തിരുവനന്തപുരം: പോലീസ് സ്റ്റേഷൻ ആക്രമണക്കേസിലെ പ്രതിയെ അന്വേഷിച്ച് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ റെയ്ഡ് നടത്തിയ സംഭവത്തിൽ ഡിസിപിയായിരുന്ന ചൈത്ര തെരേസ ജോണിനെതിരെ സർക്കാർ തലത്തിൽ നടപടി സ്വീകരിക്കാൻ നീക്കം തുടങ്ങി കടുത്ത നടപടി വേണമെന്ന അഭിപ്രായമാണു സിപിഎം ജില്ലാ സംസ്ഥാന നേതൃത്വത്തിന്റേത്.
വകുപ്പ് തലത്തിൽ നടപടിയെടുക്കാൻ നിയമപരമായി സാധിക്കാത്ത സാഹചര്യത്തിൽ ചൈത്രയെ അപ്രധാന തസ്തികയിലേക്ക് സ്ഥലം മാറ്റുന്നതിനെക്കുറിച്ചുള്ള ആലോചനകൾ നടക്കുകയാണ്. വനിതാ സെൽ എസ്പിയായിരുന്ന ചൈത്രയ്ക്കു തിരുവനന്തപുരം ഡിസിപിയുടെ താത്കാലിക ചുമതല നൽകിയിരിക്കവെയാണ് സിപിഎം ഓഫീസിൽ റെയ്ഡ് നടത്തിയത്.
ചൈത്രയ്ക്ക് ഇനി ക്രമസമാധാനചുമതല നൽകരുതെന്ന നിർദേശം പാർട്ടി നേതൃത്വം സർക്കാരിനെ അറിയിച്ചിട്ടുണ്ട്. ചൈത്രയ്ക്ക് ഇപ്പോൾ ലഭിക്കുന്ന സൗകര്യങ്ങൾ കുറയ്ക്കാനും അപ്രധാനമായ തസ്തികയിൽ രണ്ടാം സ്ഥാനം നൽകി ഒതുക്കാനുമാണ് ആലോചനകൾ.