ന്യൂയോർക്ക്: ചൈനീസ് സ്പേസ് സ്റ്റേഷൻ ടിയാൻഹെയുടെ മൊഡ്യൂൾ ഭ്രമണപഥത്തിൽ എത്തിച്ച ശേഷം നിയന്ത്രണം നഷ്ടപ്പെട്ട ലോംഗ് മാർച്ച് 5ബി റോക്കറ്റിന്റെ ഭാഗങ്ങൾ ഭൂമിയിൽ തിരികെയെത്തും.
ചൈനീസ് സ്പേസ് സ്റ്റേഷനിൽ ബഹിരാകാശ സഞ്ചാരികൾക്കു തങ്ങുന്നതിനുള്ള സൗകര്യമാണു റോക്കറ്റ് കഴിഞ്ഞയാഴ്ച ഭ്രമണപഥത്തിൽ എത്തിച്ചത്. ഇതിനുശേഷം നിയന്ത്രണം വിട്ട റോക്കറ്റ് ഭൂമിക്കുചുറ്റും വലം വയ്ക്കുകയാണ്.
90 മിനിറ്റിൽ ഒരു തവണ എന്ന സമയം കൊണ്ടാണു റോക്കറ്റ് ഭൂമിയെ വലം വയ്ക്കുന്നത്. മേയ് എട്ടോടെ റോക്കറ്റ് തിരിച്ച് ഭൂമിയുടെ ഗുരുത്വാകർഷണ വലയത്തിൽ പ്രവേശിക്കുമെന്നു യുഎസ് പ്രതിരോധ വകുപ്പ് അറിയിച്ചു.
100 അടി നീളവും 21 ടൺ ഭാരവുമുള്ള റോക്കറ്റ് ഭൂമിയിൽ എവിടെ വേണമെങ്കിലും പതിക്കാം. ഭൂമിയിൽ പതിക്കുന്നതിനു മുന്പ് കത്തിത്തീരാനും സാധ്യതയുണ്ട്.