തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിൽ റെയ്ഡ് നടത്തിയ എസ്പി ചൈത്ര തെരേസ ജോണിന്റെ നടപടിയിൽ നിയമപരമായ വീഴ്ചയില്ലെന്ന് എഡിജിപിയുടെ വിശദ റിപ്പോർട്ട്.
അതേസമയം, മുതിർന്ന ഉദ്യോഗസ്ഥരെ അറിയിക്കാതെ രാഷ്ട്രീയ പാർട്ടിയുടെ ഓഫീസിൽ റെയ്ഡിനു കയറിയ എസ്പിയുടെ നടപടിയിൽ ജാഗ്രതക്കുറവ് ഉണ്ടായെന്നും എഡിജിപി മനോജ് ഏബ്രഹാം സംസ്ഥാന പോലീസ് മേധാവിക്കു നൽകിയ റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. നടപടിയൊന്നും ശിപാർശ ചെയ്തിട്ടില്ല. ഇക്കാര്യത്തിൽ സർക്കാർ നിർദേശ പ്രകാരമായിരിക്കും ഡിജിപി തുടർനടപടി സ്വീകരിക്കുക.
മെഡിക്കൽ കോളജ് പോലീസ് സ്റ്റേഷൻ ആക്രമണവുമായി ബന്ധപ്പെട്ട പ്രതികളെ പിടികൂടാനാണു തിരുവനന്തപുരം ഡെപ്യൂട്ടി പോലീസ് കമ്മീഷണറുടെ(ഡിസിപി) ചുമതല വഹിച്ചിരുന്ന ചൈത്ര തെരേസ ജോണ് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ പരിശോധന നടത്തിയത്. പരിശോധനാ നടപടിയെ എഡിജിപിയുടെ റിപ്പോർട്ടിൽ ന്യായീകരിക്കുന്നു.
മെഡിക്കൽ കോളജ് സിഐ ഉൾപ്പെടെയുളളവരുമായാണു പരിശോധനയ്ക്കു പോയതെന്നും അടുത്ത ദിവസംതന്നെ സെർച്ച് റിപ്പോർട്ട് കോടതിയിൽ നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. പ്രതികൾ അവിടെ ഇല്ലായിരുന്നതിനാൽ മറ്റു പ്രശ്നങ്ങൾക്കൊന്നും നിൽക്കാതെ എസ്പി മടങ്ങി. ഇക്കാര്യങ്ങളിലൊന്നും ചട്ടലംഘനമുണ്ടായിട്ടില്ല.
ഈ വിഷയത്തിൽ മുഖ്യമന്ത്രി നിയമസഭയിലെടുത്ത നിലപാട് ചൈത്ര തേരേസ ജോണിനെതിരേ നടപടിയുണ്ടാകുമെന്ന സൂചന നൽകുന്നുണ്ട്.