ജോണി വടക്കാഞ്ചേരി
വടക്കാഞ്ചേരി/ തൃശൂർ: കഴിഞ്ഞ പ്രളയത്തിൽ 19 പേരുടെ ജീവനപഹരിച്ച കുറാഞ്ചേരി ദുരന്തഭൂമിയിൽ ഓർമകളുടെ അശേഷിപ്പായി പാതയോരത്ത് തകർന്ന ഓട്ടോറിക്ഷ. ജെൻസനെന്ന ചാച്ചന്റെ ഓർമകളുമായി ഈ വാഹനം ഇപ്പോഴും ദുരന്തഭൂമിക്കടുത്തുതന്നെ നീണ്ട വിശ്രമത്തിലാണ്.
കുറാഞ്ചേരി നിവാസികൾക്ക് അത്ര പെട്ടെന്നൊന്നും മറക്കാനാവാത്ത, സ്മാരകമാണ് ചാച്ചൻസ് എന്ന ഈ ഓട്ടോയും പ്രളയം അവശേഷിപ്പിക്കുന്ന ഓർമകളും. കഴിഞ്ഞ ഓഗസ്റ്റ് 16 നുണ്ടായ പെരും പ്രളയം ഈ വാഹനത്തോടൊപ്പം തകർത്തെറിഞ്ഞത് നിരവധി പേരുടെ സ്വപ്നങ്ങളും അവരുടെ ജീവിതങ്ങളുമാണ്.
കുറാഞ്ചേരി മലയിടിഞ്ഞുണ്ടായ വൻ ദുരന്തത്തിൽ ചാച്ചൻസ് എന്ന പേരിൽ തട്ടുകട നടത്തിയിരുന്ന മുണ്ടൻ പ്ലാക്കൽ ജെൻസൻ (ചാച്ചൻ – 45) , ഭാര്യ സുമിത (36), മക്കളായ പെനോക്ക് (ഏഴ്), യാഫത്ത് (മൂന്ന്), മോസസ് (10), ജെൻസന്റെ സഹോദരൻ ഷാജി (48), ജെൻസന്റെ ഭാര്യാമാതാപിതാക്കളായ പാലക്കാട് വടക്കുഞ്ചേരി ആനകുഴി പാടംകള പുരയ്ക്കൽ സ്വദേശി ഫ്രാൻസീസ് (65), സാലി (60) തുടങ്ങിവരെല്ലാം ഇന്ന് കണ്ണീരോർമ മാത്രമായി മാറി. ഇവരുൾപ്പടെ 19 പേരാണ് അന്ന് മരണമടഞ്ഞത്.
ചാച്ചൻസ് തട്ടുകടയുൾപ്പടെ കെട്ടിടങ്ങളും മറ്റും ക്ഷണനേരം കൊണ്ട് അലറിയടുത്ത വെള്ളവും പാറക്കഷ്ണങ്ങളും തകർത്തടുക്കി. കടപുഴകി വന്ന മരങ്ങളും കെട്ടിടാവശിഷ്ടങ്ങളും എല്ലാം മാറ്റിയെങ്കിലും ഈ ഓട്ടോയുടെ ശേഷിച്ച ഭാഗങ്ങൾ പാതയോരത്ത് ഇപ്പോഴുമുണ്ട്. ദുരന്തങ്ങൾ ഓർക്കാനിഷ്ടപ്പെടാത്തതുപോലെ ചാച്ചന്റെ ഓട്ടോയുടെ മുകളിൽ വള്ളിച്ചെടികൾ മുളച്ചുതുടങ്ങി.
ജെൻസന്റെ (ചാച്ചൻ ) ഓട്ടോ യാത്രക്കും ഭക്ഷണശാലയിലേക്കുമായി നിരന്തരം എത്തുന്ന നാട്ടുകാർക്ക് ജെന്സൻ വളരെ പ്രിയപ്പെട്ടവൻ തന്നെയായിരുന്നു. പ്രളയ പുനർനിർമാണ പ്രവർത്തനങ്ങൾ ബാക്കി നിൽക്കുന്പോഴും ഇന്നും ഓർമയുടെ ഭാരംപേരി ബന്ധുക്കളും സുഹൃത്തുക്കുളും നാട്ടുകാരും വീണ്ടും ജെൻസന്റെയും കൂടെ യാത്രയായ മറ്റുള്ളവരുടെ ഓർമകൾക്കുമുന്പിൽ മനസുകൊണ്ടും കണ്ണീരുകൊണ്ടും ബലിയിടും.
കുറാഞ്ചേരി നിവാസികൾക്ക് സുരക്ഷിതമായ കുറേ യാത്രകൾ സമ്മാനിച്ച വാഹനം തൃശൂർ – ഷൊർണൂർ സംസ്ഥാന പാതയോരത്ത് തുടരുകയാണ്, ദുരന്തത്തിന്റെ പൊള്ളുന്ന കദനകഥകൾ അയവിറക്കി.