അധ്യാപകനാകാനാണ് കാസർഗോഡ് വെള്ളരിക്കുണ്ട് സ്വദേശിയായ ചാക്കോ ഇരുപതാം വയസിൽ മേഘാലയയിലേക്ക് ട്രെയിൻ കയറിയത്. ഡിഗ്രി കഴിഞ്ഞതേയുള്ളൂ. ബിഎഡ് എടുത്ത് പിന്നീട് അധ്യാപനത്തിലേക്ക് തിരിയുകയായിരുന്നു ചാക്കോയുടെ ലക്ഷ്യം.
മേഘാലയയിലെ ഒരു കോളജിൽ ബിഎഡിന് ചേരുകയും ചെയ്തു. കോഴ്സിന് ചേർന്ന് അഞ്ചു മാസങ്ങൾ കഴിഞ്ഞപ്പോൾ പത്രത്തിൽ ഒരു പരസ്യം കണ്ടു.
മേഘാലയ പോലീസിലേക്ക് സബ് ഇൻസ്പെക്ടർമാരെ ക്ഷണിക്കുന്നുവെന്ന്. ഒന്നും ആലോചിക്കാൻ നിന്നില്ല, അപേക്ഷിച്ചു. കിട്ടി. പിന്നെ, നടന്നതെല്ലാം സിനിമയെ വെല്ലുന്ന തിരക്കഥയായിരുന്നു.
ഇരുപത്തിയൊന്നാം വയസിൽ മേഘാലയ പോലീസിൽ സബ് ഇൻസ്പെക്ടർ ട്രെയിനിയായി ചേർന്നു. ട്രെയിനിംഗ് പൂർത്തിയായ ശേഷം വിവിധ സ്റ്റേഷനുകളിലായി ജോലി ചെയ്യുകയായിരുന്നു.
ഇക്കാലയളവിൽ മേഘാലയയിൽ ആഭ്യന്തര തീവ്രവാദം അതിശക്തമായിരുന്നു. ചെറുതും വലുതുമായ പതിനാല് തീവ്രവാദസംഘടനകൾ ചേർന്ന് ഒരു സമാന്തര ഭരണം നടത്തിയിരുന്നു.
സർക്കാരിനുതന്നെ തലവേദനയായിരുന്നു ഈ ഗ്രൂപ്പുകൾ. ഒടുവിൽ, ഇവരെ നേരിടാൻ പോലീസിന്റെ ഒരു ടീമിനെ രൂപീകരിക്കുന്നു. ടീമിൽ ചാക്കോയും ഇടംപിടിക്കുന്നു. പിന്നീട്, ഇതിന്റെ തലപ്പത്തേക്ക്. അങ്ങനെ, ചോക്ക് പിടിക്കാൻ വന്ന കൈകൾ എകെ 47 നും എസ്എൽആർ അടക്കമുള്ള ആയുധങ്ങളുമായി തീവ്രവാദികളെ അമർച്ച ചെയ്യാൻ പുറപ്പെടുന്നു.
അഞ്ഞൂറോളം ഓപ്പറേഷനുകൾ, മുന്നൂറോളം എൻകൗണ്ടറുകൾ, 30 വർഷം നീണ്ടുനിന്ന പോരാട്ടത്തിനൊടുവിൽ 2017 ഓടെ തീവ്രവാദസംഘടനകളെയെല്ലാം ചാക്കോയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം തുടച്ചുനീക്കി.
ഇതിനിടയിൽ ചാക്കോയെ തേടിയെത്തിയത് ധീരതയ്ക്കുള്ള രാഷ്ട്രപതിയുടെ പുരസ്കാരവും മേഘാലയ സർക്കാരിന്റെ നിരവധി പുരസ്കാരങ്ങളും.
അങ്ങനെ, കാസർഗോഡ് വെള്ളരിക്കുണ്ട് സ്വദേശിയായ ചാക്കോ എന്ന മലയാളി മേഘാലയ പോലീസിന്റെ ചരിത്രതാളുകളിൽ ഇടം നേടുകയായിരുന്നു. 33 വർഷമായി മേഘാലയ പോലീസിൽ ജോലി ചെയ്യുന്ന ചാക്കോ ഇപ്പോൾ അഡീഷണല്‍ സൂപ്രണ്ട് ഓഫ് പോലീസാണ്.
അധ്യാപകനാകാൻ ട്രെയിൻ കയറി
കാസര്‍ഗോഡ് ജില്ലയില്‍ വെള്ളരിക്കുണ്ട് തുളിശേരിയില് ടി.യു. ചാക്കോ-റോസമ്മ ദമ്പതികളുടെ മൂന്നാമത്തെ മകനാണ് ടി.സി. ചാക്കോ. യുപി സ്കൂൾവരെ കാസർഗോഡ് ജില്ലയിലാണ് പഠിച്ചത്.
ഹൈസ്കൂളും പ്ലസ്ടുവും തമിഴ്നാട്ടിലെ തൃശ്ശിനാപ്പള്ളിയിലും സേലത്തുമായിരുന്നു. പയ്യന്നൂർ കോളജിൽ ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടിയ ശേഷമാണ് അധ്യാപകനാകണമെന്ന ആഗ്രഹം തോന്നുന്നത്.
ഉടൻതന്നെ മേഘാലയയിലേക്ക് ട്രെയിൻ കയറുകയായിരുന്നു. കോഴ്സു തുടങ്ങി അഞ്ചുമാസം കഴിഞ്ഞപ്പോഴാണ് പത്രത്തിൽ പരസ്യം കണ്ട് മേഘാലയ പോലീസിലെ സബ് ഇൻസ്പെക്ടർ തസ്തികയിലേക്ക് അപേക്ഷിക്കുന്നത്.
എഴുത്തു പരീക്ഷയും കായിക പരീക്ഷയും അഭിമുഖവും എല്ലാം വളരെ വേഗത്തിൽ പൂർത്തിയായി. പെട്ടെന്നുതന്നെ എസ്ഐ ട്രെയിനി ആയി ചേരാൻ ഓർഡറും വന്നു.
പിന്നെ ഒന്നും ആലോചിച്ചില്ല, അധ്യാപകനാകാനുള്ള സ്വപ്നം പാതിവഴിയിലുപേക്ഷിച്ച് പോലീസിൽ സബ് ഇൻസ്പെക്്ടറായി ചേരുകയായിരുന്നു.1987 ജൂലൈ ഒന്നിന് സബ് ഇന്‍സ്പെക്ടറായി മേഘാലയ പോലീസിൽ ചാക്കോ ചേർന്നു.
തീവ്രവാദികളെ നേരിടുന്ന സംഘത്തിലേക്ക്
ട്രെയിനിംഗ് പൂർത്തിയാക്കിയതിനു ശേഷം മേഘാലയയിലെ വിവിധ സ്റ്റേഷനുകളിൽ ജോലി ചെയ്തുവരികയായിരുന്നു. ഇക്കാലയളവില്‍ മേഘാലയയില്‍ ആഭ്യന്തര തീവ്രവാദം ശക്തി പ്രാപിച്ചിരുന്നു. ജിഎൻഎൽഎ, എച്ച്എൻഎൽസി, എഎൻവിസി,ഐഎഇഎഫ്, യുഎൽഎഫ്എ തുടങ്ങി വലുതും ചെറുതുമായ പതിനാല് തീവ്രവാദസംഘടകൾ മേഘാലയയിൽ പ്രവർത്തിച്ചിരുന്നു.
പോലീസുകാരും രാഷ്ട്രീയ നേതാക്കളും ഇവരുടെ കുഴിബോംബു സ്ഫോടനത്തിലും ആക്രമണത്തിലും കൊല്ലപ്പെട്ടിരുന്നു. ഈ തീവ്രവാദ സംഘടനകളെ തുരത്താന്‍ ഒടുവിൽ കേന്ദ്രസർക്കാരിന്റെ സഹായത്തോടെ മേഘാലയ സർക്കാർ തീരുമാനിക്കുകയായിരുന്നു.
ചെറിയൊരു പോലീസ് സംഘത്തെയാണ് ആദ്യം രൂപീകരിച്ചിരുന്നത്. ഇതിലെ ഒരംഗമായി മലയാളിയായ ടി.സി. ചാക്കോ ഇടം നേടുകയായിരുന്നു. പിന്നീട്, ഓപ്പറേഷന്റെ നേതൃതലത്തിലേക്ക് വളരെ വേഗത്തിൽ എത്തി. പോരാട്ടങ്ങളുടെ 30 വർഷങ്ങൾക്കൊടുവിൽ 2019ഓടെ എല്ലാ തീവ്രവാദസംഘടനകളെയും ചാക്കോയുടെ നേതൃത്വത്തിലുള്ള ടീം അമർച്ച ചെയ്തു.
500 ഓപ്പറേഷനുകൾ,300 എൻകൗണ്ടറുകൾ
മൂന്നു മലനിരകൾ കേന്ദ്രീകരിച്ചായിരുന്നു മേഘാലയയിൽ തീവ്രവാദസംഘടനകളുടെ പ്രവർത്തനം. അതിനാൽ, ഇവിടെ കടന്നെത്തി തീവ്രവാദികളെ കീഴ്പ്പെടുത്തുക അനായാസകരമായിരുന്നില്ല. ആസാം സംസ്ഥാനവുമായി അന്തര്‍സംസ്ഥാന അതിര്‍ത്തികള്‍ പങ്കിടുന്ന മേഘാലയ ബംഗ്ലാദേശുമായി രാജ്യാന്തര അതിര്‍ത്തിയും പങ്കിടുന്നുണ്ട്.
ഘാസി, ഗാരോ, ജയിന്ത്യാ മലനിരകള്‍ കേന്ദ്രീകരിച്ചായിരുന്നു തീവ്രവാദസംഘടനകളുടെ പ്രവര്‍ത്തനം. സര്‍ക്കാരിനെക്കാള്‍ കൂടുതല്‍ അധികാരം ഗോത്രവിഭാഗങ്ങള്ക്കായിരുന്നു. ഈ ഗോത്രവിഭാഗങ്ങള്‍ പലപ്പോഴും തീവ്രവാദ വിഭാഗങ്ങളുമായി കെട്ടുപിണഞ്ഞു കിടക്കുകയായിരുന്നു.
പോലീസിനും എന്തിന് സൈന്യത്തിനുപോലും ഈ ഗോത്രവിഭാഗങ്ങളില്‍ കടക്കാന്‍ സാധിക്കില്ലായിരുന്നു. ചാക്കോയുടെ നേതൃത്വത്തില്‍ ഈ തീവ്രവാദ പ്രവര്‍ത്തനത്തെ അടിച്ചമര്‍ത്താന്‍ തീരുമാനിക്കുകയായിരുന്നു. സര്‍ക്കാരിന്റെയും പോലീസ് മേധാവികളുടെയും പൂര്‍ണ പിന്തുണയോടുകൂടി തീവ്രവാദ പ്രസ്ഥാനങ്ങള്‍ക്കെതിരേയുള്ള പോരാട്ടത്തിന് തുടക്കം കുറിക്കുകയായിരുന്നു.
00 ഓപ്പറേഷനുകളും 300 എന്കൗണ്ടറുകളുമാണ് ഈ തീവ്രവാദ പ്രസ്ഥാനങ്ങളെ അടിച്ചമര്‍ത്താന്‍ ചാക്കോയുടെ നേതൃത്വത്തില്‍ നടന്നത്. ഈ ഓപ്പറേഷനുകള്‍ക്കിടെ 43 തീവ്രവാദികളെ ഏറ്റുമുട്ടലില്‍ വധിച്ചതും ചാക്കോ തന്നെയാണ്. ഇതിന്റെ എഫ്ഐആറും സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ജീവൻ പണയം വച്ചുള്ളപോരാട്ടം
പോരാട്ടത്തിന്റെ തുടക്കത്തിൽ കമാൻഡോ പരിശീലനം നേടിയ പോലീസുകാർ ഒന്നും ഇല്ലായിരുന്നു. കൊടുംകാട്ടിൽ 20 കിലോമീറ്റര്‍വരെ ഉള്ളിലുള്ള ക്യാമ്പുകളാണ് മിക്ക തീവ്രവാദസംഘടനകൾക്കും ഉള്ളത്. മൂന്നും നാലും ദിവസങ്ങൾ വേണം തീവ്രവാദികളുടെ ക്യാന്പിലെത്താൻ.
അവിൽ മാത്രമാണ് ഭക്ഷണം. കാട്ടിൽനിന്നു വെള്ളവും കുടിക്കും. വലിയ മലകൾ കയറിയിറങ്ങി വേണം തീവ്രവാദികളുടെ ക്യാന്പിലെത്താൻ.
കാട്ടിലൂടെയുള്ള യാത്രയിൽ ആശയവിനിമയം സാധ്യമല്ല. വഴിയിൽ ആനയുടെയും കാട്ടുപോത്തിന്റെയും ആക്രമണം പ്രതീക്ഷിക്കണം. 40 മണിക്കൂർ എങ്കിലും കാട്ടിലൂടെ തുടർച്ചയായി നടക്കണം.
റോക്കറ്റ് ലോഞ്ചര്‍, മെഷീന് ഗണ്‍ അടക്കമുള്ള അത്യാധുനിക ആയുധങ്ങളാണ് തീവ്രവാദികളുടെ പക്കലുള്ളത്. സംഘബലവും പോലീസിനെക്കാൾ കൂടുതലുണ്ടാകും. അതിനാൽ, പതിയിരുന്നുള്ള ആക്രമണമാണ് നടത്തുന്നത്.
പ്ലാൻ ഒന്നു പാളിയാൽ ജീവൻ നഷ്ടമാകും. സ്വന്തം ജീവന് പണയം വച്ചാണ് ഓപ്പറേഷനുകളെല്ലാം നടത്തുന്നത്. തീവ്രവാദ സംഘടനകളുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങള്‍ ആദ്യം ശേഖരിക്കുകയാണ് ഓപ്പറേഷൻ നടത്തുന്നതിന് മുൻപ് ചെയ്യുന്നത്. അതിനു ശേഷമാണ് ഓപ്പറേഷൻ പ്ലാൻ ചെയ്യുന്നത്.
ഓപ്പറേഷനു മുൻപ് തീവ്രവാദസംഘടനകളുമായി അനുനയ ശ്രമങ്ങളും നടത്തും. ഈ ശ്രമങ്ങൾ പരാജയപ്പെട്ടാൽ മാത്രമാണ് ഓപ്പറേഷൻ ആരംഭിക്കുന്നത്.
ഓപ്പറേഷനു മുൻപ് നാട്ടുകാരുടെ പിന്തുണ നേടിയെടുക്കുന്നതിലായിരുന്നു പ്രഥമ പരിഗണന കൊടുത്തിരുന്നത്. ആദ്യമൊന്നും നാട്ടുകാരുടെ പിന്തുണ കിട്ടില്ലായിരുന്നു. എന്നാല്‍, പിന്നീട് സാവകാശം അതു നേടിയെടുക്കുകയായിരുന്നു.
ഉൾഫയുമായുള്ള ഏറ്റമുട്ടൽ
ഉൾഫ തീവ്രവാദികൾ ക്യാന്പ് ചെയ്യുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് 2015ൽ 40 പേരടങ്ങുന്ന ഒരു കമാൻഡോ സംഘവുമായിട്ടാണ് ഓപ്പറേഷന് പോയത്. തീവ്രവാദികൾ ക്യാന്പ് ചെയ്യുന്ന സ്ഥലത്തേക്ക് ഏകദേശം 28 മണിക്കൂർ നടക്കണം. അങ്ങനെ, ഓപ്പറേഷനായി യാത്രതിരിച്ചു.
രാത്രിയാകുന്പോൾ കാട്ടിൽ കിടക്കും. രണ്ടാമത്തെ ദിവസം വൈകുന്നേരമായപ്പോൾ തീവ്രവാദികളുടെ ക്യാന്പിനടുത്ത് എത്തി. ക്യാന്പ് കണ്ടപ്പോൾതന്നെ രണ്ട് സംഘങ്ങളായി പിരിഞ്ഞു. 500 മീറ്റർ ദൂരത്തിലാണ് മിക്ക ക്യാന്പുകളും സ്ഥിതി ചെയ്യുന്നത്. ആക്രമണം ഉണ്ടായാൽതന്നെ രക്ഷപ്പെടാനാണ് ഇങ്ങനെ ക്യാന്പുകൾ സ്ഥാപിച്ചിരിക്കുന്നത്.
ഇതിനിടയിൽ ചാക്കോയുടെ നേതൃത്വത്തിലുള്ള സംഘം ക്യാന്പിനടുത്ത് എത്തുന്നു. വഴിപിരിഞ്ഞ മറ്റൊരു സംഘം ക്യാന്പ് ലക്ഷ്യമാക്കി നീങ്ങുന്നതിനിടെ കിടങ്ങിൽ കുടുങ്ങി.
ചാക്കോയുടെ നേതൃത്വത്തിലുള്ള സംഘം തീവ്രവാദികളെ മുഖാമുഖം കണ്ടു. തീവ്രവാദസംഘടനകളുടെ പാസിംഗ് ഔട്ട് പരേഡ് കഴിഞ്ഞ ദിവസം അവിടെ നടന്നിരുന്നു.
പോലീസ് സംഘത്തെക്കണ്ട് അതിൽപ്പെട്ടവരാണെന്ന് തീവ്രവാദികൾ തെറ്റിദ്ധരിച്ചു. എന്നാൽ, ചാക്കോയുടെ നേതൃത്വത്തിലുള്ള സംഘം ഉൾഫ തീവ്രവാദികളുടെ ക്യാന്പ് ആക്രമിച്ചു. മൂന്നുപേരെയാണ് ചാക്കോ അന്ന് വധിച്ചത്. 2019ഓടെ മേഘാലയയില്‍ എല്ലാ തീവ്രവാദസംഘടനകളുടെയും പ്രവര്‍ത്തനം തടയാന്‍ സാധിച്ചു.
ചാക്കോയെ ലക്ഷ്യമിട്ട്തീവ്രവാദികൾ
തീവ്രവാദികളെ അടിച്ചമർത്തിയത് ചാക്കോയുടെ നേതൃത്വത്തിലാണെന്ന് അറിഞ്ഞതുമുതൽ ചാക്കോയും തീവ്രവാദികളുടെ ലക്ഷ്യമായി മാറി. ആക്രമണങ്ങള്‍ നിരവധി തവണയാണ് ചാക്കോയ്ക്ക് നേരെ ഉണ്ടായിട്ടുള്ളത്.
ബംഗളൂരുവിലെ വീട്ടിൽനിന്നും മേഘാലയയിലേക്ക് വന്നപ്പോൾ ചാക്കോയെ ലക്ഷ്യമാക്കി മൂന്ന് കുഴിബോംബുകളാണ് തീവ്രവാദികൾ സ്ഥാപിച്ചത്. എന്നാൽ, ചാക്കോയുടെ വാഹനം കടന്നു പോകുന്നതിന്റെ തൊട്ടു മുൻപ് കടന്നു പോയ പോലീസ് വാഹനം കുഴിബോംബ് പൊട്ടി തകർന്നു. 25 മിനിറ്റിന്റെ വ്യത്യാസത്തിലാണ് രക്ഷപ്പെട്ടതെന്ന് ചാക്കോ ഓർക്കുന്നു.
രാഷ്ട്രപതിയുടെ മെഡലുകൾ
ധീരതയ്ക്കുള്ള രാഷ്ട്രപതിയുടെ നാലു മെഡലുകളും ചാക്കോയ്ക്ക് ലഭിച്ചിട്ടുണ്ട്. പ്രസിഡന്റ് പോലീസ് മെഡല്‍ ഓഫ് ഗാലന്ററി ഒരു പ്രാവശ്യവും പോലീസ് മെഡല്‍ ഫോര്‍ ഗാലന്ററി മൂന്നു പ്രാവശ്യവും ലഭിച്ചിട്ടുണ്ട്.
ഒരു പോലീസ് ഉദ്യോഗസ്ഥന് ലഭിക്കുന്ന ഏറ്റവും വലിയ പുരസ്കാരങ്ങളിലൊന്നാണ് ഇത്. മറ്റൊരു സംസ്ഥാനത്തെ സേവനത്തിന് ഒരു മലയാളി നേടുന്ന അപൂർവ പുരസ്കാരങ്ങളിലൊന്നാണിത്. കൂടാതെ, ഡിജിപിയുടെ 30 പ്രശസ്തി പത്രങ്ങളും ലഭിച്ചിട്ടുണ്ട്.
സിബിഐ
പോലീസ് ജീവിതത്തിനിടയിൽ അഞ്ചു വര്‍ഷം സിബിഐയില്‍ സേവനം ചെയ്തു. അഴിമതി വിരുദ്ധ സ്ക്വാഡില്‍ ബംഗളൂരു യൂണിറ്റിലായിരുന്നു സേവനം.
കുടുംബം
ബംഗളൂരുവിലാണ് താമസം. ഭാര്യ ഡെയ്സമ്മ വീട്ടമ്മയാണ്. പിന്ദു ചാക്കോ, സ്നേഹ റോസ് എന്നിവർ മക്കളാണ്.
റെനീഷ് മാത്യു