തിരുവനന്തപുരം: മോഷ്ടാക്കള്‍ക്ക് വീടുകളെന്നോ ബാങ്കുകളെന്നോ ആരാധനാലയങ്ങളെന്നോ വ്യത്യാസമുണ്ടാവില്ല. എന്നാല്‍ കേരളത്തിലെ പ്രധാന ആരാധനാലയങ്ങളിലെയെല്ലാം ആചാരങ്ങളും ഉത്സവങ്ങളുമെല്ലാം ജ്യോതിയെന്ന വനിതാ മോഷ്ടാവിന് കാണാപ്പാഠമാണ്. ഓണക്കാലം കഴിയുന്നതോടെ കേരളത്തില്‍ ക്ഷേത്ര ഉത്സവങ്ങള്‍ക്ക് തുടക്കം കുറിക്കുമെന്ന് അറിയാവുന്ന ജ്യോതി കാലങ്ങളായി തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലെത്തി ക്ഷേത്രങ്ങള്‍ മറയാക്കി കവര്‍ച്ച നടത്തി വരികയായിരുന്നു. ഉത്സവങ്ങളും ആരാധനയുടെ ഭാഗമായി ചടങ്ങുകളിലും തികഞ്ഞ ഭക്തയായി ജ്യോതി ഉണ്ടാവും.
ഉത്സവങ്ങളെന്നു പറഞ്ഞാല്‍ ജ്യോതിയ്ക്കു ഹരമാണ്. പ്രത്യേകിച്ച് തെക്കന്‍ കേരളത്തിലെ ഉത്സവങ്ങളെല്ലാം ജ്യോതിയ്ക്കു കാണാപ്പാഠമാണ്. അമ്പലമെന്നോ പള്ളിയെന്നോ വ്യത്യാസമില്ലതാനും. ഉത്സവം തുടങ്ങിയാല്‍ തമിഴ്നാട്ടില്‍ നിന്ന് ജ്യോതി പറന്നെത്തും തിരക്കിനിടയില്‍ എങ്ങനെയെങ്കിലും ഒന്നു രണ്ടു മാലപൊട്ടിക്കുകയും ചെയ്യും. സംസ്ഥാനത്തെ പലയിടങ്ങളില്‍ ഈ തന്ത്രം പയറ്റിയിട്ടുള്ളതിനാല്‍ മാലജ്യോതിയെന്ന വിളിപ്പേരും ലഭിച്ചു. എന്നാല്‍ ഇക്കുറി പിഴച്ചു.
നവരാത്രി ഉത്സവങ്ങളോട് അനുബന്ധിച്ച് തലസ്ഥാനത്തെ തിരക്കേറിയ ക്ഷേത്രങ്ങളില്‍ മാലപൊട്ടിക്കല്‍ ലക്ഷ്യമിട്ടെത്തിയപ്പോഴാണ് കോയമ്പത്തൂര്‍, ഗാന്ധിപുരം, പാളവാക്കം കൃഷ്ണന്‍കോവില്‍ തെരുവില്‍ ജ്യോതി (45) തമ്പാനൂര്‍ പൊലീസിന്റെ പിടിയിലായത്. നവരാത്രി ഉത്സവത്തോടനുബന്ധിച്ച് ചെന്തിട്ട ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ പുനലൂര്‍ തൊളിക്കോട് സ്വദേശി രമാദേവിയുടെ ആറുപവന്‍ മാല പൊട്ടിക്കുന്നതിനിടെയാണ് പൊക്കിയത്. മാലപൊട്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച ഇവരെ ക്ഷേത്രത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പൊലീസുകാരിയുടെ നേതൃത്വത്തില്‍ പിന്തുടര്ന്ന് പിടികൂടുകയായിരുന്നു.
ക്ഷേത്രത്തിലെ തിരക്കുള്ള ഭാഗം നോക്കി നീങ്ങുകയാണ് ജ്യോതിയുടെ രീതി. ഭക്തര്‍ തിക്കിത്തിരക്കുന്നതിനിടയില്‍ ജ്യോതി പണിതുടങ്ങും. ലക്ഷ്യം വയ്ക്കുന്ന ആളുകളുടെ പിന്നാലെ കൂടി സംശയം തോന്നാത്ത വിധത്തില്‍ പെരുമാറും. തമിഴ് ചുവ തെല്ലുമില്ലാതെ ശുദ്ധമലയാളത്തില്‍ സംസാരിക്കും. തക്കം കിട്ടുമ്പോള്‍ മാല കൈക്കലാക്കും. കൊളുത്ത് ഭാഗം വലിച്ചകറ്റിയാകും പലപ്പോഴും മാല കവരുക. പൊട്ടിച്ചാല്‍ വിളക്കിചേര്ത്താല്പോലും വിറ്റഴിക്കാനുള്ള പ്രയാസമാണ് കൊളുത്ത് ഭാഗം അകറ്റി മാല ഊരിയെടുക്കുന്നതിലേക്ക് ജ്യോതിയെ നയിച്ചത്.
സാരിയോടോ ബ്ളൗസിനോടോ ചേര്‍ത്ത് സേഫ്റ്റി പിന്നോ മറ്റോ കുത്താതെ അശ്രദ്ധമായി നടക്കുന്നവരാണ് ജ്യോതിയുടെ ടാര്‍ജറ്റ്. മാല കൈക്കലാക്കിയാല്‍ ഉടന്‍ ഒന്നുകില്‍ വസ്ത്രത്തിലോ ബ്ളൗസിനുള്ളിലോ ഒളിപ്പിക്കും. ഇതിനിടെ മാല നഷ്ടപ്പെട്ടവര്‍ ഒച്ചപ്പാടും ബഹളവുമായി സീന്‍ കബൂറായെന്നു കണ്ടാല്‍ രണ്ടും കല്‍പ്പിച്ച് ഒറ്റ വിഴുങ്ങലാണ്. പൊലീസല്ല ആരുവന്ന് പരിശോധിച്ചാലും മാല കണ്ടെടുക്കാനാകില്ല. വിഴുങ്ങിയ മാല പുറത്തുവരുന്നതുവരെ ഏതാനും ദിവസം പ്രാഥമിക കൃത്യങ്ങള്‍ ശ്രദ്ധയോടെയാണ് ജ്യോതി നിര്‍വ്വഹിക്കുക. വിഴുങ്ങിയ മുതല്‍ തിരിച്ചുകിട്ടുന്നത് വരെ ജാഗ്രത തുടരും. പുറത്തുവന്നാല്‍ കഴുകി വൃത്തിയാക്കി തമിഴ്നാട് കേന്ദ്രീകരിച്ച് മോഷണ സ്വര്‍ണം വാങ്ങുന്നവര്‍ക്ക് കൈമാറും.
കേരളത്തിനകത്തും പുറത്തുമായി അമ്പതോളം മാല, പഴ്സ് മോഷണക്കേസുകളില്‍ പ്രതിയായ ഇവര്‍ വ്യാജ വിലാസം നല്‍കിയാണ് പിടിക്കപ്പെട്ടാല്‍ പലപ്പോഴും രക്ഷപ്പെട്ടിരുന്നത്. മുമ്പ് പിടിക്കപ്പെട്ട പലകേസുകളിലും തമിഴ്നാട്ടിലെ വ്യാജ വിലാസങ്ങളില്‍ ഇവര്‍ക്കെതിരെ സമന്‍സും വാറന്റും ഉണ്ടായിട്ടുണ്ടെങ്കിലും ആളെ കണ്ടെത്താനാകാതെ മടങ്ങും. ഇത്തവണയും ജ്യോതി പല വിലാസങ്ങളും മാറിയും തിരിഞ്ഞും പറഞ്ഞെങ്കിലും ജ്യോതിയുടെ ഫോട്ടോയെടുത്ത പൊലീസ് ഇവര്‍ പറഞ്ഞത് പ്രകാരം കോയമ്പത്തൂരിലെ പൊലീസ് സ്റ്റേഷനില്‍ ഫോട്ടോ സഹിതം വിവരങ്ങള്‍ കൈമാറി മേല്‍വിലാസം സ്ഥിരീകരിച്ചശേഷമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മുമ്പ് പിടിക്കപ്പെട്ടിട്ടുള്ള കേസുകളില്‍ വ്യാജ ജാമ്യക്കാരുടെ സഹായം തേടിയും ബോണ്ട് കെട്ടിവച്ചും മുങ്ങിയ ജ്യോതിക്ക് രക്ഷകരായി നിരവധിപേരാണ് രംഗത്തെത്തുക.
തമ്പാനൂരില്‍ പൊലീസ് പിടിയിലായ ഉടന്‍ നഗരത്തിലെ ഒരു അഭിഭാഷകനെത്തി ഇവരെ ഉടന്‍ കോടതിയില്‍ ഹാജരാക്കാന്‍ പൊലീസിനുമേല്‍ സമ്മര്‍ദ്ദമായി. ചോദ്യം ചെയ്യലിനും തെളിവെടുപ്പുകള്‍ക്കും ശേഷം റിമാന്‍ഡ് റിപ്പോര്‍ട്ടുമായി പൊലീസ് കോടതിയിലെത്തും മുമ്പേ ജാമ്യാപേക്ഷയുമായി കാത്ത് നില്‍ക്കുകയായിരുന്നു അഭിഭാഷകനും കൂട്ടരും. ഇതേ രീതിയില്‍ കവര്‍ച്ച ചെയ്യുന്ന മറ്റു പലരുമുണ്ടെന്ന നിഗമനത്തിലാണ് പോലീസ്.നവരാത്രിയുള്‍പ്പെടെ തലസ്ഥാനത്തെ പ്രധാന ചടങ്ങുകളിലെല്ലാം ഇത്തരക്കായി നിരീക്ഷണം ശക്തിപ്പെടുത്താനാണ് പൊലീസിന്റെ നീക്കം.