അടൂർ: ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ഏനാത്ത് സ്വദേശിക്ക് നല്കാനായി ചാരായം എ ത്തിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ.
ആലപ്പുഴ തലവടി മൂലേപ്പടി കുറ്റിയിൽ വീട്ടിൽ ഷിബു മാത്യു (37), ഭാര്യ പാലക്കാട് കണ്ണംപ്ര വളയം വീട്ടിൽ സൗമ്യ (32) എന്നിവരാണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡു ചെയ്തു. ഇവരിൽ നിന്നും 16 ലിറ്റർ ചാരായം പോലീസ് പിടിച്ചെടുത്തു.
ബുള്ളറ്റിൽ അഞ്ച് ലിറ്റർ വീതം രണ്ട് കന്നാസുകളിലും ഒരു ലിറ്റർ വീതം ആറ് മിനറൽ വാട്ടർ കുപ്പിയിലുമാണ് വ്യാജചാരായം സൂക്ഷിച്ചിരുന്നത്.
ആവശ്യക്കാരായി വിളിച്ച ഏനാത്ത് സ്വദേശി പോലീസിൽ വിവരം അറിയിച്ചതോടെ ഏനാത്ത്പോലീസ് ഇവർക്കായി വലവിരിക്കു കയായിരുന്നു.
പാലായിലാണ് ഇവർ വാടകയ്ക്ക് താമസിച്ചിരുന്നത്. അവിടെ നിന്നും ഏനാത്ത് എത്തിയ ഇവരെ തിങ്കളാഴ്ച രാത്രി ഏഴിനാണ് പിടികൂടുന്നത്.
ഇവരെത്തുമെന്നറിഞ്ഞതോടെ പോലീസ് വാഹന പരിശോധന ശക്തമാക്കി. സംശയമുള്ള വാഹനങ്ങൾ ഒന്നാകെ പരിശോധിച്ചു.
ഇതിനിടയിൽ പോലീസ് വലയിൽ ഇവർ വീഴുകയായിരുന്നു. ഈ രീതിയിൽ ഇവർ നേരത്തേയും ചാരായം കടത്തിയിരുന്നോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. ഏനാത്ത് സിഐ പി.എസ്. സുജിത്തിന്റെ നേതൃത്വത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.