കാഞ്ഞാണി: ഗൾഫിലുള്ള മകനു സുഖമില്ലെന്നു പറഞ്ഞ് ബസ് സ്റ്റാൻഡിൽ ബസ് കാത്തുനിന്ന വീട്ടമ്മയെ കബളിപ്പിച്ച് രണ്ടുപവന്റെ സ്വർണമാല തട്ടിയെടുത്ത സംഭവത്തിൽ അന്തിക്കാട് പോലീസ് അന്വേഷണം ഊർജിതമാക്കി. കേസുമായി ബന്ധപ്പെട്ട് കുറച്ചുപേരെ പോലീസ് ചോദ്യം ചെയ്തു. പ്രതിയെ ഉടൻ പിടികൂടുമെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞദിവസം ഉച്ചയ്ക്കു രണ്ടിനു കാഞ്ഞാണി ബസ് സ്റ്റാൻഡിലാണു സംഭവം. കണ്ടശാംകടവ് പുലാന്പുഴ നടുപറന്പിൽ രഘുവിന്റെ ഭാര്യ ഓമനയുടെ സ്വർണമാലയാണു നഷ്ടപ്പെട്ടത്.ഓമന പുലാന്പുഴ ഭാഗത്തേക്കുള്ള ബസ് കാത്തുനിൽക്കുകയായിരുന്നു. ഗൾഫ് മലയാളിയെന്നു തോന്നുന്ന വിധത്തിൽ വസ്ത്രം ധരിച്ചെത്തിയയാൾ ഓമനയോടു പരിചയമുണ്ടോയെന്നു ചോദിച്ചു.
ഇല്ലെന്നു പറഞ്ഞ് ഒഴിഞ്ഞെങ്കിലും ഓമനയുടെ മകൻ ഗൾഫിലേക്കു തിരിച്ചുപോയ വിവരം പറഞ്ഞു പരിചയഭാവത്തിൽ സംസാരിച്ചു. ഗൾഫിൽ മകന്റെ കൂട്ടുകാരനാണെന്നും ഗൾഫിലെത്തിയ മകനു സുഖമില്ലെന്നും അറിയിച്ചു. മരുന്നു വാങ്ങിനല്കിയാൽ കൊടുത്തയയ്ക്കാമെന്നും, ചികിത്സക്കു കുറച്ചുകൂടി പണം വേണമെന്നും ഇയാൾ പറഞ്ഞു. ഗൾഫിൽ നിന്ന് താൻ വന്നപ്പോൾ പണവും സാധനങ്ങളുമെല്ലാം വീട്ടിൽവച്ചുവെന്നും അച്ഛൻ വീടുപൂട്ടി പോയതിനാൽ അച്ഛൻ വന്നീട്ട് വീടു തുറക്കാൻ സാധിക്കു.
ഇതിനാൽ തന്റെ കൈയിൽ മരുന്നു വാങ്ങാൻപോലും പണമില്ലെന്ന് പറഞ്ഞുവിശ്വസിപ്പിക്കുകയായിരുന്നെന്ന് വീട്ടമ്മ പറഞ്ഞു. ഇതിനിടെ ഇയാൾ ഫോണിലൂടെ, മാല വാങ്ങിയാൽ മതിയെന്നും പണയംവച്ച് വൈകിട്ട് അഞ്ചിനുമുന്പ് തിരിച്ചുനല്കാമെന്നുമെല്ലാം പറയുന്നുണ്ടായിരുന്നു. ഒാമനയുടെ ഭർത്താവ് വരുന്നതു കാത്തുനിന്നാൽ ഗൾഫിലേക്കു മരുന്നുകൊടുത്തയയ്ക്കാൻ പറ്റില്ലെന്നും പറഞ്ഞ് മാലയുമായി മുങ്ങുകയായിരുന്നു.
അഞ്ചുമണി കഴിഞ്ഞിട്ടും മാലയോ പണമോ ലഭിക്കാതായപ്പോൾ ഒാമന ഗൾഫിലുള്ള മകനുമായി ഫോണിൽ ബന്ധപ്പെട്ടപ്പോഴാണ് കബളിപ്പിക്കപ്പെട്ട വിവരം അറിയുന്നത്. അന്തിക്കാട് പോലീസിൽ നൽകിയ പരാതിയെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചു.