ബെയ്ജിംഗ്: ഒരാൾക്കു തനിച്ചു താമസിക്കാൻ കൊട്ടാരമൊന്നും ആവശ്യമില്ലെങ്കിലും സാമാന്യം വലിപ്പമുള്ള ഒരു മുറിയെങ്കിലും വേണ്ടേ. എന്നാൽ, ചൈനയിലെ ഷാങ്ഹായിലുള്ള ഒരു ഫ്ളാറ്റ് കണ്ടാൽ മുറിയുടെ വലിപ്പമൊന്നും ഒരു പ്രശ്നമല്ലെന്നു വ്യക്തമാകും.
വെറും 53 സ്ക്വയർ ഫീറ്റ് മാത്രമാണ് ഫ്ളാറ്റിന്റെ വിസ്തീർണം! വലിപ്പം കുറവാണെങ്കിലും സൗകര്യങ്ങൾക്കൊന്നും കുറവില്ലതാനും. ബഹുനില കെട്ടിടത്തിന്റെ പടിക്കെട്ടുകൾക്ക് അടിയിലാണു മുറി ഒരുക്കിയിരിക്കുന്നത്.
ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഡൂയിനിൽ ഇതിന്റെ ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്. ശുചിമുറി, കിടക്ക, വാഷ്ബേസിൻ തുടങ്ങിയവയെല്ലാം ചിത്രങ്ങളിൽ കാണാം. കുഞ്ഞൻ ഫ്ലാറ്റാണെങ്കിലും വാടകയിൽ കുറച്ചിട്ടൊന്നുമില്ല. ഏകദേശം 300 ചൈനീസ് യുവാൻ (3,500 രൂപ) ആണത്രെ ഇതിന്റെ മാസവാടക.