പത്തനംതിട്ട: അമ്മയുടെ ഒക്കത്തിരുന്ന കുഞ്ഞുവാവയുടെ കൈയിലേക്ക് പത്തനംതിട്ട പോലീസ് ഇൻസ്പെക്ടർ ആർ. വി. അരുൺ കുമാർ സ്വർണച്ചെയിൻ വച്ചു കൊടുക്കുമ്പോൾ ഒന്നും തിരിയാത്ത അവൾ പാൽ പുഞ്ചിരി തൂകുകയായിരുന്നു. അമ്മ മീരയും വല്ലാത്തൊരു മാനസികാവസ്ഥയിലായിരുന്നു.
ഇന്നലെ പത്തനംതിട്ട പോലീസ് സ്റ്റേഷനിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. കഴിഞ്ഞദിവസത്തെ പത്രവാർത്ത കണ്ട് സ്റ്റേഷനിൽ എത്തിയതാണ് കുഞ്ഞുവാവയും അമ്മയും. പത്തനംതിട്ട മൈലപ്ര എസ്ബിഐ ശാഖയ്ക്ക് സമീപം നടപ്പാതയിൽ നിന്നും കഴിഞ്ഞദിവസം ഉച്ചയ്ക്ക് മണ്ണാറക്കുളഞ്ഞി കണ്ണൻ തടത്തിൽ സുഗതൻ എന്നയാൾക്ക് ലഭിച്ച സ്വർണാഭരണം പത്തനംതിട്ട പോലീസ് സ്റ്റേഷനിൽ ഏല്പിക്കുകയായിരുന്നു.
കുഞ്ഞിന്റെ കൈയിൽ കിടന്ന ചെയിൻ നഷ്ടപ്പെട്ട സങ്കടത്തോടെ കഴിയുമ്പോഴാണ് മീര വിവരം അറിയുന്നത്. പത്തനംതിട്ട പോലീസ് ഇൻസ്പെക്ടറുടെ ഫോണിൽ വിളിച്ച് സ്വർണത്തിന്റെ അടയാളവിവരവും മറ്റും പറഞ്ഞപ്പോൾ സ്റ്റേഷനിൽ എത്താൻ നിർദേശം കിട്ടി. അങ്ങനെയാണ് സ്വർണാഭരണം കൈപ്പറ്റാൻ അമ്മയും കുഞ്ഞും സ്റ്റേഷനിൽ വന്നത്.
സ്വർണം കളഞ്ഞുകിട്ടി സ്റ്റേഷനിൽ ഏല്പിച്ച സുഗതൻ, പോലീസ് സ്റ്റേഷനിൽ എത്തിയിരുന്നില്ല, അസൗകര്യമുണ്ടെന്നറിയിച്ചതിനാൽ അദ്ദേഹത്തെ കാര്യങ്ങൾ പോലീസ് ബോധ്യപ്പെടുത്തിയിരുന്നു. പോലീസ് ഉദ്യോഗസ്ഥർക്ക് ഹൃദയം നിറഞ്ഞ നന്ദി പറഞ്ഞ് സ്വർണം ഏറ്റുവാങ്ങി സ്റ്റേഷൻ വിട്ട യുവതി, സുഗതനെ തന്റെ നന്ദി അറിയിക്കണമെന്ന് പോലീസിനോട് പറയാനും മറന്നില്ല.