പേവിഷബാധ ഭയന്ന് ശ്രീകാര്യത്തെ എഞ്ചിനീയറിങ് കോളജ് അടച്ചു. തിങ്കളാഴ്ച ഒരുദിവസത്തേക്കാണ് കോളജ് അടച്ചിട്ടത്.
കഴിഞ്ഞ ദിവസം ക്യാംപസിനകത്ത് കടന്നു കയറിയ പേപ്പട്ടി അകത്തുള്ള നിരവധി തെരുവുനായ്ക്കളെ കടിച്ചിരുന്നു. ഇതോടെയാണ് കോളജ് അടച്ചിടാന് അധികൃതര് തീരുമാനിച്ചത്.
വിദ്യാര്ത്ഥികളുടെയും കോളേജ് ജീവനക്കാരുടെയും അധ്യാപകരുടെയും സുരക്ഷ കണക്കിലെടുത്താണ് അവധി പ്രഖ്യാപിച്ചതെന്നും നേരത്തെ തീരുമാനിച്ച പരീക്ഷകള്ക്ക് മാറ്റമില്ലെന്നും കോളേജ് അധികൃതര് അറിയിച്ചു.
ഇതുവരെ കോളേജിനകത്തുളള നായ്ക്കള്ക്ക് വാക്സിനേഷന് നല്കിയിരുന്നെന്ന് പീപ്പിള് ഫോര് അനിമല്സ് സംഘടനയുടെ പ്രവര്ത്തകര് പറഞ്ഞു.
ക്യാംപസിനകത്തുളള തെരുവുനായ്ക്കളെ പിടിക്കാന് നഗരസഭയുടെ നേതൃത്വത്തില് നടപടികള് ആരംഭിച്ചിട്ടുണ്ട്. ഈ നായ്ക്കളെ പിടികൂടി സുരക്ഷിത ക്യാംപിലേക്ക് മാറ്റാനാണ് തീരുമാനം.
5500ലേറെ വിദ്യാര്ത്ഥികള് പഠിക്കുന്ന ക്യാംപസില് തെരുവുനായ ശല്യം രൂക്ഷമാണ്. നിരവധി തവണ പരാതി നല്കിയിട്ടും നടപടികളുണ്ടായില്ലെന്നാണ് വിദ്യാര്ത്ഥികളുടെ ആരോപണം.