ആലത്തൂര്‍: സ്വര്‍ണ്ണ ചെയിനിലെ ചെളി കളഞ്ഞു തരാമെന്ന് പറഞ്ഞ് തട്ടിപ്പു നടത്തുന്ന സംഘം യുവതിയായ വീട്ടമ്മയെ കബളിപ്പിച്ചു. ചിറ്റിലഞ്ചേരി വട്ടോമ്പാടത്താണ് സംഭവം.ബംഗാളികളെന്ന് സംശയിക്കുന്ന മൂന്നുയുവാക്കള്‍ ഇന്നലെ കാലത്ത് 11 മണിയോടെ വീട്ടിലെത്തി. സ്വര്‍ണ്ണ ചെയിനിലെ ചെളികളഞ്ഞ് തരാമെന്നു പറഞ്ഞ് പരിചയപ്പെടുത്തി. വീട്ടമ്മയാകട്ടെ ഇവര്‍ പറഞ്ഞത് വിശ്വസിച്ചു.ഒരാള്‍ ഒരു പൊടി യുവതിയുടെ കൈയില്‍ കൊടുത്ത് മലയില്‍ തിരുമ്മി പിടിപ്പിക്കുവാനാവശ്യപ്പെട്ടു. പിന്നീട് മാല വാങ്ങി കെമിക്കലുകള്‍ ചേര്‍ത്ത ലായനിയില്‍ മുക്കി ചൂടാക്കുകയായിരുന്നു.
തുടര്‍ന്ന് മാല ലായനിയില്‍ നിന്നെടുത്ത് വീണ്ടും പൊടി തിരുമ്മി പിടിപ്പിച്ച് കാല് മണിക്കൂര്‍ സമയം കഴിഞ്ഞു തുണികൊണ്ട് തുടയ്ക്കാവൂ എന്ന് പറഞ്ഞു തിരികെ നല്കി. ഇവര്‍ പറഞ്ഞ പ്രകാരം 15 മിനിറ്റ് കഴിഞ്ഞ് ചെയിന്‍ തുടച്ചപ്പോള്‍ മാലയുടെ പല ഭാഗങ്ങളും കനം കുറഞ്ഞതായി കാണുകയും പൊടിഞ്ഞു വരാന്‍ തുടങ്ങുകയും ചെയ്തു .ഇതിനിടെ മൂവര്‍ സംഘം സ്ഥലം വിട്ടിരുന്നു.
മൂന്നേകാല്‍ പവനുള്ള മാലയില്‍ നിന്നും ഒരു പവനോളം നഷ്ടമായിട്ടുള്ളതായി സംശയിക്കുന്നു. ഇതോടെ പേടിച്ചവശയായ യുവതി ഒച്ചവെച്ചതിനെ തുടര്‍ന്ന് പരിസരവാസികള്‍ മൂവര്‍ സംഘത്തെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. യുവതിയായ വീട്ടമ്മ മാത്രമേ ഈ സമയമത്രയും വീട്ടിലുണ്ടായിരുന്നുള്ളു.