കണ്ണൂര്: പിണറായി സര്ക്കാരിന് ഏറ്റവുമധികം മോശം പ്രതിച്ഛായ സൃഷ്ടിച്ച കാര്യമാണ് പോലീസിലെ കെടുകാര്യസ്ഥതയും ഭീകരതയും. വിനായകന്, ശ്രീജിത്ത് എന്നിവരുടെ കസ്റ്റഡി മരണങ്ങള് പോലീസിനെതിരായ ജനവികാരം ആളിക്കത്തിച്ചു. എന്നാല് പോലീസിനെയും പോലീസ് സ്റ്റേഷനെയും നാട്ടുകാര് വീടുപോലെ കരുതുന്ന ഒരിടം ഉണ്ട് .ഇവിടെ നിയമം ലംഘിച്ചാല് കൃഷി, കഞ്ചാവടിച്ചാല് പുസ്തക വായന, നിയമവിരുദ്ധമായി സ്ഥാപിച്ച കൊടിമരങ്ങള് വിളക്കുമരമാക്കി. ചക്കരക്കല്ല് പോലീസ് സ്റ്റേഷനില് ; നടപ്പാക്കുന്ന ‘ശിക്ഷാവിധി’കള് ഇങ്ങനെയാണ്. ചക്കരക്കല് പോലീസ് സ്റ്റേഷനിലേക്ക് ആദ്യമായി കയറിച്ചെല്ലുന്ന ആരും ഒന്നമ്പരക്കും. നാട്ടിലെ ഒരു വായനശാലയിലേക്കോ മറ്റോ കയറിച്ചെല്ലുന്ന അനുഭവം. അത്രമേല് ഹൃദ്യമാണ് ഇവിടുത്തെ അന്തരീക്ഷം. അതു തന്നെയാണ് തങ്ങള് ലക്ഷ്യമിട്ടതെന്ന് എസ് ഐ പി ബിജു പറയുന്നു.
സാധാരണക്കാരന് ഭയമില്ലാതെ കയറിച്ചെന്ന് പ്രശ്നങ്ങള് പറയാനുള്ള ഇടമാക്കി പോലീസ് സ്റ്റേഷനെ മാറ്റുക എന്നതായിരുന്നു തങ്ങളുടെ ലക്ഷ്യമെന്ന് പി.ബിജു പറയുന്നു. ആദ്യം ചെയ്തത് ഒരു മ്യൂസിക് സിസ്റ്റം സ്ഥാപിക്കുകയാണ്. വൃത്തിയുള്ള ചുറ്റുപാടും ചെടികളും പൂക്കളും കിളികളുമൊക്കെയാണ് സ്റ്റേഷന്റെ മുഖച്ഛായ മാറ്റിയത്. സന്ദര്ശകര്ക്കായി പ്രത്യേകം ഇരിപ്പിടമൊരുക്കി. ബോധവത്കരണ പ്രവര്ത്തനങ്ങളുടെ വീഡിയോകള് പ്രദര്ശിപ്പിക്കുന്നു. സ്റ്റേഷനകത്തും മനോഹരമായ പെയിന്റിങ്ങുകള് സ്ഥാപിച്ചു.
കച്ചേരിപ്പടിയിലെ ഒരു ക്ലബില് രാത്രിയില് മദ്യപിച്ചു കൊണ്ടിരുന്നവരെ പൊക്കുകയും ക്ലബ് പൂട്ടുകയും ചെയ്തു. പ്രതികളെ സ്റ്റേഷനിലെത്തിച്ചപ്പോള് ക്ലബ് വീണ്ടും തുറക്കാനായി ഒരു വ്യവസ്ഥ വച്ചു.തൊട്ടടുത്തുള്ള ഒഴിഞ്ഞ സ്ഥലത്ത് ഒരാഴ്ചകൊണ്ടു വോളിബോള് കോര്ട്ടുണ്ടാക്കണം. മൂന്നു ദിവസത്തിനകം കോര്്ട്ട് തയാര് . ക്ലബ് വീ ണ്ടും തുറന്നു. വോളിബോള് കോര്ട്ടും സജീവമായി. ഇതൊരു തുടക്കമായി.കഞ്ചാവ് കടത്ത്, മദ്യപിച്ചു വാഹനമോടിക്കല് ട്രാഫിക് നിയമം ലംഘിക്കല്് തുടങ്ങിയ കേസുകളില് പിടിക്കപ്പെടുന്നവരുടെ സഹായത്തോടെ നാട്ടുമ്പുറങ്ങളില് വോളിബോള് ഷട്ടില് കോര്ട്ട് നിര്മാണം തുടങ്ങി. പഴയ കോര്ട്ടുകള് നന്നാക്കാനും പുതിയവ നിര്മിക്കാനും നാട്ടുകാര്ക്കൊപ്പം ഇത്തരം കേസുകളിലെ പ്രതികളുമുണ്ടായിരുന്നു.
രാഷ്ട്രീയപാര്ട്ടികള് അനധികൃതമായി സ്ഥാപിച്ച ഇരുന്നൂറോളം കൊടിമരങ്ങള് പിഴുതെടുത്ത്, ഈ കോര്ട്ടുകള്ക്ക് നല്കി. അവ പോസ്റ്റുകളായും ഫ്ലഡ്ലിറ്റ് ടവറുകളായും തലയുയര്ത്തിയും വെളിച്ചം വിതറിയും നില്ക്കുന്നു. സ്റ്റേഷന് പരിധിയില് വരുന്ന അഞ്ചു പഞ്ചായത്തുകളില് സജീവമായ അറുപതിലധികം വോളിബോള് ഷട്ടില് കോര്ട്ടുകള് ഇങ്ങനെ നിര്മിക്കപ്പെട്ടവയാണ്. ചില സ്ഥലങ്ങളില്. ടൂര്ണമെന്റ് നടത്താന് പോലീസ് തന്നെ മുന്്കൈയെടുത്തു. ഇടയ്ക്കു ചില പ്രതികള്ക്കു കിട്ടിയ ‘ശിക്ഷ’, പോലീസ് സ്റ്റേഷനോടു ചേര്്ന്നുള്ള കോര്ട്ടില് ഷട്ടില് കളിക്കണമെന്നതായിരുന്നു. ഇതിനൊന്നും സമ്മതിക്കാത്തവര്ക്കും പൊലീസ് ‘പണി’ കൊടുത്തു.
കളിയ്ക്കാന് താത്പര്യമില്ലാത്തവരെ പച്ചക്കറികൃഷിക്കാരാക്കുകയാണ് ചെയ്തത്. അവര്ക്ക് പച്ചക്കറി വിത്തുകള് നല്കി. എന്നിട്ട് ചെടിയുടെ ഓരോഘട്ടത്തിന്റെയും ഫോട്ടോയെടുത്ത് വാട്സ് ആപ്പില് പോലീസിനയയ്ക്കുകയും വേണം.മറ്റു ചിലര്ക്ക്, പുസ്തകം വായിക്കാന് നല്കി. പോലീസുകാര്് പിരിവെടുത്തു വാങ്ങിയ പുസ്തകങ്ങളായിരുന്നു തുടക്കത്തില് ഇതു കേട്ടറിഞ്ഞു ചില എഴുത്തുകാരും വ്യക്തികളും പുസ്തകങ്ങള്് നല്്കി.എസ്ഐയുടെ മുറിയില്; ഒരു വായനാ മൂല ഒരുക്കിയിട്ടുണ്ട്. ആയിരത്തോളം പുസ്തകങ്ങള് ഇവിടുണ്ട്. ആനുകാലിക പ്രസിദ്ധീകരണങ്ങളും. ആര്ക്കും എപ്പോള് വേണമെങ്കിലും വന്ന് വായിക്കാം. കൂടാതെ ചെറിയ കേസുകളില് പെട്ട് എത്തുന്നവര്ക്ക് ശിക്ഷക്ക് പകരം പുസ്തകങ്ങള് വായിക്കാന് നല്കുന്നു. വായനയേക്കാള് നല്ല മരുന്നില്ലല്ലോ.
കേസില് പെട്ടവരല്ലെങ്കിലും മക്കളെ നേര്വഴിക്കാക്കണമെന്ന അഭ്യര്ഥനയുമായി രക്ഷാകര്ത്താക്കള് സ്റ്റേഷനില് എത്തിത്തുടങ്ങി. ബിടെക്കുകാരനായ മകന് തന്നെയും ഭാര്യയെയും മര്്ദ്ദിക്കുന്നുവെന്നും അവനെ നേര്വഴിക്കണമെന്നും പറഞ്ഞു സ്റ്റേഷനിലെത്തിയതു വിരമിച്ച സ്കൂള് ഹെഡ്മാസ്റ്ററാണ്. മകനെ പേടിച്ചു പാലക്കാട്ടാണു താമസമെന്നും അയാള് എസ്ഐയോടു പറഞ്ഞു.അമിത മൊബൈല് ഉപയോഗവും ബൈക്കിലുള്ള കറക്കവുമൊക്കെയാണു യുവാവിനെ വഴിതെറ്റിച്ചതെന്നു മനസ്സിലാക്കിയ പോലീസ്, അവനു നല്കിയതു പുസ്തകങ്ങളായിരുന്നു കഷ്ടപ്പാടുകളില് നിന്നു വിജയം നേടിയവരുടെ ജീവിതകഥകള് ഇന്ന് യുവാവ് മാതാപിതാക്കള്ക്കൊപ്പം സ്നേഹത്തോടെ കഴിയുന്നുവെന്നു പോലീസ് പറഞ്ഞു. ഇതിനിടെ, ഒരു പുസ്തകപ്രകാശന ചടങ്ങിനും സ്റ്റേഷന് വേദിയായി.
ക്രിമിനലുകളെ നേര്വഴിക്കു നടത്തുന്നതിനായി കഴിഞ്ഞ ജൂലൈ രണ്ടിനു നടത്തിയ പരിപാടിക്കെത്തിയത് ഇരുന്നൂറോളം പേരാണ.് പോലീസ് സ്റ്റേഷനിലേക്കു ബോംബെറിഞ്ഞവര് വരെ ഇതിലുണ്ടായിരുന്നു. കല്പറ്റ നാരായണനടക്കമുള്ളര് ക്ലാസെടുത്തു. കേസില്്പ്പെട്ടവരും അവരുടെ ജീവിതാനുഭവങ്ങള്് പങ്കുവച്ചു. അന്ന് ഒരു പകല് മുഴുവന് നീണ്ട പരിപാടിയിന് പങ്കെടുത്തവര് പിന്നീട് ഇതുവരെ ഒറ്റ കുറ്റകൃത്യത്തില് പോലും ഏര്പ്പെട്ടിട്ടില്ലെന്നും ചിലരൊക്കെ, പോലീസിന്റെ ഇന്ഫോമര്്മാരാവുകയും ചെയ്തുവെന്നും പോലീസ് പറയുന്നു.
വര്ഗീയ ചേരിതിരിവുണ്ടാവാനിടയുണ്ടെന്നു കണ്ടപ്പോള് മുണ്ടേരി ഗവ. എച്ച്എസ്എസില് അഞ്ചുദിവസത്തെ നാടകോത്സവവും ഗാനമേളയും ചിത്രപ്രദര്ശനവുമൊക്കെ ഉള്പ്പെടുത്തി സാംസ്കാരികോത്സവം നടത്തുകയാണു പോലീസ് ചെയ്തത്. വമ്പിച്ച ജനക്കൂട്ടമാണു സാംസ്കാരികോത്സവത്തിനെത്തിയത്. വര്ഗീയ ചേരിതിരിവിന് ഇതോടെ മാറ്റം വന്നു. രാഷ്ട്രീയകക്ഷി നേതാക്കളുടെയും സാമൂഹികസംഘടന, ക്ലബ് ഭാരവാഹികളുടെയും കൂട്ടായ്മ രൂപപ്പെടുത്തുകയും ചെയ്തു. പുതുവല്സര രാവില് പിടികൂടിയ ചെറുപ്പക്കാരുടെ പുതുവത്സരാഘോഷം സ്റ്റേഷനിലാക്കി. പലരും രാത്രിയില് വീടുകളില് നിന്നു മുങ്ങി, ഫാസ്റ്റ്ഫുഡ് കടകളിലേക്കായിരുന്നു സഞ്ചാരം. ജില്ലാ പൊലീസ് മേധാവി ജി ശിവവിക്രമിനൊപ്പം കേക്ക് മുറിച്ചും ഉച്ചയ്ക്കു കഞ്ഞി കുടിച്ചും കഥ പറഞ്ഞും അവര് വീടുകളിലേക്കു മടങ്ങി. ഇരുപത്തിയഞ്ചോളം കുട്ടികളാണു പരിപാടിക്കെത്തിയത്.
മുണ്ടേരി പഞ്ചായത്തിലെ ഒരു പ്രദേശം മദ്യപാനികളുടെ പിടിയിലായിരുന്നു. രാത്രിയില് സ്ഥിരമായി മര്്ദിക്കുന്നതായി ഭാര്യമാരുടെ പരാതി. ഇതിനെതിരെ പ്രവര്ത്തിച്ച ഒരുമ എന്ന കൂട്ടായ്മയിലെ ഒരാളുടെ ബൈക്ക് മദ്യപാനികള് കത്തിച്ചു. അന്നു തന്നെ ഇവരെ ഒതുക്കാന് പോലീസ് തീരുമാനിച്ചു.പഞ്ചായത്തില് തരിശിട്ടിരുന്ന 77 ഏക്കര് വയലില് നെല്കൃഷി ചെയ്യാനുള്ള പദ്ധതിയില് സഹകരിക്കാനും പോലീസ് തീരുമാനിച്ചു. മൂന്ന് ഏക്കറില് ചക്കരക്കല്ല് പൊലീസ് തന്നെ നേരിട്ടു കൃഷിയിറക്കി. മദ്യപര്ക്കുള്ള അധികശിക്ഷയെന്ന നിലയില് വിളവിറക്കുന്നതു മുതലുള്ള പണികള് അവരെക്കൊണ്ടു ചെയ്യിച്ചു. മൂന്നു ടണ് നെല്ല് കിട്ടിയെന്ന് എസ്ഐ ബിജു. നെല്ല്, ‘തൊഴിലാളികള്ക്കു തന്നെ നല്കി. നെല്ലു വിളഞ്ഞതോടെ, മദ്യപരുടെ വിളയാട്ടമില്ലാതായി.
കുട്ടികള്ക്കും മുതിര്ന്നവര്ക്കുമുള്ള ബോധവല്ക്കരണ ഹൃസ്വചിത്ര പ്രദര്ശനം, നാല്പതിലധികം ആനുകാലികങ്ങള് ലഭിക്കുന്ന വായനശാല തുടങ്ങിയവയാണ് സ്റ്റേഷന് സന്ദര്ശിക്കുന്നവരെ കാത്തിരിക്കുന്നത്. നിരാലംബര്ക്ക് വീടു വച്ചു കൊടുക്കാനും അനാഥരെ ശുശ്രൂഷിക്കാനും അഡീഷനല് എസ്ഐ പികെ കനകരാജും 45 പോലീസുകാരും എസ്ഐ പി ബിജുവിനൊപ്പമുണ്ട്.ഇത്തരം സാമൂഹിക പ്രവര്ത്തനങ്ങള് ഡിജിപിയുടെ പ്രശംസ ലഭിച്ചു. ഇത് മറ്റു സ്റ്റേഷനുകളിലേക്കു കൂടി വ്യാപിപ്പിക്കണമെന്നാണ് ഡിജിപി ആവശ്യപ്പെട്ടത്. ഇതൊക്കെയുണ്ടെങ്കിലും കേസന്വേഷണത്തിലും ക്രമസമാധാന പാലനത്തിലും ബിജുവും കൂട്ടരും ഒരു വിട്ടുവീഴ്ചയും കാണിക്കാറില്ല. നാട്ടുകാര് ഒന്നടങ്കം ബിജുവിനും സംഘത്തിനും ഒപ്പമുണ്ട്.