നവാസ് മേത്തർ
തലശേരി: മുഖ്യമന്ത്രിയുടെ നാട്ടില്‍ നടന്ന ദുരൂഹ മരണങ്ങളുടെ ചുരുള്‍ നിവര്‍ത്തിയ ആശ്വാസത്തിലാണ് തലശേരി എഎസ്പി ചൈത്ര തെരേസ ജോണും തലശേരി ടൗണ്‍ സിഐ കെ.ഇ. പ്രേമചന്ദ്രനും. തന്റെ ചുരുങ്ങിയ സര്‍വീസ് കാലയളവിനുള്ളില്‍ ഇത്തരത്തിലുള്ള ഒരു കേസ് ആദ്യമാണെന്നും കേസ് തെളിഞ്ഞതില്‍ ഏറെ ആശ്വാസമുണ്ടെന്നും എഎസ്പി ചൈത്ര തെരേസ ജോണ്‍ ദീപികയോട് പറഞ്ഞു. പിണറായി പടന്നക്കരയിലെ വണ്ണത്താന്‍ വീട്ടിലെ നാല് മരണങ്ങളും ദുരൂഹത ഉയര്‍ത്തിയപ്പോള്‍ മുഖ്യമന്ത്രി തന്നെ നേരിട്ട് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.
മാത്രവുമല്ല മുഖ്യമന്ത്രി മരണം നടന്ന വീട്ടിലെത്തുകയും ചെയ്തിരുന്നു. വിഷു ആഘോഷിക്കാന്‍ പിണറായിയിലെ വീട്ടിലെത്തിയ മുഖ്യമന്ത്രിക്കുമുന്നില്‍ നാട്ടുകാര്‍ മരണപരമ്പരയെക്കുറിച്ച് പറഞ്ഞപ്പോള്‍ മുഖ്യമന്ത്രി വണ്ണത്താന്‍ വീട്ടിലേക്ക് പുറപ്പെടുകയായിരുന്നു.
വണ്ണത്താന്‍ വീട്ടില്‍ അവശേഷിക്കുന്ന ഏക അംഗമായ സൗമ്യയെ കണ്ട് കാര്യങ്ങള്‍ തിരക്കി. വിവിധ ഏജന്‍സികളോട് അന്വേഷണത്തിന് ഉത്തരവിട്ടു. ആരോഗ്യ വകുപ്പും ജലവിഭവ വകുപ്പും ഉള്‍പ്പെടെ വിവിധ വകുപ്പുകളുടെ ഉന്നത ഉദ്യോഗസ്ഥര്‍ വണ്ണത്താന്‍ വീട്ടിലെത്തി.
എന്നാല്‍ മുഖ്യന്റെ നാട്ടിലെ ദുരൂഹമരണങ്ങളുടെ ചുരുളഴിക്കാന്‍ ആഭ്യന്തര വകുപ്പ് ചുമതലപ്പെടുത്തിയത് തലശേരി ടൗണ്‍ സിഐ കെ.ഇ. പ്രേമചന്ദ്രനെയാണ്. മേല്‍നോട്ട ചുമതല എഎസ്പി ചൈത്ര തെരേസ ജോണിനും നൽകി. ധര്‍മടം പോലീസ് രജിസ്റ്റര്‍ ചെയ്ത കമലയുടെയും കുഞ്ഞിക്കണ്ണന്റെയും അസ്വാഭാവിക മരണങ്ങളുടെ അന്വേഷണ ചുമതല തലശേരി ടൗണ്‍ സ്റ്റേഷനിലെ ഹൗസ് ഓഫീസറായ പ്രേമചന്ദ്രന് ഏറ്റെടുത്തു.
പിന്നീട് 10 ദിവസം നീണ്ടുനിന്ന അന്വേഷണം. ദൃക്സാക്ഷികളില്ലാത്ത കേസില്‍ ശാസ്ത്രീയ തെളിവുകളെ ആശ്രയിക്കുകയെന്ന സാഹസികമായ അന്വേഷണരീതി. മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട കേസായതിനാല്‍ പഴുതുകളടച്ചുള്ള മുന്നോട്ടുപോക്ക്.
പിന്നാലെ കൂടിയ മാധ്യമപ്രവര്‍ത്തകരില്‍നിന്നും തന്ത്രപരമായ രക്ഷപ്പെടല്‍. പിണറായിയിലെ മരണങ്ങള് കൊലപാതകമാണെന്ന വാര്‍ത്ത മാധ്യമങ്ങളിൽ വന്നെങ്കിലും ഇതു നിഷേധിച്ച സിഐ മരണങ്ങള് കൊലപാതകമല്ലെന്നും അത്തരത്തിലുള്ള ഒരു തെളിവും ലഭിച്ചിട്ടില്ലെന്നും ആവര്‍ത്തിച്ച് വ്യക്തമാക്കിക്കൊണ്ടിരുന്നു.
മാധ്യമപ്രവര്‍ത്തകരില്‍നിന്നും കൃത്യമായി അകലം പാലിച്ച സിഐ ഒറ്റയാള്‍ പോരാട്ടം തുടര്‍ന്നു. തലശേരി സഹകരണ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന സൗമ്യയെ 24 ന് രാവിലെ ഡിസ്ചാര്‍ജ് ചെയ്തപ്പോള്‍ ഒരു വനിതാ പോലീസിനോടൊപ്പം ഓട്ടോ ടാക്സിയിലെത്തിയ അദ്ദേഹം സൗമ്യയെ കസ്റ്റഡിയിലെടുത്തു.
മാധ്യമപ്രവര്‍ത്തകരുടെ കണ്ണു വെട്ടിച്ച് സൗമ്യയെ ഗവ. റസ്റ്റ് ഹൗസിലെത്തിച്ചു. തെളിവുകള്‍ ശേഖരിക്കുന്നതുവരെ ഒരാഴ്ച ഒരു അസുഖവുമില്ലാത്ത സൗമ്യയെ തലശേരി സഹകരണ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ കിടത്താനും സിഐയുടെ നീക്കങ്ങളിലൂടെ സാധിച്ചു.
അന്വേഷണ വിവരങ്ങളൊന്നും ചോരാതെ സൗമ്യയുമായി ബന്ധമുള്ള 30 പേരെ ചോദ്യം ചെയ്ത സിഐ സൗമ്യയുടെ ഫോണ്‍കോളുകളുടെ വിശദവിവരങ്ങളും ശേഖരിച്ചു. ഇതിനിടയില്‍ത്തന്നെ സൗമ്യയുടെ മകള്‍ ഐശ്വര്യയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്താനുള്ള ഉത്തരവും സബ് ഡിവിഷണല്‍ മജിസ്ട്രേറ്റില്‍നിന്നും കരസ്ഥമാക്കി.
വണ്ണത്താന്‍ വീട്ടിലെ പറമ്പില്‍ സംസ്കരിച്ചിരുന്ന ഐശ്വര്യയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തുകയും പരിശോധനാഫലം അതിവേഗം കരസ്ഥമാക്കുകയും ചെയ്തു. തെളിവുകളെല്ലാം ശേഖരിച്ച് പ്രതിയെ കസ്റ്റഡിയിലെടുത്ത് പത്തു മണിക്കൂറോളം ചോദ്യം ചെയ്തെങ്കിലും കുറ്റസമ്മതമൊഴി എന്ന കടമ്പ കടക്കുക എളുപ്പമായിരുന്നില്ല.
ഇതിനിടയില്‍ കേസ് ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കാനുള്ള നീക്കവും ആരംഭിച്ചു. ഇതിന്റെ പ്രാരംഭഘട്ടമെന്ന നിലയില്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി രഘുരാമന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും തലശേരിയിലെത്തി സൗമ്യയെ ചോദ്യംചെയ്തു.
പത്തു ദിവസം നീണ്ട അന്വേഷണത്തിനൊടുവില്‍ കേസ് ക്രൈംബ്രാഞ്ചിന് കൈമാറേണ്ടി വരുമോ എന്ന സംശയവും അന്വേഷണസംഘത്തിന് അസ്വസ്ഥത സൃഷ്ടിച്ചു. മനസ് തുറക്കാത്ത സൗമ്യയുടെ ഉറച്ച നിലപാടും ആശങ്കയ്ക്കിടയാക്കി. ഒടുവില്‍ സൗമ്യ മനസ് തുറന്നപ്പോള്‍ അന്വേഷണസംഘത്തിന് ആശ്വാസമായി.
പുതുവര്‍ഷത്തില്‍ തലശേരി എഎസ്പിയായി ചുമതലയേറ്റ ചൈത്ര തെരേസ ജോണിനും ഇത് അഭിമാന മുഹൂര്‍ത്തമാണ്. ഓരോ ദിവസവും കേസിന്റെ പുരോഗതിയെക്കുറിച്ച് ചോദിക്കുമ്പോള്‍ ഒന്നും വിട്ടുപറയാതെ ജാഗ്രതയോടെ കേസിന് മേല്‍നോട്ടം വഹിച്ച എഎസ്പി കേസ് തെളിയിച്ച ഉദ്യോഗസ്ഥരെ അഭിനന്ദിക്കാനും മറന്നില്ല.
ആദ്യ കുറ്റസമ്മതമൊഴി കണ്ണൂര്‍ ഡിവൈഎസ്പി പി.പി. സദാനന്ദനോടാണ് സൗമ്യ പങ്കുവച്ചതെന്ന കാര്യം എസ്പിയോടു പറയാന്‍ മനസ് കാണിച്ച എഎസ്പി പോലീസ് സേനയ്ക്ക് മാതൃകയായി. ജനുവരിയിലാണ് ചൈത്ര തെരേസ ജോണ്‍ തലശേരി എഎസ്പിയായി ചുമതലയേറ്റത്. അതിനു മുന്‍പ് രണ്ടു മാസം കല്‍പ്പറ്റ എഎസ്പിയായിരുന്നു.
കൊലപാതകങ്ങളും കവര്ച്ചകളുമുള്പ്പെടെ നിരവധി കേസുകള്‍ തെളിയിച്ചതിന്റെ അനുഭവസമ്പത്തുമായിട്ടാണ് സിഐ കെ.ഇ. പ്രേമചന്ദ്രന് ക്രൈംത്രില്ലറുകളെ വെല്ലുന്ന പിണറായിയിലെ ദുരൂഹമരണങ്ങളുടെ അന്വേഷണച്ചുമതല ഏറ്റെടുത്തത്. നീലേശ്വരം സിഐയായിരിക്കെ ചെറുവത്തൂരിലെ വിജയ ബാങ്ക് കവര്‍ച്ച നാലു ദിവസംകൊണ്ട് തെളിയിക്കുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയും തൊണ്ടിമുതലായ 20 കിലോ സ്വര്‍ണം കണ്ടെടുക്കുകയും ചെയ്തിരുന്നു.
അതുപോലെ തന്നെ തളിപ്പറമ്പില്‍ സിഐയായിരിക്കുമ്പോള്‍ യുവാവിനെ പറശിനിക്കടവില്‍ വച്ച് കൊലപ്പെടുത്തി ബക്കളത്ത് കിണറ്റില്‍ തള്ളിയ കേസും തളിപ്പറമ്പില്‍ പച്ചക്കറി മോഷണത്തിന്റെ പേരില്‍ മാനസികരോഗിയെ അടിച്ചുകൊന്ന കേസും മോഷ്ടാവിനെ നാട്ടുകാര്‍ അടിച്ചുകൊന്ന കേസും പട്ടുവത്തെ അൻവര്‍ വധവുമുൾപ്പെടെ നിരവധി കേസുകള്‍ തെളിയിച്ചിട്ടുള്ള ഓഫീസറാണ് കെ.ഇ. പ്രേമചന്ദ്രന്.