ആലത്തൂർ: തമിഴ്നാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന മണി ചെയിൻ തട്ടിപ്പിലൂടെ കേരളത്തിലെ മൂന്നു ജില്ലകളിൽ നിന്നായി 500 കോടിയിലേറെ രൂപ നഷ്ടപ്പെട്ടു. മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിലായി ആയിരക്കണക്കിനുപേരുടെ പണമാണ് നഷ്ടമായത്.
കോയന്പത്തൂർ, പൊള്ളാച്ചി, ചെന്നൈ തുടങ്ങിയ സ്ഥലങ്ങൾ ആസ്ഥാനമായി പ്രവർത്തിക്കുന്ന കന്പനികളുടെ പേരിലാണ് കേരളത്തിൽ വ്യാപകമായി മണിചെയിൻ ബിസിനസ് നടന്നത്. ഇതിൽ രാഷ്ട്രീയ നേതാക്കൾ കൂടി പങ്കെടുത്തതോടെ മറ്റുള്ളവർക്കും വിശ്വാസമായി. ഇതോടെയാണ് സാധാരണക്കാർ ഉൾപ്പെടെയുള്ളവർ ഇതിൽ പങ്കാളികളായത്.
ഒരു ലക്ഷം രൂപമുതൽ ഒരു കോടി രൂപവരെ നിക്ഷേപിക്കാൻ കഴിയുന്ന രീതിയിലാണ് കന്പനിയുടെ വാഗ്ദാനം. ഒരു ലക്ഷം രൂപ നിക്ഷേപിച്ചാൽ ആഴ്ച്ചയിൽ 5,000 രൂപ വീതം പത്തുമാസം ലഭിക്കും. ഇതോടെ പണം ഇരട്ടിയാകും. തുടക്കത്തിൽ നിക്ഷേപിച്ച പലർക്കും തുക വന്നു തുടങ്ങിയതോടെ ഈ ബാങ്ക് സ്റ്റേറ്റ്മെൻറ് കാണിച്ചാണ് മറ്റു പലരും ഇതിൽ ചേർന്നത്.
രാഷ്ട്രീയ നേതാക്കളുടെ ബന്ധുക്കളും സഹപ്രവർത്തകരുമാണ് ഇതിൽ കൂടുതലും നിക്ഷേപകരെ ചേർക്കാനായി രംഗത്തിറങ്ങിയത്. ഈ രീതിയിൽ നിക്ഷേപം നടത്തിയ നെന്മാറയിലെ നേതാവിന് പത്തു ലക്ഷം രൂപയാണ് നഷ്ടമായതെന്ന് പറയുന്നു.കോയന്പത്തൂരിൽ 20 ഓഫീസും പൊള്ളാച്ചിയിൽ പത്ത് ഓഫീസും ചെന്നൈയിൽ ഇതിന്റെയെല്ലാം ഹെഡ് ഓഫീസ് എന്ന രീതിയിലാണ് പത്തിലധികം കന്പനികൾ ഈ മേഖലയിൽ പ്രവർത്തിക്കുന്നത്.
കോയന്പത്തൂരിലെ ചില കന്പനികൾ കേസിൽ കുടുങ്ങിയതോടെയാണ് സംഭവം പുറത്തായത്. പാർലമെൻറ് തെരഞ്ഞെടുപ്പിനു മുന്പു വരെ പണം നിക്ഷേപിച്ചവർക്ക് ആഴ്ച്ച തോറുമുള്ള വിഹിതം ബാങ്ക് വഴിയും പണമായും നല്കിയിരുന്നു.
ഇലക്ഷൻ സമയത്ത് ഇതു രണ്ടും നിന്നതോടെയാണ് നിക്ഷേപിച്ചവർ കബളിപ്പിച്ചതായി അറിയുന്നത്. എന്നാൽ ഇപ്പോഴും ചില കന്പനികൾ നിക്ഷേപം സ്വീകരിക്കലും കൊടുക്കലും നടക്കുന്നുണ്ട്.സംഭവത്തിൽ ആദായനികുതി വകുപ്പും പോലീസ് സ്പെഷൽ ബ്രാഞ്ചും അന്വേഷണം ആരംഭിച്ചതായാണ് വിവരം. പണം നഷ്ടപ്പെട്ടവർ പരാതി പറയാൻ തയാറല്ലാത്തതിനാലാണ് അന്വേഷണം വഴിമുട്ടുന്നതെന്ന് പറയുന്നു. പണം നഷ്ടപ്പെട്ടവരിൽ റിട്ടയേഡ് പോലീസ് ജീവനക്കാരും സർവീസിലുള്ള പോലീസുകാരുമുണ്ടത്രേ.