കാട്ടാന്പള്ളി: കാട്ടാന്പള്ളിയിലെ കല്ലുമ്മക്കായ ചാകരയ്ക്കു പിന്നിൽ കാലാവസ്ഥ വ്യതിയാനമാണെന്നു ഫിഷറീസ് വകുപ്പ്. ചെറിയ കല്ലുമ്മക്കായ നാട്ടുകാർ പറിച്ചുകൊണ്ടുപോകുന്നതു തടയാൻ നിലവിൽ നിയമമില്ലെന്നും ചാകരയിൽ ലഭിക്കുന്ന കല്ലുമ്മക്കായ വളർത്തുന്നതാണ് ഉത്തമമെന്നും കണ്ണൂർ ഫിഷറീസ് അധികൃതർ പറഞ്ഞു. കാലാവസ്ഥ വ്യതിയാനത്തിൽവരുന്ന പ്രതിഭാസമാണ് ഇതിനു കാരണം. നേരത്തെ ആയിക്കരയിലും മുഴപ്പിലങ്ങാടും മാഹിയിലും ചാകര ഉണ്ടായിരുന്നു.
പുഴയിൽനിന്നും ചെറിയ മത്സ്യം പിടിക്കുന്നതിനു തടയാൻ നിയമമുണ്ട്. എന്നാൽ കല്ലുമ്മക്കായ പറിക്കുന്നതിനു നിലവിൽ ഫീഷറീസ് വകുപ്പിന് ഒന്നും ചെയ്യാനാവില്ല. കാട്ടാന്പള്ളി പുഴയിൽ കഴിഞ്ഞ മൂന്നു ദിവസമായി പുഴയുടെ കരയിലും പുഴയിലും ചെറിയ കല്ലുമ്മക്കായ ശേഖരിച്ചു മടങ്ങുകയാണു നാട്ടുകാർ. ഇതേതുടർന്നു മയ്യിൽ-പുതിയതെരു റോഡിൽ ഇന്നലെയും ഇന്നും ഗതാഗതകുരുക്കും അനുഭവപ്പെടുന്നുണ്ട്. കല്ലുമ്മക്കായ വളർത്തുന്നവർ 60 രൂപ മുതൽ 120 രൂപ വരെ നൽകിയാണു വാങ്ങുന്നത്. വേലിയേററവും വേലിയിറക്കവും നോക്കിയാണു നാട്ടുകാർ പുഴയിൽ എത്തുന്നത്.