ബെയ്ജിംഗ്: കഴിഞ്ഞ ജനുവരി ഒന്നിന് ചൈനയിൽ ഒരു മുത്തശിയുടെ ജന്മദിനാഘോഷം നടന്നു. ചൈനയുടെ വൻമതിലും കടന്ന് ഈ ആഘോഷം ശ്രദ്ധിക്കപ്പെട്ടു. കാരണം മറ്റൊന്നുമല്ല, ഇവരുടെ പ്രായംതന്നെ. ക്യു ചൈഷി എന്നു പേരുള്ള ഈ മുത്തശിക്കു 124 വയസുണ്ട്. ആറു തലമുറകൾ കണ്ട ഇവർ ഇപ്പോഴും നല്ല ആരോഗ്യവതി.
സിചുവാൻ പ്രവിശ്യയിലെ നാൻചോങ്ങിൽ 1901ലായിരുന്നു ജനനം. ചെറുപ്പകാലം ദുരിതം നിറഞ്ഞതായിരുന്നു. നല്ല കായികബലമുണ്ടായിരുന്നതിനാൽ വയലുകൾ ഉഴുകുന്നതടക്കമുള്ള കാർഷിക ജോലികൾ ചെയ്തു. കണക്കിൽ പ്രഗത്ഭയായിരുന്നു. വിവാഹം കഴിഞ്ഞ് നാലു മക്കളുടെ അമ്മയായി. ഇവരുടെ 40ാമത്തെ വയസിൽ ഭർത്താവ് മരിച്ചു. പിന്നീടു നാലുമക്കളെ തനിയെ വളർത്തി.
70 ാം വയസിൽ മൂത്തമകനും അസുഖം ബാധിച്ചു മരിച്ചു. മകന്റെ ഭാര്യ പുനർവിവാഹം കഴിച്ചപ്പോൾ കൊച്ചുമകളെ നോക്കാനുള്ള കടമയും ചൈഷിക്കായി. അറുപതു വയസുള്ള കൊച്ചുമകളോടൊപ്പം നാൻചോങ്ങിലെ മൂന്നു നിലകളുള്ള വീട്ടിലാണ് ഇപ്പോൾ താമസം. 100 വയസ് കഴിഞ്ഞതോടെ കാഴ്ചശക്തിയും കേൾവിശക്തിയും കുറഞ്ഞെങ്കിലും മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ല. തന്റെ കാര്യങ്ങളെല്ലാം സ്വയം ചെയ്യും. സ്റ്റെപ്പുകൾ കയറാനും പ്രയാസമില്ല. മൂന്നുനേരം ഭക്ഷണം കഴിക്കും. ഭക്ഷണശേഷം അല്പം നടക്കും. മത്തങ്ങയും തണ്ണിമത്തനും ചോളവുമെല്ലാം ചേർത്തുണ്ടാക്കുന്ന കഞ്ഞിയാണു പ്രിയപ്പെട്ട ഭക്ഷണം. രാത്രി എട്ടിന് ഉറങ്ങും.
ഇപ്പോഴും നല്ല രസികത്തിയാണു ചൈഷി. ഈ പ്രായംവരെ ജീവിച്ചിരിക്കാനുള്ള കാരണം ചോദിച്ചാൽ ചിരിച്ചുകൊണ്ടുള്ള മറുപടി ഇങ്ങനെ: “നരകത്തിലെ രാജാവ് വിളിക്കുന്നില്ല, എന്നെ മറന്നിട്ടുണ്ടാകണം’. ജീവിതത്തോടുള്ള പോസിറ്റീവായ സമീപനമാണു മുത്തശിയുടെ ദീർഘായുസിനു കാരണമെന്നാണു ചൈഷിയുടെ കൊച്ചുമകളുടെ സാക്ഷ്യം. “ഓരോ പ്രതിസന്ധി വരുമ്പോഴും കുറച്ചുനേരം അവർ നിശബ്ദയാകും. എന്നാൽ, ശക്തമായി തിരിച്ചുവരും’ കൊച്ചുമകൾ കൂട്ടിച്ചേർക്കുന്നു.