ചാക്കോ വധക്കേസിലെ പ്രതിയും പിടികിട്ടാപ്പുള്ളിയുമായ സുകുമാരക്കുറുപ്പിന്റെ ജീവിതം എന്ന മട്ടില്‍ ഒരുങ്ങുന്ന ‘കുറുപ്പ്’ എന്ന സിനിമയ്ക്കെതിരേ നിയമ നടപടിയുമായി കൊല്ലപ്പെട്ട ഫിലിം റെപ്രസന്റേറ്റീവ് ചാക്കോയുടെ ഭാര്യയും മകനും.
സിനിമ റിലീസ് ചെയ്യുന്നതിനു മുന്‍പ് കാണണമെന്നും സുകുമാരക്കുറുപ്പിനെ മഹത്വവല്‍ക്കരിക്കുന്നതോ കൊല്ലപ്പെട്ട ചാക്കോയെ അപകീര്‍ത്തിപ്പെടുത്തുന്നതോ ആയ ഒന്നും സിനിമയില്‍ ഇല്ലെന്നു ബോധ്യപ്പെടുത്തണമെന്നും ആവശ്യപ്പെട്ടാണ് ചാക്കോയുടെ ഭാര്യ ആലപ്പുഴ കരളകം ആലപ്പാട് കണ്ടത്തില്‍ ശാന്തമ്മയും (62) മകന് ജിതിനും (36) ചിത്രത്തിലെ നായകനായ ദുല്‍ഖര്‍ സല്‍മാനു വക്കീല്‍ നോട്ടിസ് അയച്ചത്.
ചാക്കോ കൊല്ലപ്പെടുമ്പോള്‍ ശാന്തമ്മ ആറുമാസം ഗര്‍ഭിണിയായിരുന്നു. ജിതിന് ഏക മകനാണ്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ടീസറില്‍, യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയാണ് സിനിമയെന്നും അതില്‍ സുകുമാരക്കുറുപ്പിന്റെ ദുഷ്പ്രവൃത്തികളെ ന്യായീകരിക്കത്തക്ക വിവരണം ഉണ്ടായിരുന്നു എന്നും അഡ്വ.ടി.ടി.സുധീഷ് മുഖേന അയച്ച വക്കീല്‍ നോട്ടിസില്‍ ആരോപിക്കുന്നു. നിര്‍മാതാവും നായകനുമായ ദുല്‍ഖര്‍ സല്‍മാന്റെ ശബ്ദത്തിലായിരുന്നു വിവരണമെന്നും വക്കീല്‍ നോട്ടിസിലുണ്ട്.