ബംഗളുരു: ഇന്ത്യക്കായി അന്താരാഷ്ട്ര ട്വന്റി20 ക്രിക്കറ്റിൽ ആറു വിക്കറ്റ് നേടുന്ന ആദ്യ താരമെന്ന റിക്കാർഡ് യുസ്വേന്ദ്ര ചാഹലിനു സ്വന്തം. ഇംഗ്ലണ്ടിനെതിരായ ആറു വിക്കറ്റ് പ്രകടനത്തോടെയാണ് ചാഹൽ റിക്കാർഡ് സ്വന്തം പേരിൽ എഴുതിയത്.
25 റണ്‍സ് വഴങ്ങിയായിരുന്നു ചാഹലിന്റെ നേട്ടം. സാം ബില്ലിംഗ്സ്, ജോ റൂട്ട്, ഓയിൻ മോർഗൻ, ബെൻ സ്റ്റോക്സ്, മോയിൻ അലി, ക്രിസ് ജോർദാൻ എന്നിവരാണ് ചാഹലിനു മുന്നിൽ ബാറ്റുതാഴ്ത്തിയത്. ശ്രീലങ്കയ്ക്കെതിരേ എട്ടു റണ്‍സിന് നാലു വിക്കറ്റ് നേടിയ ആർ.അശ്വിന്റെ ബൗളിംഗ് പ്രകടനം ബംഗളുരു ചിന്നസ്വാമി സ്റ്റേഡിയത്തിലെ ചാഹലിന്റെ പ്രകടനത്തിനുമുന്നിൽ പഴങ്കഥയായി.
ശ്രീലങ്കൻ നിഗൂഢ സ്പിന്നർ അജാന്ത മെൻഡിസാണ് ആറുവിക്കറ്റ് നേട്ടം സ്വന്തമാക്കിയിരിക്കുന്ന മറ്റൊരു ബൗളർ. മെൻഡിസ് രണ്ടുവട്ടം നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. ആറു റണ്‍സും 16 റണ്‍സും വഴങ്ങിയായിരുന്നു മെൻഡിസിന്റെ ബൗളിംഗ് പ്രകടനങ്ങൾ.