പെരിന്തൽമണ്ണ: വ്യാജ സർട്ടിഫിക്കറ്റുകൾ നിർമിച്ചു വിൽപ്പന നടത്തുന്ന രണ്ടു പേരെ പിടികൂടി. മലപ്പുറം പൊൻമള പട്ടത്ത് മൊയ്തീൻകുട്ടി (44), പെരിന്തൽമണ്ണ പട്ടിക്കാട് മുള്ള്യാകുർശി നന്പൂത്ത് ശിഹാബുദീൻ(40) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ജില്ലാ പോലീസ് മേധാവി യു. അബ്ദുൾ കരീമിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്നു പോലീസ് നടത്തിയ പരിശോധനയിൽ ഇന്നലെ വൈകിട്ട് പെരിന്തൽമണ്ണ കെഎസ്ആർടിസി ബസ് സ്റ്റാൻഡ്് പരിസരത്ത് വച്ച് ശിഹാബിനെ മാര്യേജ് സർട്ടിഫിക്കറ്റുമായി പിടികൂടുകയായിരുന്നു.
പെരിന്തൽമണ്ണ ഡിവൈഎസ്പി പി.സി. ഹരിദാസന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ ശശീന്ദ്രൻ മേലെയിലും സംഘവുമാണ് പ്രതികളെ പിടി കൂടി യത്.
ചോദ്യം ചെയ്യലിൽ മലപ്പുറം കോട്ടപ്പടിയിൽ പ്രിന്റെക്സ് എന്ന പ്രിന്റിംഗ് സ്ഥാപനത്തിൽ വച്ച് മൊയ്തീൻകുട്ടിയാണ് സർട്ടിഫിക്കറ്റുകൾ വ്യാജമായി ഉണ്ടാക്കി എത്തിക്കുന്നതെന്നും വിവരം ലഭിച്ചു. തുടർന്നു പല പേരിലുള്ള വാഹന ആർസികളും ലൈസൻസുകളുമായി വൈകിട്ട് ഏഴുമണിയോടെ മലപ്പുറത്ത് വച്ച് പോലീസ് മൊയ്തീൻകുട്ടിയെ കസ്റ്റഡിയിലെടുത്തു.
സ്ഥാപനത്തിൽ നടത്തിയ പരിശോധനയിൽ കംപ്യൂട്ടർ, ലാപ്ടോപ്പ്, പ്രിന്റർ, ലാമിനേഷൻ മെഷീൻ, സർട്ടിഫിക്കറ്റുകൾ പ്രിന്റ് ചെയ്യാനുള്ള പേപ്പർ എന്നിവയും കണ്ടെടുത്തു.
മൊമെന്േറാകളും മറ്റും പ്രിന്റ് ചെയ്യുന്നതിന്റെ മറവിൽ മൊയ്തീൻകുട്ടി വ്യാജ സർട്ടിഫിക്കറ്റുകളും മറ്റും നിർമിച്ചു വിൽപ്പന നടത്തിവരികയായിരുന്നു. സർട്ടിഫിക്കറ്റുകൾ വിദഗ്ധമായി നിർമിക്കുന്ന ഇയാൾക്കു ഏഴാം ക്ലാസ് ആണ് വിദ്യാഭ്യാസ യോഗ്യത.
യൂണിവേഴ്സിറ്റി അധികാരികൾ, ആർടിഒ എന്നിങ്ങനെയുള്ളവരുടെ ഒപ്പുകൾ ഒറ്റനോട്ടത്തിൽ മനസിലാക്കാനും അതുപോലെത്തന്നെ ആർക്കും മനസിലാകാത്തരീതിയിൽ സർട്ടിഫിക്കറ്റിൽ ഇടാനും സീൽ, കംപ്യൂട്ടറിൽ തന്നെ നിർമിച്ച് പതിപ്പിക്കാനും വിദ്ഗ്ധനാണ് ഇയാൾ.
ഇത്തരം സർട്ടിഫിക്കറ്റുകൾക്ക് ഓർഡറുകൾ വിദേശത്തു നിന്നു പോലും വരുന്നുണ്ട്. നാട്ടിൽ ഇതരസംസ്ഥാനത്തൊഴിലാളികൾക്കും സർട്ടിഫിക്കറ്റുകൾ നിർമിച്ചു നൽകുന്നതായി വിവരമുണ്ട്.
വ്യാജമായി വാഹനങ്ങളുടെ ആർസികൾ, ലൈസൻസുകൾ, വിവാഹ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ, വിവിധ യൂണിവേഴ്സിറ്റികളുടെ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റുകളും പല സ്ഥാപനങ്ങളുടെയും അധികാരികൾ നൽകുന്ന ജോലി പരിചയസർട്ടിഫിക്കറ്റുകൾ, എന്നിവ വ്യാജമായി നിർമിച്ച് 10,000 മുതൽ 25,000 വരെ രൂപയ്്ക്കാണ് വിൽക്കുന്നത്.
ആവശ്യക്കാരെ കണ്ടെത്താനും പണം വാങ്ങുന്നതിനുമായി പല സ്ഥലങ്ങളിലായി ട്രാവൽസ് ഏജന്റുമാരുൾപ്പെടെയുള്ള സംഘം ഇടനിലക്കാരായി പ്രവർത്തിക്കുന്നതായും ഇവരെക്കുറിച്ചുള്ള വിവരങ്ങൾ പ്രതികളിൽ നിന്നു ലഭിച്ചതായും പോലീസ് അറിയിച്ചു.
സർട്ടിഫിക്കറ്റുകൾ വാങ്ങിയവരെക്കുറിച്ചും പോലീസിനു വിവരങ്ങൾ ലഭിച്ചു. ഇതേക്കുറിച്ചു അന്വേഷണം നടത്തുമെന്നു ഡിവൈഎസ്പി പി.സി. ഹരിദാസൻ അറിയിച്ചു.
മൊയ്തീൻകുട്ടിയുടെ പേരിൽ മലപ്പുറം, താനൂർ, പെരിന്തൽമണ്ണ, നിലന്പൂർ, മണ്ണാർക്കാട്, നെൻമാറ, പൊന്നാനി, മഞ്ചേരി, കോഴിക്കോട് നല്ലളം, എറണാകുളം എന്നിവിടങ്ങളിൽ ഇതേ കേസുകൾ നിലവിലുണ്ട്. 2015 ൽ പെരിന്തൽമണ്ണയിൽ തന്നെയാണ് അവസാനമായി അറസ്റ്റ് ചെയ്തത്.
ഈ കേസുകളിലെല്ലാം ജാമ്യത്തിലിറങ്ങിയതാണ്. പ്രത്യേക അന്വേഷണ സംഘത്തിലെ സി.പി മുരളീധരൻ, ടി. ശ്രീകുമാർ, എൻ.ടി കൃഷ്ണകുമാർ, എം.മനോജ്കുമാർ, കെ.സുകുമാരൻ, ഫൈസൽ, സുനിജ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.