മാങ്കാംകുഴി: പാടത്തിന് സമീപത്തെ പാതയോരത്ത് മാലിന്യ നിക്ഷേപം വ്യാപകമായതിനെ സ്ഥലം ശുചിയാക്കി പൂന്തോട്ടവും വിശ്രമകേന്ദ്രവുമൊരുക്കി ഡിവൈഎഫ്ഐ പ്രവർത്തകർ. തഴക്കര പൈനുംമൂട് കൊല്ലകടവ് റോഡിൽ ട്രാവൻകൂർ ഓക്സിജൻ ഫാക്ടറിക്ക് സമീപം വിജനമായി കിടക്കുന്ന ചാക്കോ പാടത്തിന് സമീപത്തെ പാതയോരത്താണ് ഡിവൈഎഫ്ഐ തഴക്കര മേഖലാ കമ്മിറ്റിയുടെ പ്രവർത്തകർ ചെടികളും ഫല വൃക്ഷങ്ങളും നട്ട് മനോഹരമാക്കിയത്. നാട്ടുകാർക്കും യാത്രക്കാർക്കും വൈകുന്നേരങ്ങളിൽ ഇവിടെ ഇരുന്ന് വിശ്രമിക്കാൻ മുളകൊണ്ട് ഇരിപ്പിടങ്ങളും നിർമ്മിച്ചിട്ടുണ്ട്.
കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് ചാക്കോ എന്ന ചലച്ചിത്ര വിതരണക്കാരനെ കാറിലിട്ട് ചുട്ടുകരിച്ച സ്ഥലം ഉൾപ്പെടുന്ന പ്രദേശമാണ് ചാക്കോ പാടം. വർഷങ്ങളായി കാടുപിടിച്ച് മാലിന്യ നിക്ഷേപത്താൽ വിജനമായിക്കിടന്ന സ്ഥലത്തെ കാടുകൾ പിന്നീട് വെട്ടിത്തെളിച്ചെങ്കിലും മാലിന്യനിക്ഷേപം തടയാൻ നടപടിയുണ്ടായില്ല. ഈ ഭാഗത്തെ തെരുവ് വിളക്കുകൾ കത്താത്തതും രാത്രിയുടെ മറവിൽ മാലിന്യം തള്ളുന്നവർക്ക് സഹായമായി. ഇറച്ചി മാലിന്യങ്ങളും മത്സ്യ അവശിഷ്ടങ്ങളുമാണ് ഇവിടെ വ്യാപകമായി തള്ളിയിരുന്നത്.
രാത്രിയിൽ മാലിന്യം നിക്ഷേപിക്കാൻ എത്തിയ നിരവധിപേരെ നാട്ടുകാർ പിടികൂടി പൊലീസിന് നൽകിയിട്ടുണ്ട്. മാലിന്യ നിക്ഷേപം മൂലം പ്രദേശമാകെ ദുർഗന്ധം വമിച്ചതിനെത്തുടർന്ന് മൂക്കുപൊത്താതെ ഇതുവഴി സഞ്ചരിക്കാൻ പറ്റാത്ത അവസ്ഥയായി. പ്രദേശ വാസികൾ പ്രതിഷേധം ശക്തമാക്കിയതിനെ തുടർന്ന് പ്രദേശത്തെ പഞ്ചായത്ത് അംഗങ്ങളായ മനു ഫിലിപ്പ്, സൂര്യ വിജയകുമാർ എന്നിവർ ഇടപെട്ട് പാതയോരം വൃത്തിയാക്കുകയും കാമറ സ്ഥാപിക്കാൻ തീരുമാനിക്കുകയും ചെയ്തു.
എന്നാൽ കാമറ സമയബന്ധിതമായി സ്ഥാപിക്കാത്തതിനേതുടർന്ന് മാലിന്യം തള്ളുന്നത് വീണ്ടും പതിവായ സാഹചര്യത്തിലാണ് ഡിവൈഎഫ്ഐ പ്രവർത്തകർ പാതയോരത്ത് നാട്ടുകാരുടെ സഹായത്തോടെ പൂന്തോട്ടമൊരുക്കിയത്. ഇവിടെ നിരീക്ഷണ കാമറ സ്ഥാപിക്കാനും ഇവർ ലക്ഷ്യമിടുന്നു. പ്രദേശം നിരീക്ഷണത്തിലാണെന്നും മാലിന്യം നിക്ഷേപിക്കരുതെന്നും മുന്നറിയിപ്പ് നൽകി ബോർഡും സ്ഥാപിച്ചിട്ടുണ്ട്.