നാദാപുരം: ഇരുപത്തൊന്നുകാരിയെ കാറിലെത്തി തട്ടികൊണ്ടുപോയത് സിനിമയെ വെല്ലുന്ന സ്റ്റൈലിൽ. സംഭവത്തിൽ വടക്കേ പൊയിലൂർ സ്വദേശിക്കെതിരേ യുവതിയുടെ ബന്ധുക്കളുടെ പരാതിയിൽ നാദാപുരം പോലീസ് കേസെടുത്തു.
കണ്ണൂർ ജില്ലയിലെ പൊയിലൂർ സ്വദേശിനിയായ 21-കാരിയെ യാണ് ഇന്നലെ ഉച്ചയ്ക്ക് എടച്ചേരി റോഡിൽ കൈരളി മുക്കിന് സമീപത്ത് നിന്ന് കാറിലെത്തിയ വടക്കേ പൊയിലൂർ സ്വദേശി രമീജ് ബലമായി പിടിച്ചുകയറ്റി തട്ടിക്കൊണ്ടുപോയതായി ബന്ധുക്കൾ പരാതി നൽകിയത്.
തട്ടിക്കൊണ്ടു പോയെന്ന് പറഞ്ഞു കൂടെയുണ്ടായിരുന്ന സ്ത്രീ ബഹളംവച്ചതോടെ പരിസരത്തുള്ള ആളുകൾ കാറിലും ഓട്ടോയിലും കിട്ടാവുന്ന മറ്റു വാഹനങ്ങളിലും കാറിനെ പിന്തുടർന്നു. എന്നാൽ ഇവർക്ക് കാറിനെ മറികടക്കാൻ കഴിഞ്ഞില്ല. ഇതിനിടയിൽ മൊബൈൽ ഫോണിലും നവ മാധ്യമങ്ങളിലൂടെയും പതിനാലുകാരിയെ ഇന്നോവ കാറിൽ തട്ടിക്കൊണ്ടുപോയെന്ന വ്യാജ സന്ദേശങ്ങൾ പ്രചരിച്ചത് നാട്ടുകാരിൽ പരിഭ്രാന്തി പരത്തി.
പുറമേരിയിലെത്തിയ യുവതിയെ കടത്തിക്കൊണ്ടുപോയ കാർ തടയാൻ നാട്ടുകാർ ശ്രമം നടത്തിയെങ്കിലുംവിജയിച്ചില്ല. കാർ നാദാപുരം ഭാഗത്തേക്ക് അതിവേഗം ഓടിച്ചു പോയി.നാദാപുരത്തെത്തിയ കാറിനെ തടയാൻ ഹോം ഗാർഡും ജീപ്പ് ഡ്രൈവർമാരും സന്നദ്ധരായി നിന്നു.
എന്നാൽ ഇവർക്കിടയിലൂടെ ഇന്നോവ കാറിന് പകരം ഒരു ആൾട്ടോ കാർ ശരവേഗത്തിൽ ഓടിച്ചു പോയി. ഇതിനിടയിൽ നാദാപുരത്തുവച്ച് ആൾട്ടോ കാർ മറ്റൊരു കാറിൽ ഇടിച്ചെങ്കിലും തലശ്ശേരി റോഡിലേക്ക് തിരിച്ച് അമിതവേഗതയിൽ നിർത്താതെ ഓടിച്ചു പോവുകയായിരുന്നു. പ്രതിക്ക് വേണ്ടി അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.