ബോക്‌സ് ഓഫീസില്‍ വന്‍ വിജയം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ് പിഷാരടി ആദ്യമായി സംവിധാനം ചെയ്യുന്ന പഞ്ചവര്‍ണ്ണതത്ത. ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ജയറാം ഏറെനാളുകള്‍ക്കുശേഷം അഭിനയമികവിലൂടെ പ്രേക്ഷകശ്രദ്ധ നേടുന്നു എന്ന പ്രത്യേകതയുമുണ്ട് ചിത്രത്തിന്. ചിത്രത്തിലെ ജയറാമിന്റെ പ്രകടനം അദ്ദേഹത്തിന്റെ പഴയ സിനിമകളെ ഓര്‍മിപ്പിക്കുന്നതാണെന്നാണ് സിനിമ കണ്ടവര്‍ അഭിപ്രായപ്പെടുന്നത്.
എന്നാല്‍ പഞ്ചവര്‍ണ്ണതത്തയ്ക്ക് മുമ്പ് അഭിനയിച്ച ചിത്രങ്ങളുടെ പേരില്‍ ജയറാം നിരവധി വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. ജയറാം അഭിനയ ജീവിതം അവസാനിപ്പിക്കാറായെന്നും വീട്ടിലിരിക്കാറായെന്നും പോലും ആളുകള്‍ പറയുകയുണ്ടായി.
എന്നാല്‍ ജയറാമിനെപ്പോലൊരു താരത്തെ എഴുതിതള്ളുക എന്നത് വളരെ മോശമാണെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് കുഞ്ചാക്കോ ബോബന്‍. സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് രമേഷ് പിഷാരടി നടത്തിയ ഫേസ്ബുക്ക് ലൈവിലൂടെയാണ് ചാക്കോച്ചന്‍ ഇക്കാര്യം പറഞ്ഞത്. ചാക്കോച്ചന്റെ വാക്കുകള്‍ ഇങ്ങനെ…
ജയറാമേട്ടന്റെ കരിയറിലെ ഏറ്റവും നല്ല ചിത്രമെന്ന അഭിപ്രായം കേള്‍ക്കുമ്പോള്‍ ഒരുപാട് സന്തോഷം തോന്നുന്നു. കാരണം ഞാനും എന്റെ കരിയറില്‍ ഉയര്‍ച്ചയും താഴ്ച്ചയും അനുഭവിച്ച വ്യക്തിയാണ്. ഒരാളെ എഴുതി തള്ളുക എന്ന് പറയുന്നത് മോശമായ കാര്യമാണ്.
എത്രയോ വര്‍ഷമായി നമ്മളെ ചിരിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യുന്ന അഭിനേതാവ് ആണ് ജയറാം. അദ്ദേഹത്തെ എഴുതി തള്ളുക വളരെ മോശമാണ്. പക്ഷേ അദ്ദേഹം വലിയ വിജയത്തിലോടെ തിരിച്ചെത്തി.
ഈ സിനിമയില്‍ ജയറാം എന്ന അഭിനേതാവിനെ മാത്രമെ കാണാന്‍ സാധിക്കൂ. ഒരു നല്ല നടന്റെ കൂടെ അഭിനയിക്കാന്‍ സാധിച്ചത് ഭാഗ്യമായി കരുതുന്നു.’കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.
നമ്മളെ എല്ലാവരെയും ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ആളാണ് പിഷാരടി. അദ്ദേഹം സിനിമ സംവിധാനം ചെയ്യുമ്പോള്‍ തമാശ മാത്രമാണ് ഏവരും പ്രതീക്ഷിക്കുക. ഹ്യൂമര്‍ ഇല്ലെന്നല്ല, എന്നാല്‍ ആരെയും വേദനിപ്പിക്കാത്ത നിഷ്‌കളങ്കമായ തമാശകളാണ് പഞ്ചവര്‍ണതത്തയില്‍ ഉള്ളത്. ചാക്കോച്ചന്‍ പറഞ്ഞു.