കോട്ടയം: സംസ്ഥാനത്ത് കുട്ടികൾക്കെതിരേയുള്ള ലൈംഗികാക്രമണകേസുകളും ആക്രമണവും വർധിക്കുന്നതായി റിപോർട്ട്. 2016 മുതൽ 2022 തുടക്കംവരെ സർക്കാരിന്റെ കണക്കുപ്രകാരം 22478 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഇതിൽ 19759 കേസുകളിൽ വിചാരണ നടപടി പൂർത്തിയാക്കി നാളിതുവരെ കോടതി അന്തിമവിധി പുറപ്പെടുവിച്ചവയിൽ 605 പേരെ മാത്രമേ ശിക്ഷിച്ചിട്ടുള്ളൂ.
ഇത്തരം കേസുകളിൽ സമയബന്ധിതമായി കേസ് തീർപ്പാക്കാൻ സാധിക്കാത്തത് കുട്ടികൾക്കെതിരേയുള്ള പീഡനക്കേസുകൾ വർധിക്കാൻ കാരണമാകുന്നു.
2016 കാലഘട്ടത്തിൽ 1845 കേസുകൾ മാത്രമാണ് രജിസ്റ്റർ ചെയ്തതെങ്കിൽ ഓരോ വർഷവും കേസുകൾ വർധിക്കുകയാണ്. 2017 ൽ 3493 കേസുകളും 2018ൽ 4014 കേസുകളും 2019ൽ 4522 കേസുകളുമാണ് രജിസ്റ്റർ ചെയ്തത്.
കോവിഡിനെത്തുടർന്നുണ്ടായ അടച്ചുപൂട്ടലിൽ വീടുകളിലും കുട്ടികൾക്ക് സുരക്ഷിതരല്ല. 2020ൽ സ്വന്തം വീടിനുള്ളിൽ 3732 ഉം 2021ൽ 4314 ഉം കുട്ടികൾ വിവിധ കുറ്റകൃത്യങ്ങൾക്കിരയായി.
കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം തടയാനും കടുത്ത ശിക്ഷ ഉറപ്പാക്കാനും 2012ൽ ആണ് പോക്സോ ആക്ട് നിലവിൽ വന്നത്. എന്നിട്ടുപോലും കുട്ടികൾക്കു നേരേയുള്ള ക്രൂരതകൾക്ക് ഒരു ശമനവും ഉണ്ടായില്ല.
കോടതി നടപടികൾ പൂർത്തിയാക്കി പ്രതികളെ ശിക്ഷിക്കാനും കേസുകൾ തീർപ്പാക്കാനും കാലതാമസം നേരിടുന്നു.മലപ്പുറത്ത് 2017ൽ രണ്ടാനച്ഛൻ പന്ത്രണ്ടുകാരിയെ ലൈംഗികമായി ചൂഷണം ചെയ്ത സംഭവത്തിൽ സമീപകാലത്താണ് വിധി വന്നത്.
രണ്ടു വകുപ്പുകളിലായി 10 വർഷം തടവും 20,000 രൂപ പിഴയുമാണ് പെരിന്തൽമണ്ണ അതിവേഗ പോക്സോ കോടതി പ്രതിക്ക് നൽകിയ ശിക്ഷ. പ്രതി ശിക്ഷിക്കപ്പെടാൻ കാലതാമസമെടുത്തുവെങ്കിലും കോടതിവിധി ആശ്വാസം നൽകുന്നതാണ്.
പീഡനത്തിനിരയായ പെണ്‍കുട്ടികളെ കൗണ്‍സിലുൾപ്പെടെ നൽകി സംരക്ഷിക്കാൻ സർക്കാർ സംവിധാനങ്ങൾ തയാറാകാത്തതും ഗൗരവതരമാണ്.
തേഞ്ഞിപ്പാലത്ത് പീഡനത്തിനിരയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവം ഇതിനു ഉദാഹരണമാണ്. ഒരു വർഷം മുന്‍പു കൂട്ടമാനഭംഗത്തിനിരയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവം നടുക്കത്തോടെയാണ് എല്ലാവരും കേട്ടത്.
പെണ്‍കുട്ടിക്ക് സംരക്ഷകരാവേണ്ട ബന്ധുക്കൾ ഉൾപ്പെടെയുള്ള ആറുപേർ ചേർന്നാണ് മാനംഭംഗപ്പെടുത്തിയതെന്നാണ് പോലീസ് റിപ്പോർട്ട്.
ഇവരുടെ പേരിൽ പോക്സോ ചുമത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും ഇരയാക്കപ്പെട്ട പെണ്‍കുട്ടിയുടെ മാനസികാവസ്ഥയെ പരിചരിക്കാൻ സർക്കാർ സംവിധാനങ്ങൾക്ക് സാധിച്ചിട്ടില്ലെന്നത് വ്യക്തമാണ്.
മാനഭംഗത്തിന് ശേഷം പെണ്‍കുട്ടി പലതവണ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നുവെന്നും കുട്ടിയെ സംരക്ഷിക്കണമെന്നും പലതവണ ആവശ്യപ്പെട്ടിരുന്നതായി പെണ്‍കുട്ടിയുടെ മാതാവ് മാധ്യമങ്ങൾക്ക് മുന്പിൽ കരഞ്ഞ് പറഞ്ഞിരുന്നു.