ലണ്ടൻ: ചൈനയുടെ പ്രതിച്ഛായ വർധിപ്പിക്കാനും പാശ്ചാത്യരാജ്യങ്ങളടക്കമുള്ള അവരുടെ എതിരാളികളെ ഇകഴ്ത്തിക്കാട്ടാനും വൻ ശൃംഖല പ്രവർത്തിക്കുന്നതായി കണ്ടെത്തി.
സോഷ്യൽ മീഡിയകളിലെ 350നു മുകളിൽവരുന്ന വ്യാജ പ്രൊഫൈലുകൾ ഉപയോഗിച്ചാണ് ഇതു ചെയ്യുന്നത്.
ചൈനയ്ക്കു പുറത്ത് ചൈനയുടെ സ്വാധീനം വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടുകൂടിയാണ് ഈ നെറ്റ്വർക്ക് പ്രവർത്തിക്കുന്നതെന്നു സെന്റർ ഫോർ ഇൻഫർമേഷൻ റെസീലിയൻസ്(സിഐആർ) എന്ന സംഘടന ചൂണ്ടിക്കാട്ടി.
വ്യാജവാർത്ത പ്രചരിക്കുന്നതു തടയാനായി പ്രവർത്തിക്കുന്ന സംഘടനയാണിത്.
ട്വിറ്റർ, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, യൂട്യൂബ് തുടങ്ങിയ സോഷ്യൽ മീഡിയകളിലാണു വ്യാജ പ്രൊഫൈലുകൾ.
ചൈനീസ് സർക്കാരും അവിടുത്തെ മാധ്യമങ്ങളും പറയുന്ന കാര്യങ്ങൾ ആവർത്തിക്കുകയാണ് ഇവർ ചെയ്യുന്നത്.
സർക്കാരിനെ വിമർശിക്കുന്ന ചൈനീസ് വിമതരെ മോശക്കാരായി ചിത്രീകരിക്കുക, കോവിഡുമായി ബന്ധപ്പെട്ട് വ്യാജവാർത്തകൾ പ്രചരിപ്പിക്കുക,
ജോർജ് ഫ്ലോയ്ഡിന്റെ മരണമടക്കം എടുത്തുപറഞ്ഞ് അമേരിക്കയിൽ മനുഷ്യാവകാശമില്ലെന്നും വർണവിവേചനം ശക്തമാണെന്നും പറയുക,
സിൻജിയാംഗിൽ പത്തു ലക്ഷത്തോളം ഉയിഗർ മുസ്ലിംകളെ ചൈന തടവിലിട്ടിരിക്കുന്നുവെന്ന വാർത്തകൾ തെറ്റാണെന്നു പ്രചരിപ്പിക്കുക തുടങ്ങിയ കാര്യങ്ങൾ ഇവർ ചെയ്യുന്നു.
നിർമിത ബുദ്ധിയുടെ സഹായത്തോടെ കൃത്രിമമായി ആളുകളുടെ ചിത്രങ്ങളടക്കം നിർമിച്ചാണ് വ്യാജ പ്രൊഫൈലുകൾ തയാറാക്കിയിരിക്കുന്നത്. ഇതൊരു പുതിയ രീതിയാണെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.