തലമൂത്ത ആരാധകർ പലതുണ്ട്… ആരാധനയുടെ ഏറ്റക്കുറവ് അനുസരിച്ച് ആരാധക രാജാക്കന്മാരുമുണ്ട്… അത്തരം ആരാധക രാജാക്കന്മാരാണ് ബ്രസീൽ ഫുട്ബോൾ ടീമിന്റെ ആരാധകനായിരുന്ന അന്തരിച്ച ക്ലോവിസ് അകോസ്റ്റ ഫെർണാണ്ടസും സച്ചിൻ തെണ്ടുൽക്കറിന്റെ ആരാധകനായ സുധീർ കുമാർ ചൗധരിയുമെല്ലാം…
പാക് ക്രിക്കറ്റ് ടീമിനും സമാനമായൊരു ആരാധകനുണ്ട്. ക്രിക്കറ്റിന്റെ ചാച്ച എന്ന് അറിയപ്പെടുന്ന ചൗധരി അബ്ദുൾ ജലീൽ അറുപത്തൊന്‍പതുകാരൻ. കഴിഞ്ഞ 50 വർഷമായി പാക് ക്രിക്കറ്റ് ടീമിന്റെ പോരാട്ടങ്ങൾക്കായി ഗാലറിയിൽ ചാച്ച ഉണ്ടാകാറുണ്ട്. 300 ൽ അധികം മത്സരങ്ങളിൽ ചാച്ച ഗാലറിയിൽ ആവേശം പകർന്നിട്ടുണ്ട്. അതിന്റെ അംഗീകാരമായി അദ്ദേഹത്തിന് ഇപ്പോൾ ഗ്ലോബൽ സ്പോർട്സ് ഫാൻ അവാർഡ് ലഭിച്ചിരിക്കുന്നു.
ഇന്ത്യക്കെതിരേ പാക്കിസ്ഥാന്റെ ലോകകപ്പ് പോരാട്ടത്തിനു മുന്‍പ് അവാർഡ് അദ്ദേഹത്തിനു സമ്മാനിക്കും. ജൂണ്‍ 14ന് മാഞ്ചസ്റ്ററിലാണ് അവാർഡ് ദാന ചടങ്ങ്. ജൂണ്‍ 16ന് മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫോഡ് ക്രിക്കറ്റ് മൈതാനത്താണ് ഇന്ത്യ-പാക് തീപ്പൊരി പോരാട്ടം.