കുമരകം: കാർ നിയന്ത്രണംവിട്ടു ബൈക്കിലിടിച്ചു മരിച്ച ദന്പതികളുടെ മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളജിലെ പോസ്റ്റുമോർട്ടത്തിനുശേഷം ഇന്നു ബന്ധുക്കൾക്കു വിട്ടുനല്കും.
കൈപ്പുഴമുട്ട് മഞ്ചാടിക്കരി ഇടങ്ങലശേരി ജെഫിൻ (32), ഭാര്യ സുമി (30) എന്നിവരാണ് മരിച്ചത്.
അപകടത്തിൽ മക്കളായ ആൽഫിൽ (മൂന്നര) വലതു കാൽ ഒടിഞ്ഞും ആൽഫിയ (ഒന്ന്)പരിക്കേറ്റും കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
ഇന്നലെ വൈകുന്നേരം അഞ്ചിന് ചീപ്പുങ്കൽ കൈപ്പുഴമുട്ട് റോഡിൽ പോളക്കുളം ബാറിനു സമീപം ഇവർ സഞ്ചരിച്ചബൈക്കിൽ നിയന്ത്രണം വിട്ട കാർ വന്നിടിക്കുകയായിരുന്നു.
അപകടത്തിൽ റോഡിലേക്കു തെറിച്ചുവീണ ഇവരെ നാട്ടുകാർ ചേർന്നു കോട്ടയം മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും രാത്രിയോടെയാണ് ഇവർ മരണപ്പെട്ടത്.
ജെഫിനും കുടുംബവും ഇപ്പോൾ മല്ലപ്പള്ളിയിലാണ് താമസം. ഇന്ന് നടക്കുന്ന അനുജന്റെ വിവാഹ വിരുന്നിൽ പങ്കെടുക്കാനായി വരുന്പോഴാണ് അപകടമുണ്ടായത്.
അപകടത്തിനിടയാക്കിയ കാർ ഡ്രൈവറെ ഗാന്ധിനഗർ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ചീപ്പുങ്കൽ മുതൽ കൈപ്പുഴമുട്ട് വരെ വാഹനങ്ങൾ അതിവേഗത്തിലാണ് സഞ്ചരിക്കുന്നതെന്നും അടുത്ത കാലത്ത് നിരവധി അപകടങ്ങളാണ് ഇവിടെ ഉണ്ടായതെന്നും നാട്ടുകാർ പറയുന്നു.
വേഗത നിയന്ത്രണ സംവിധാനങ്ങൾ ഈ ഭാഗത്ത് സ്ഥാപിക്കണമെന്നാണ് ഇവരുടെ ആവശ്യം. ശക്തമായിട്ടുണ്ട്.
കണ്ണീർപൂക്കളായി പിഞ്ചോമനകൾ
വൈക്കം: മാതാപിതാക്കൾ വാഹന അപകടത്തിൽ മരണപ്പെട്ടതോടെ പിഞ്ചോമനകൾ തനിച്ചായി.
കുമരകം ചീപ്പുങ്കലിൽ നിയന്തണം വിട്ട കാർബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ വൈക്കം കുടവെച്ചൂർ കിടങ്ങനശേരിയിൽ നെബു പൊന്നമ്മ ദന്പതികളുടെ മകൻ ജെഫിൻ, ഭാര്യ സുമി എന്നിവർ മരണപ്പെട്ടതോടെയാണ് മൂന്നര വയസുകാരൻ ആൽഫിനും ഒരു വയസുകാരി ആൽഫിയയും തനിച്ചായത്.
അപകടത്തിൽ ആൽഫിന്റെ കാലിന് ഗുരുതരമായി പരിക്കേറ്റു. ഒന്നര വയസുകാരി മകൾ ആൽഫിയ അത്ഭുതകരമായി രക്ഷപെട്ടു.
പെയിന്റിംഗ് തൊഴിലാളിയായ ജെഫിനായിരുന്നു കുടുംബത്തിന്റ ആശ്രയം. മാതാവ് പൊന്നമ്മ അസുഖ ബാധിതയാണ്.
പൊന്നോമനകളെ തനിച്ചാക്കി മകനും മരുമകളും പോയെന്ന് പൊന്നമ്മയ്ക്കും ഭർത്താവ് നെബുവിനും ഇളയ മകൻ സ്റ്റെഫിനും ഇനിയും വിശ്വസിക്കാനാകുന്നില്ല.
ബന്ധുക്കൾക്കും നാട്ടുകാർക്കും പ്രിയങ്കരനായിരുന്ന ജെഫിനും എല്ലാവരോടും സൗഹൃദത്തോടെ പെരുമാറിയിരുന്ന സുമിയും ഇനിയില്ലെന്ന നൊന്പരം വെച്ചൂർ നിവാസികളെയും കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.