കോട്ടയം: മേലുകാവ് ഇരുമാപ്രാ പള്ളിക്കു സമീപം യുവാവിന്റെ മൃതദേഹം കൊക്കയിൽ കണ്ടെത്തിയ സംഭവത്തിൽ അറസ്റ്റിലായ പിതാവിനെ ഇന്നു കോടതിയിൽ ഹാജരാക്കും.
മൂന്നിലവ് കൊന്നക്കൽ ചാക്കോ (പാപ്പൻ-68) ആണ് അറസ്റ്റിലായത്. ചാക്കോയുടെ ഇളയ മകൻ ജോണ്സണ് ജോബി (ഗോവിന്ദൻ – 37) ആണ് കൊല്ലപ്പെട്ടത്. ചാക്കോയെ ഇന്നു കോടതിയിൽ ഹാജരാക്കും. മദ്യപാനിയായ ജോണ്‍സന്റെ ശല്യം സഹിക്കാതെ വന്നപ്പോൾ ചാക്കോ കൊലപ്പെടുത്തുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു.
ശനിയാഴ്ചയാണ് മേലുകാവ് കോണിപ്പാട് ഇരുമാപ്രാ റോഡിൽ പള്ളിക്ക് സമീപം 20 അടിയോളം താഴ്ചയിൽ അജ്ഞാത മൃതദേഹം കണ്ടെത്തിയത്. പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. മൃതദേഹത്തിന് രണ്ട് ദിവസത്തിലേറെ പഴക്കവും വയറിൽ പ്ലാസ്റ്റിക് കയർ കെട്ടിയ നിലയിലുമായിരുന്നു.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: സ്ഥിരം മദ്യപാനിയും ലഹരിക്ക് അടിമയുമായിരുന്ന ജോണ്സണ് വെള്ളറയിലെ വീട്ടിലായിരുന്നു താമസം. വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ ഇയ്യാളുടെ മദ്യപാന ശല്യവും ഉപദ്രവവും കാരണം ഭാര്യ പിണങ്ങി കുട്ടിയുമായി പോയിരുന്നു.
ഇതിന് ശേഷം വീട് നശിപ്പിച്ചു കളഞ്ഞ ജോണ്സണ് പലപ്പോഴും മദ്യപിച്ച് വഴിയരുകിലായിരുന്നു അന്തിയുറങ്ങിയിരുന്നത്. ഇയാളുടെ ശല്യം മൂലം പിതാവ് ചാക്കോയും ഭാര്യയും ചാക്കോയുടെ മാതാവും മൂന്നിലവ് എട്ടൊന്നിൽ വാടക വീട്ടിലായിരുന്നു താമസം.
കഴിഞ്ഞ ഒൻപതിന് ചാക്കോയുടെ വീട്ടിലെത്തിയ ജോണ്സൻ പിതാവുമായി വിക്കേറ്റത്തിൽ ഏർപ്പെടുകയും ഗതികെട്ട ചാക്കോ കന്പിവടിക്ക് ജോണ്‍സന്റെ കാലിൽ അടിക്കുകയും ചെയ്തു. ഇതിൽ വൈരാഗ്യം ഉണ്ടായ ജോണ്സണ് 11 ന് രാത്രി ഒൻപതോടെ വീണ്ടും മൂന്നിലവിലെ വീട്ടിലെത്തുകയും അകത്തുള്ള സാധന സാമഗ്രികൾ നശിപ്പിക്കുകയും ചെയ്തു.
ഇതിന് ശേഷം പ്രധാന മുറിയിലിരിക്കുകയായിരുന്ന ജോണ്‍സനെ ചാക്കോ ചുറ്റിക കൊണ്ട് തലയ്ക്ക് പിന്നിൽ ഇടിക്കുകയും മറിഞ്ഞു വീണപ്പോൾ ചെവിയുടെ ഭാഗത്ത് ഇടിക്കുകയും ചെയ്തു. ജോണ്‍സനെ കൊലപ്പെടുത്തുന്നത് ചാക്കോയുടെ ഭാര്യയും മാതാവും കാണാനിടയായി.
കുഴഞ്ഞു വീണ മാതാവിനെ ചാക്കോയും ഭാര്യയും ചേർന്ന് ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
തുടർന്ന് മൃതദേഹം സഹോദരന്റെ അഞ്ചുകുടിയാറിലുള്ള വീട്ടിൽ എത്തിച്ച ശേഷം ചാക്കോ തിരികെ വാടക വീട്ടിലെത്തി പുലർച്ചെ മൂന്നോടെ ജോണ്‍സന്റെ മൃതദേഹം പ്ലാസ്റ്റിക് കയർ കെട്ടി വലിച്ച് സ്വന്തം ജീപ്പിൽ കയറ്റി മൂന്ന് കിലോമീറ്റർ അകലെയുള്ള വിജനമായ ഇരുമാപ്രായിലെ കൊക്കയിൽ തള്ളുകയായിരുന്നു.
ഇതിന് ശേഷം സഹോദരന്റെ വീട്ടിലെത്തി മാതാവിന്റെ സംസ്കാര ചടങ്ങിലും പങ്കെടുത്തു. മൃതദേഹം തിരിച്ചറിഞ്ഞ് പോലീസ് നടത്തിയ അന്വേഷണത്തിൽ 11ന് രാത്രി ഓട്ടോറിക്ഷയിൽ ജോണ്സൻ മൂന്നിലവിൽ വന്നിറങ്ങിയതായും രാത്രി വീട്ടിൽ വഴക്കുണ്ടായതായും പോലീസിന് വിവരം ലഭിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ ചാക്കോയെ ചോദ്യം ചെയ്തതോടെയാണ് കൊലപാതകം വ്യക്തമാകുന്നത്. മൂന്നിലവിലെ വാടക വീട്ടിൽ നിന്നും രക്തക്കറകൾ പോലീസിന് ലഭിച്ചിട്ടുണ്ട്. കെട്ടിവലിക്കാൻ ഉപയോഗിച്ച കയറിന്റെ ബാക്കി ഭാഗങ്ങളും കണ്ടെടുത്തിട്ടുണ്ട്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.