മുംബൈ: ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് ഓപ്പണർ ശിഖർ ധവാനെ പിന്തുണച്ച് പേസർ ദീപക് ചാഹർ.
ധവാന്റെ അനുഭവ സമ്പത്തും മനോഭാവവും ഗുണം ചെയ്യുമെന്നാണ് ചാഹറിന്റെ വാദം. ഇന്ത്യയുടെ രണ്ടാം ടീമിന്റെ ക്യാപ്റ്റൻ ആരാകുമെന്നുള്ള സസ്പെൻസ് തുടരുന്നതിനിടെയാണ് മുതിർന്ന താരമായ ധവാനെ പിന്തുണച്ച് ചാഹർ രംഗത്തെത്തിയത്.
“ക്യാപ്റ്റൻ സ്ഥാനത്തേക്കു ശിഖർ ഭായ് മികച്ച ഒരാളാണ്. ഏറെ നാളുകളായി അദ്ദേഹം ക്രിക്കറ്റ് കളിക്കുന്നു. അനുഭവ സമ്പത്തും ഏറെയാണ്.
എന്റെ അഭിപ്രായം ഒരു മുതിർന്ന താരം തന്നെ ക്യാപ്റ്റൻ ആകണമെന്നാണ്. ഒരു സീനിയർ താരത്തെ മറ്റുള്ളവർ ബഹുമാനിക്കുകയും അനുസരിക്കുകയും ചെയ്യും.
താരങ്ങൾ അവരുടെ ക്യാപ്റ്റനെ ബഹുമാനിക്കണം’-ചാഹർ ഒരു ദേശീയമാധ്യമത്തോടു പറഞ്ഞു.ശ്രീലങ്കയ്ക്കെതിരേ മൂന്ന് ഏകദിനങ്ങളും ഇത്രതന്നെ ട്വന്റി 20 മത്സരങ്ങളുമാണ് ഇന്ത്യക്കുള്ളത്.
ടീമിന്റെ പരിശീലകനായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകനും നാഷണല്‍ ക്രിക്കറ്റ് അക്കാഡമി തലവനുമായ രാഹുല്‍ ദ്രാവിഡ് എത്തുമെന്നാണ് വിവരം.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍, ഇംഗ്ലണ്ട് പരമ്പരകള്‍ക്കായി ഇന്ത്യന്‍ ടെസ്റ്റ് ടീം ഇംഗ്ലണ്ടിലേക്ക് പോകുന്നതിനാല്‍ പ്രത്യേക നിശ്ചിത ഓവര്‍ മത്സരങ്ങള്‍ക്കുള്ള ടീമിനെയാണ് ഇന്ത്യ, ലങ്കയിലേക്ക് അയയ്ക്കുന്നത്.
ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമില്‍ ഉള്പ്പെടാതിരുന്നവരാണ് ലങ്കന്‍ പര്യടനത്തിനുള്ള ടീമില്‍ ഉള്ളത്.