മോഷ്ടിച്ചെടുത്ത ബൈക്കുകളില്‍ കറങ്ങി സ്ത്രീകളുടെ മാലപൊട്ടിക്കുന്ന യുവാക്കളുടെ വന്‍ സംഘം കടയ്ക്കാവൂരില്‍ പിടിയില്‍.
ഒരു യുവതിയും നാലു യുവാക്കളുമാണ് പിടിയിലായത്. പള്ളിപ്പുറം പച്ചിറ ചായപ്പുറത്തുവീട് ഷഫീക് മന്‍സിലില്‍ ഷമീര്‍(21), കടയ്ക്കാവൂര്‍ വയയില്‍തിട്ട വീട്ടില്‍ അബിന്‍(21), വക്കം മരുതന്‍വിളാകം സ്കൂളിനു സമീപം അഖില്‍(20), ചിറയിന്‍കീഴ് തൊടിയില്‍വീട്ടില്‍ ഹരീഷ്(19), നിലമേല്‍ വളയിടം രാജേഷ് ഭവനില്‍ ജെര്‍നിഷ(22) എന്നിവരാണ് അറസ്റ്റിലായത്.
പോലീസ് സംഘത്തെ അക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ സാഹസികമായാണ് പോലീസ് കീഴ്പ്പെടുത്തിയത്.
പോലീസിനെ വെട്ടിച്ചുകടന്ന അബിനെ മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വക്കം റെയില്‍വേ ട്രാക്കിനു സമീപത്തെ കുറ്റിക്കാട്ടില്‍നിന്നാണ് പിടികൂടിയത്.
കഴിഞ്ഞ ശനിയാഴ്ച രാവിലെ ആറിന് കടയ്ക്കാവൂര്‍ അങ്കിളിമുക്കിനു സമീപം 80 വയസ്സുള്ള സ്ത്രീയെ ബൈക്കിലെത്തി ആക്രമിച്ച് പരിക്കേല്‍പ്പിച്ച് സ്വര്‍ണമാല കവര്‍ന്ന കേസിലാണ് അറസ്റ്റ്.
ഷമീറും അബിനുമാണ് ആദ്യം അറസ്റ്റിലായത്. പ്രതികള്‍ ഉപയോഗിച്ച ബൈക്ക് അന്ന് പുലര്‍ച്ചെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിനു സമീപത്തുനിന്നു മോഷ്ടിച്ചതാണെന്ന് പോലീസ് കണ്ടെത്തി.
മോഷ്ടിച്ച വാഹനങ്ങള്‍ രൂപമാറ്റം വരുത്തുന്നതിനും മോഷ്ടിച്ച സ്വര്‍ണാഭരണങ്ങള്‍ വില്‍ക്കുന്നതിനും പ്രതികളെ സഹായിച്ചവരാണ് അറസ്റ്റിലായ മറ്റ് മൂന്നുപേര്‍.
സ്വര്‍ണാഭരണങ്ങള്‍ വില്ക്കാന് പ്രതികളെ സഹായിച്ചിരുന്നത് ജെര്നിഷയാണ്. ഷമീര്‍, അബിന്‍ എന്നിവര്‍ മുപ്പതോളം കേസുകളില്‍ പ്രതികളാണ്.
ചാലക്കുടിയിലെ സ്വകാര്യ സ്ഥാപനത്തില്‍ അസിസ്റ്റന്റ് മാനേജരായി ജോലി നോക്കുകയാണ് ജെര്‍നിഷ. ജെര്‍നിഷ നടത്തിയിട്ടുള്ള സാമ്പത്തിക ഇടപാടുകള്‍ പരിശോധിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു.
തിരുവനന്തപുരം റൂറല്‍ എസ്.പി. ഡോ. ദിവ്യ ഗോപിനാഥിന്റെ നിര്‍ദേശപ്രകാരം വര്‍ക്കല ഡിവൈ.എസ്.പി. പി.നിയാസിനെ മേല്‍നോട്ടത്തില്‍ പ്രതികളെ പിടികൂടാന്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചിരുന്നു.
കടയ്ക്കാവൂര്‍ ഇന്‍സ്പെക്ടര്‍ വി.അജേഷ്, എസ്.ഐ. എസ്.എസ്.ദീപു, എ.എസ്.ഐ. മാഹിന്‍, പോലീസുകാരായ ശ്രീകുമാര്‍, ഷാഫി, ജ്യോതിഷ് കുമാര്‍ അനീഷ്, സുരജ, മേരി, സുജില്‍, ബിനു, സിയാദ്, ഡാനി എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. കൂടുതല്‍ അന്വേഷണത്തിനായി പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് പോലീസ് പറഞ്ഞു.
മോഷണമുതല്‍ ഉപയോഗിച്ച് ആഡംബരം ജീവിതമാണ് ഇവര്‍ നയിച്ചിരുന്നത്. മാത്രമല്ല ഗോവ, ബംഗളുരു എന്നിവിടങ്ങളില്‍ ലഹരിപ്പാര്‍ട്ടികളില്‍ പങ്കെടുക്കാനും ഇവര്‍ പണം ചെലവഴിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.
വക്കം സ്കൂളിനു പിന്‍വശത്തുള്ള വീട്ടിലാണ് പ്രതികള്‍ മോഷ്ടിച്ച ബൈക്കുകള്‍ സൂക്ഷിച്ച് രൂപമാറ്റം നടത്തിയിരുന്നത്.
ഇവര്‍ താമസിക്കുന്ന വീട്ടില്‍നിന്നു നിരവധി ബൈക്കുകളും സ്പെയര്‍ പാര്‍ട്സുകളും കണ്ടെടുത്തു. 2021 നവംബറില്‍ ഇവരുമായി തെറ്റിപ്പിരിഞ്ഞ വക്കം സ്വദേശിയുടെ വീട്ടില്‍ നാടന്‍ ബോംബെറിഞ്ഞ കേസിലും ഇവര്‍ക്ക് പങ്കുള്ളതായി പോലീസ് പറഞ്ഞു.