ചെറുതോണി: തകർന്ന റോഡിന്റെ ശോച്യാവസ്ഥ കരൾ അലിയിപ്പിച്ചുകളഞ്ഞു മൂവർ കുട്ടിസംഘത്തിന്റെയും. കുട്ടികൾക്കു സൈക്കിൾ ചവിട്ടാനും സ്കൂളിലേക്കു നടന്നുപോകാനും ബുദ്ധിമുട്ടായ കരിന്പൻ ആന്റോപുരം റോഡിൽ സ്വയം കൈക്കോട്ടും കുട്ടയുമായി ഇറങ്ങി റോഡിലെ ഗർത്തങ്ങൾ മണ്ണിട്ടു നികത്തി യാത്രായോഗ്യമാക്കുകയായിരുന്നു കരിന്പൻ ആന്റോപുരം വരിക്കാനിതൊട്ടിയിൽ ജോഷിയുടെ മകൻ കെവിൻ(13), അയൽവാസികളും സുഹൃത്തുക്കളുമായ കൊളന്പേൽ ജിജോയുടെ മകൻ ജോർജിൻ (12), തലച്ചിറയിൽ സിനോജിന്റെ മകൻ ഡിയോണ്‍(11) എന്നിവർ. കെവിന്റെ നേതൃത്വത്തിൽ നിരത്തിലിറങ്ങിയ മൂവർസംഘം നാട്ടുകാരെപ്പോലും അതിശയിപ്പിച്ചാണ് ശ്രമദാനം നടത്തിയത്.
കെവിന്റെ സൈക്കിളിൽ തൂന്പയും കൊട്ടയും വച്ചുകെട്ടി കൈയിൽ കുപ്പിവെള്ളവുമായി റോഡിലെ കുഴികൾ മണ്ണിട്ട് നികത്താനിറങ്ങിയ സംഘം വൈകുന്നേരം ആറോടെയാണ് ജോലികഴിഞ്ഞ് വീട്ടിലെത്തിയത്. മുരിക്കാശേരിയിൽനിന്നും വന്ന വഴിയാത്രക്കാരൻ കുട്ടികളുടെ ശ്രമദാനം മൊബൈലിൽ പകർത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതോടെയാണ് കുട്ടികളുടെ സാമൂഹ്യപ്രതിബദ്ധതയുടെ നേർക്കാഴ്ച പൊതുജനമറിഞ്ഞത്.
ആന്റോപുരം-ഗൗരിസിറ്റി റോഡിന്റെ മുക്കാൽ കിലോമീറ്ററോളം ഭാഗത്തെ വലിയ കുഴികളാണ് കുട്ടികളുടെ ത്യാഗപ്രവർത്തനത്താൽ ഗതാഗതയോഗ്യമായത്. കെവിൻ വിമലഗിരി വിമല ഹൈസ്കൂളിലെ എട്ടാംക്ലാസ് വിദ്യർഥിയാണ്. ജോർജിൻ ഉപ്പുതോട് സെന്റ് ജോസഫ് ഹൈസ്കൂളിലെ ഏഴാംക്ലാസിലും ഡിയോണ്‍ മണിപ്പാറ സെന്റ് മേരീസ് യുപി സ്കൂളിൽ ആറാം ക്ലാസിലുമാണ് പഠിക്കുന്നത്.
സമൂഹമാധ്യമങ്ങളിലൂടെ വാർത്തയറിഞ്ഞ് മൂന്നു സ്കൂളുകളിലും കുട്ടികളെ അനുമോദിക്കുകയും ഉപഹാരങ്ങൾ നൽകുകയുംചെയ്തു. ആന്റോപുരം പള്ളിയിൽ വിമലഗിരി പള്ളിയിലെ അസി. വികാരി ഫാ. ജോബി പുളിക്കക്കുന്നേലും നാട്ടുകാരും അധ്യാപകരും ഉൾപ്പെടെ എത്തിയാണ് അഭിനന്ദനങ്ങൾ അറിയിച്ചത്.
റോഡിലെ കുഴികൾ മണ്ണിട്ടുനികത്തി ഗതാഗതയോഗ്യമാക്കിയ സ്കൂൾ വിദ്യാർഥികളെ സമൂഹം മാതൃകയാക്കണമെന്ന് ഇടുക്കി രൂപത കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് ഭാരവാഹികൾ അറിയിച്ചു. കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് വിദ്യാർഥികളെ അനുമോദിച്ചു. പ്രസിഡന്റ് ബിനോയി മഠത്തിലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ രൂപത വിദ്യാഭ്യാസ സെക്രട്ടറി റവ. ഡോ. ജോർജ് തകിടിയേൽ, എം.വി. ജോർജുകുട്ടി, ജിജി കൂട്ടുങ്കൽ, സിബി വലിയമറ്റം, ഷൈനി ബേബി, ഷേർളി കെ. പോൾ തുടങ്ങിയവർ പ്രസംഗിച്ചു.