വടക്കഞ്ചേരി: ബാങ്കിൽനിന്നുള്ള ജപ്തി നോട്ടീസിനെ തുടർന്ന് കൃഷിയിടത്തിൽ ആത്മഹത്യ ചെയ്ത പാളയം ചടയപ്പന്റെ വായ്പാ ബാധ്യത എഴുതിതള്ളാൻ നടപടി സ്വീകരിക്കുമെന്ന് ബാങ്ക് അധികൃതരുടെ ഉറപ്പ്. യൂത്ത് കോണ്‍ഗ്രസ് പാർലമെന്റ് മണ്ഡലം പ്രസിഡന്റ് പാളയം പ്രദീപിന്റെ നേതൃത്വത്തിൽ പാലക്കാട് ഡിവിഷണൽ മാനേജരുമായി നടത്തിയ ചർച്ചയിലാണ് ഈ ഉറപ്പെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കൾ അറിയിച്ചു.
2012ൽ കിസാൻ ക്രെഡിറ്റ് കാർഡ് സ്കീമിൽ 50,000 രൂപയാണ് കനറാ ബാങ്ക് വടക്കഞ്ചേരി ശാഖയിൽനിന്നും ചടയപ്പൻ വായ്പയെടുത്തത്. 2015ൽ വായ്പ പുതുക്കിയിരുന്നു. രണ്ടുവർഷത്തിനുശേഷം 2017ൽ വായ്പ തിരിച്ചടയ്ക്കേണ്ടതായിരുന്നു. ഇതിനിടെ വായ്പ എഴുതിതള്ളണമെന്നാവശ്യപ്പെട്ട് കൃഷിമന്ത്രി വഴി ചടയപ്പൻ മുഖ്യമന്ത്രിക്ക് അപേക്ഷ നല്‍കിയിരുന്നെങ്കിലും ഫലമുണ്ടായില്ല.
അതേസമയം കൃഷിനഷ്ടം ആത്മഹത്യയ്ക്ക് കാരണമായ സാഹചര്യത്തിൽ സർക്കാരിൽനിന്നും വൈകാതെ തന്നെ ചടയപ്പന്റെ ആശ്രിതർക്ക് സാന്പത്തികസഹായം നല്‍കുമെന്നാണ് അറിയുന്നത്. ചടയപ്പന്റെ വായ്പ എഴുതിതള്ളാനുള്ള നടപടികളുമുണ്ടാകും.
ഡിസിസി സെക്രട്ടറി ഡോ. അർസലൻ നിസാം, അഡ്വ. ദിലീപ്, പി.കെ. നന്ദകുമാർ, ജോസ്, സുരേഷ്, സി.മുത്തു, സുദർശനൻ, ഷാനവാസ് തുടങ്ങിയവരും ചർച്ചയിൽ പങ്കെടുത്തു.