മാവേലിക്കര: നഗരസഭാ ചെയര്‍മാന്റെ ഔദ്യോഗിക വാഹനത്തിന് താല്‍ക്കാലിക ഡ്രൈവറെ നിയമിച്ച നടപടിയോട് കൗണ്‍സില്‍ യോഗത്തില്‍ വിയോജിപ്പ്.
തനിക്ക് വിശ്വസ്തനായ ആളിനെ നിയോഗിക്കാന്‍ കൗണ്‍സില്‍ അനുമതി നല്‍കിയില്ലെങ്കില്‍ നഗരസഭയുടെ വാഹനം വേണ്ടെന്ന നിലപാട് അറിയിച്ച് ചെയർമാൻ കെ.വി.ശ്രീകുമാര്‍ തൻ്റെ സൈക്കിളിൽ നഗരസഭ ഓഫീസിലെത്തി.
കഴിഞ്ഞ ദിവസം ഓഫീസിലെത്താൻ മറ്റ് മാർഗങ്ങൾ സ്വീകരിക്കുമെന്ന് ചെയർമാൻ ഇന്നലെ ചേർന്ന കൗണ്‍സിലില്‍ അറിയിച്ചിരുന്നു. യോഗത്തിന് ശേഷം ഔദ്യോഗിക വാഹനത്തിന്റെ താക്കോല്‍ നഗരസഭാ സെക്രട്ടറിക്ക് തിരികെ നല്കിയ ചെയര്മാന് സുഹൃത്തിന്റെ സ്കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നു.
ചൊവ്വാഴ്ച നടന്ന കൗണ്‍സില്‍ യോഗത്തിലായിരുന്നു പ്രശ്നങ്ങളുടെ തുടക്കം. പിഎസ്സി വഴിയുളള ഡ്രൈവറുടെ അഭാവത്തില്‍ നഗരസഭാ ചെയര്മാന് നിയോഗിച്ച ഡ്രൈവറെ അംഗീകരിക്കാന്‍ എഡിഎഫ്, ബിജെപി കൗണ്‍സിലര്‍മാര്‍ തയ്യാറായില്ല.
ഭൂരിപക്ഷത്തിന്റെ വിയോജിപ്പിനെ തുടര്‍ന്ന് ഡ്രൈവര്‍ നിയമനം എന്ന അജന്‍ഡ പാസാക്കുവാന്‍ കഴിഞ്ഞില്ല. നഗരസഭയില്‍ പിഎസ്സി നിയമനമായി
രണ്ടും താല്‍ക്കാലിക്കാരായി നാലും ഡ്രൈവര്‍മാര്‍ ഉണ്ടെന്നും അതിനാല്‍ പുതുതായി ഒരാളെ താല്‍ക്കാലികമായി നിയമിക്കേണ്ടായെന്നുമുളള നിലപാട് എഡിഎഫ്, ബിജെപി കൗണ്‍സിലര്‍മാര്‍ സ്വീകരിച്ചു.
തന്റെ വാഹനത്തിന് തനിക്കു വിശ്വസ്തനായ ആളിനെ നിയോഗിക്കുന്ന മുന്‍ ചെയര്മാന്മാരുടെ കീഴ് വഴക്കം താന്‍ തുടരുകയാണെന്നും അതിനു അനുവദിക്കണമെന്നും ചെയര്മാന് ശ്രീകുമാര്‍ കൗണ്‍സിലില്‍ ആവശ്യപ്പെട്ടു. ഇതംഗീകരിക്കാന്‍ സാധിക്കില്ലെന്ന് എഡിഎഫ്, ബിജെപി കൗണ്‍സിലര്‍മാരെ പ്രതിനിധീകരിച്ച് സംസാരിച്ച അംഗങ്ങള്‍ പറഞ്ഞു.