ചെറുതോണി: പ്രായാധിക്യത്താലും രോഗത്താലും ക്ലേശിക്കുന്ന വയോധികയെ ആശുപത്രിയിലെത്തിക്കാൻപോലും ഗതാഗതസൗകര്യമില്ലാതെ മക്കൾ വലയുന്നു.
മണിയാറൻകുടി സ്കൂൾസിറ്റി സ്വദേശി പുളിവേലിൽ പരേതനായ നാണുക്കുട്ടന്റെ ഭാര്യ ഭവാനി(96)യെയാണ് മക്കളും നാട്ടുകാരുംചേർന്ന് കസേരയിൽ ഇരുത്തി ചുമന്ന് റോഡിലെത്തിച്ച് ആശുപത്രിയിൽ കൊണ്ടുപോകുന്നത്. ജില്ലാ ആസ്ഥാനത്തിന് പത്തുകിലോമീറ്റർ ഉള്ളിലാണ് ഈ ദയനീയ സംഭവം.
ഇടുക്കി -ഉടുന്പന്നൂർ റോഡിലേക്ക് ഇവരുടെ വീട്ടിൽനിന്നും നൂറ്റന്പത് മീറ്ററോളം ദൂരമേയുള്ളൂ. എന്നാൽ ചെങ്കുത്തായ കയറ്റമായതിനാൽ റോഡ് നിർമിക്കുക സാധ്യമല്ല.
60 വർഷത്തിലധികമായി നാട്ടുകാരും സ്കൂൾ വിദ്യാർഥികളും ഉപയോഗിക്കുന്ന നടപ്പുവഴിയുണ്ട്. ഇതിലെയാണ് ഭവാനിയെ കസേരയിൽ ചുമന്നുകൊണ്ടുപോകുന്നത്.
മണിയാറൻകുടി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന്റെ സമീപത്തുകൂടിയാണ് നാട്ടുകാർ വർഷങ്ങളായി സഞ്ചരിക്കുന്നത്. ജില്ലാ പഞ്ചായത്ത് റോഡ് നിർമിക്കാൻ ഫണ്ട് നൽകാമെന്ന് അറിയിച്ചിട്ടുമുണ്ട്.
എന്നാൽ സ്കൂളിനോടു ചേർന്നുള്ള തോടിന് സംരക്ഷണഭിത്തി നിർമിച്ചാൽ സമീപവാസികളുടെ പുരയിടത്തിലൂടെ റോഡുനിർമിച്ച് വാഹനം കടത്തിക്കൊണ്ടുപോകാനാവും.
തോട് കരിങ്കല്ലിനു കെട്ടി സ്കൂളിനു സംരക്ഷണമൊരുക്കാൻ ജില്ലാപഞ്ചായത്ത് 15 ലക്ഷം രൂപയും അനുവദിച്ചിരുന്നു. സംരക്ഷണഭിത്തി നിർമിച്ചാൽ ഇതിനു മുകളിലൂടെ കോണ്ക്രീറ്റ് സ്ലാബ് സ്ഥാപിച്ച് റോഡ് നിർമിക്കാമെന്നാണ് നാട്ടുകാർ പറയുന്നത്. ഇതിനാണ് ജില്ലാ പഞ്ചായത്ത് അനുമതി ലഭിച്ചിരിക്കുന്നത്.
സ്കൂൾ അതിർത്തിയിലൂടെ മൂന്നടി വീതിയിൽ പൊതുവഴിക്ക് വർഷങ്ങൾക്കുമുന്പേ അനുമതി ലഭിച്ചിരുന്നതാണെന്നും പ്രദേശവാസികൾ പറയുന്നു.
സ്കൂളിനായി സ്ഥലം വിട്ടുനൽകിയവർക്കാണ് ഇപ്പോഴും പുറംലോകത്തേക്ക് എത്താൻ വഴിയില്ലാത്തത്. സ്കൂൾ വിദ്യാർഥികൾ കാൽനടയായി എളുപ്പമാർഗം സ്കൂളിലെത്താൻ ആശ്രയിക്കുന്നതും ഈ നടപ്പുവഴിയെയാണ്.
ചിറക്കത്താഴത്തുപടി- പുളിവേലിപ്പടി റോഡ് യാഥാർഥ്യമാക്കിയാൽ വയോധികരേയും രോഗികളെയും ആശുപത്രിയിലെത്തിക്കാനും മറ്റുമുള്ള പ്രദേശവാസികളുടെ ബുദ്ധിമുട്ടിന് പരിഹാരമാകുമെന്നാണ് നാട്ടുകാർ പറയുന്നത്.