ഒടുവില്‍ കോഴിയ്ക്കും ‘സിസേറിയന്‍’ ! കൊല്ലം ജില്ലാ വെറ്റിനറി ഹോസ്പിറ്റലില്‍ സിസേറിയന്‍ നടത്തിയത് മുട്ട ഉള്ളില്‍ കുടുങ്ങിയ കോഴിയ്ക്ക്…

കോഴിയ്ക്കും സിസേറിയന്‍ നടത്തുമോ ? എന്നാണ് ചോദ്യമെങ്കില്‍ നടത്തും എന്നാണ് ഉത്തരം. കോഴിയുടെ വയറ്റില്‍ കുടുങ്ങിയ രണ്ട് മുട്ടകളാണ് ഡോക്ടര്‍മാര്‍ അപൂര്‍വ ശസ്ത്രക്രിയയിലൂടെ പുറത്തടുത്തത്. ഒരു മുട്ട സ്വാഭാവികമായി പുറത്തേക്ക് എടുത്തപ്പോള്‍ മറ്റൊന്ന് സിസേറിയന്‍ ചെയ്ത് പുറത്തെടുക്കുക ആയിരുന്നു. കൊല്ലം ജില്ലാ വെറ്ററിനറി കേന്ദ്രത്തിലാണു കോഴികളില്‍ അപൂര്‍വമായി നടത്തുന്ന ഈ ശസ്ത്രക്രിയ നടത്തിയത്.

കോഴിയ്ക്കു മുട്ടയിടാന്‍ കഴിയാതെ വന്നതോടെയാണ് ഉടമ കോഴിയുമായി ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെത്തിയത്. തുടര്‍ന്നു നടത്തിയ എക്സ്റേ പരിശോധനയില്‍ ഉള്ളില്‍ രണ്ടു മുട്ടകള്‍ കുടുങ്ങിയതായി കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് അനസ്‌തേഷ്യ നല്‍കി സ്വാഭാവിക രീതിയില്‍ ഒരു മുട്ട പുറത്തെടുത്തു. എന്നാല്‍ കോഴിയുടെ രണ്ടാമത്തെ മുട്ട എടുക്കാന്‍ സാധിച്ചില്ല. അതു പുറത്തെടുക്കാനാണു ശസ്ത്രക്രിയ നടത്തിയത്.

എഗ് ബൗണ്ട് കണ്ടിഷന്‍ എന്ന അവസ്ഥ സ്വാഭാവികമാണെങ്കിലും രണ്ട് മുട്ടകള്‍ ഉള്ളില്‍ കുടുങ്ങുന്നത് അപൂര്‍വമാണെന്നു സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ.ബി.അജിത് ബാബു പറഞ്ഞു. വെറ്ററിനറി കേന്ദ്രത്തിലെ ഡോ.നിജിന്‍ ജോസ്, ഡോ.രേവതി, ജൂനിയര്‍ ഡോക്ടര്‍മാരായ അജയ് പി.കുര്യാക്കോസ്, അനീസ് ഇബ്രാഹിം എന്നിവര്‍ ശസ്ത്രക്രിയയ്ക്കു നേതൃത്വം നല്‍കി. എന്തായാലും കേരളത്തില്‍ ഇത്തരമൊരു സംഭവം ആദ്യമാണെന്നാണ് വിവരം

Related posts

Leave a Comment