ഉപ്പുവെള്ളവും കുടിവെള്ളമാക്കാം! ചെലവുകുറഞ്ഞ രീതിയില്‍; ശാസ്ത്രലോകത്തെ അമ്പരിപ്പിച്ച് ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥി

southlive_2017-02_b9b1cf32-0d43-4a09-af5e-ad83ce48509b_chaitanyaപഴക്കവും തഴക്കവും വന്ന ശാസ്ത്രജ്ഞരെപ്പോലും കടത്തിവെട്ടുന്ന തരത്തിലുള്ള കണ്ടുപിടുത്തങ്ങളാണ് ഇപ്പോള്‍ കുട്ടി ശാസ്ത്രജ്ഞന്മാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. സ്‌കൂള്‍-കോളജ് വിദ്യാര്‍ത്ഥികള്‍ നടത്തിയ പല പരീക്ഷണങ്ങളും ഭാവി ജീവിതത്തിന് മുതല്‍ക്കൂട്ടാവുകയും ചെയ്തിട്ടുണ്ട്. ഇത്തരത്തില്‍ ഒരു മിടുക്കന്റെ ഹൈസ്‌കൂള്‍ ക്ലാസ് റൂമിലെ പരീക്ഷണം വഴിവെച്ചത് ലോകത്തെ തന്നെ മാറ്റിയേക്കാവുന്ന കണ്ടുപിടുത്തത്തിനാണ്. മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളില്‍ ഒന്നാണല്ലോ ജലം. കുടിവെള്ള ദൗര്‍ലഭ്യം പരിഹരിക്കാനുള്ള വഴി കണ്ടെത്തിയിരിക്കുകയാണ്  ചൈതന്യ കരംചേദ് എന്ന ഇന്ത്യന്‍ അമേരിക്കന്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥി. എളുപ്പവും ചെലവ് കുറഞ്ഞതുമായ രീതിയില്‍ ഉപ്പുവെള്ളം എങ്ങനെ കുടിവെള്ളമാക്കി മാറ്റാമെന്ന കണ്ടെത്തലാണ് ചൈതന്യ നടത്തി വിജയിച്ചത്. അമേരിക്കയില്‍ പോര്‍ട്‌ലാന്റിലെ ഒറിഗോണില്‍ ജെസ്യൂട്ട് ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് ചൈതന്യ.

തന്റെ കണ്ടുപിടുത്തത്തെക്കുറിച്ച് വലിയ പ്രതീക്ഷകളാണ് ചൈതന്യയ്ക്കുള്ളത്. ലോകത്ത് എട്ടില്‍ ഒരാള്‍ക്ക് ശുദ്ധജലം ലഭ്യമല്ലെന്നും അത് ഗൗരവത്തോടെ കാണണമെന്നും ചൈതന്യ പറയുന്നു. വെള്ളത്തിന്റെ ഏറ്റവും വലിയ ഉറവിടം കടലാണ്. ഭൂമിയുടെ 70 ശതമാനത്തോളം സമുദ്രങ്ങളാല്‍ ചുറ്റപ്പെട്ടു കിടക്കുകയാണ്. പക്ഷെ അത് ഉപ്പുവെള്ളമാണ്. അവിടെയാണ് തന്റെ കണ്ടെത്തലിന്റെ പ്രസക്തിയെന്ന് ചൈതന്യ പറയുന്നു. സമുദ്രജലത്തില്‍ നിന്നും കുടിവെള്ളം വേര്‍തിരിച്ചെടുക്കാന്‍ ചെലവുകുറഞ്ഞ മാര്‍ഗത്തിനായി ശാസ്ത്രജ്ഞര്‍ ശ്രമം തുടങ്ങിയിട്ട് കാലങ്ങളായി. തന്റെ ഹൈസ്‌കൂള്‍ ലാബിലാണ് ചൈതന്യ എന്ന ബാലന്‍ ശാസ്ത്രജ്ഞര്‍ക്ക് കഴിയാതിരുന്ന മാര്‍ഗം കണ്ടുപിടിച്ചത്. ശാസ്ത്രജ്ഞര്‍ ഉപ്പ് ഇല്ലാതാക്കാനാണ് ശ്രമിച്ചത്. പക്ഷെ വന്‍തോതില്‍ നടപ്പിലാക്കുന്നതിന് പരിമിതികളുണ്ടായിരുന്നു.

കടല്‍ജലത്തില്‍ ഉപ്പ് പൂര്‍ണ്ണമായും കലര്‍ന്നിട്ടില്ല എന്ന തിരിച്ചറിവില്‍ നിന്നാണ് കണ്ടുപിടുത്തം ഉണ്ടായത്. ആഗിരണശേഷി കൂടുതലുള്ള പോളിമറുകള്‍ ഉപയോഗിച്ച് ഉപ്പ് വേര്‍പെടുത്തുന്നതാണ് ചൈതന്യ കണ്ടുപിടിച്ച രീതി. പോളിമറുകള്‍ ജലതന്മാത്രകള്‍ ആഗിരണം ചെയ്യില്ലെന്നും ഉപ്പിനോടു മാത്രമേ യോജിക്കൂ എന്നും ചൈതന്യ പറഞ്ഞു. നിലനില്‍ക്കുന്ന സാങ്കേതികവിദ്യകളുമായി തട്ടിച്ചു നോക്കുമ്പോള്‍ ഏറ്റവും ചെലവു കുറഞ്ഞതുമാണ് ഈ കണ്ടുപിടുത്തമെന്ന് ചൈതന്യയുടെ അദ്ധ്യാപികയായ ലാറാ ഷാമിയ പറയുന്നു.എല്ലാവരും ജലത്തില്‍ അടങ്ങിയിരിക്കുന്ന 10ശതമാനം ഉപ്പിനെക്കുറിച്ച് മാത്രമേ ചിന്തിച്ചിരുന്നുള്ളൂ. ഉപ്പുമായി ബന്ധിക്കപ്പെടാതിരുന്ന 90 ശതമാനം ജലതന്മാത്രകളേക്കുറിച്ച് ആരും ചിന്തിച്ചിരുന്നില്ല.

ചൈതന്യ ആ 10 ശതമാനത്തെ അവഗണിക്കാമെന്നും ബാക്കി 90 ശതമാനത്തില്‍ ശ്രദ്ധിക്കാമെന്നും പറഞ്ഞു. അമേരിക്കയിലെ ശാസ്ത്രജ്ഞരുടെ ഇടയില്‍ ചൈതന്യയുടെ കണ്ടുപിടുത്തം ചര്‍ച്ചയായിരിക്കുകയാണ്. ധാരാളം പുരസ്‌കാരങ്ങളും ചൈതന്യയെ തേടിയെത്തുന്നുണ്ട്. അമേരിക്കയിലെ ഇന്റര്‍നാഷണല്‍ സയന്‍സ് ഫെയര്‍ ഏജന്‍സി 10,000 ഡോളര്‍ സമ്മാനമായി നല്‍കി. ശാസ്ത്രമേളകളില്‍ നിന്ന് പരീക്ഷണം തുടരാനുള്ള സ്‌കോളര്‍ഷിപ്പുകള്‍ വേറെയും ലഭിച്ചു വരുന്നു. ലോകത്ത് ശുദ്ധജലദൗര്‍ലഭ്യം നേരിടുന്ന കോടിക്കണക്കിന് ആളുകള്‍ക്ക് കണ്ടുപിടുത്തം കൊണ്ട് ഗുണമുണ്ടായേക്കും. അതില്‍ പ്രത്യേകിച്ച് തീരദേശങ്ങളില്‍ കഴിയുന്നവര്‍ക്കായിരിക്കും ഈ കണ്ടുപിടുത്തത്തിലൂടെ ഏറ്റവും ഗുണം ഉണ്ടാവുക.

Related posts