള സജേഷിന്റെ അഭിഭാഷകന്റെ വാദം കോടതി അംഗീകരിച്ച് കുറ്റവിമുക്തനാക്കുകയായിരുന്നു.
കണ്ണൂർ സ്വദേശിയായ സലാം പാപ്പിനിശേരി സിഇഒയായ യാബ് ലീഗൽ സർവീസസ് നടത്തിയ നിയമ പോരാട്ടത്തിലാണ് സജേഷിന് അനുകൂല വിധി ലഭിച്ചത്.