വൈപ്പിൻ: തീരക്കടലിൽ ചാകര വീണതോടെ അയല വില ഇടിഞ്ഞു. ഇന്നലെ രണ്ട് കിലോ അയല 100 രൂപക്കാണ് കാളമുക്ക് ഗോശ്രീ പാലത്തിന്റെ സമീപത്തുള്ള ആദായക്കടയിൽ വിറ്റത്.
അതേ പോലെ മറ്റ് മത്സ്യവില്പന കേന്ദ്രങ്ങളിലും വൻ വിലയിടിവ് അനുഭവപ്പെട്ടു. ഒരാഴ്ച മുന്പ് വരെ കിലോഗ്രാമിന് 260 രൂപക്ക് വിറ്റിരുന്ന ഇടത്തരം അയലയാണ് ഇപ്പോൾ 50 രൂപക്ക് വിൽക്കുന്നതെന്ന് കാളമുക്കിലെ മത്സ്യവ്യാപാരിയായ സുജിഷ് പറയുന്നു.
ലഭ്യത കൂടിയതുകൊണ്ട് മാത്രമല്ല കോവിഡിന്റെ പാശ്ചാത്തലത്തിൽ മത്സ്യം മറ്റ് മാർക്കറ്റുകളിലേക്ക് പഴയതുപോലെ കയറ്റിപ്പോകാത്ത സാഹചര്യവും വിലകുറയാൻ കാരണമാണെന്ന് കച്ചവടക്കാർ ചൂണ്ടിക്കാട്ടുന്നു.
അതേസമയം കടലിൽ ചാളയുടെ സാന്നിധ്യം കുറവായതിനാൽ ചാളവില കാര്യമായി ഇടിഞ്ഞിട്ടില്ല. 240 രൂപക്ക് വിറ്റിരുന്ന നാടൻ ചാളക്ക് കിലോവിനു 200 ഉം 200 രൂപക്ക് വിറ്റിരുന്ന വരവ് ചാളക്ക് 160മാണ് ഇപ്പോഴത്തെ വില. കാലാവസ്ഥ അനുകൂലമായതിനാൽ അയല ചാകര നീണ്ട് നിൽക്കുമെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്.
ഈ സാഹചര്യത്തിൽ അയല വില ഇങ്ങിനെ കുറഞ്ഞു തന്നെ നിൽക്കാനാണ് സാധ്യതയെന്നും ഇവർ പറയുന്നു. കഴിഞ്ഞ ദിവസങ്ങളിൽ കാളമുക്ക് ഗോശ്രീപുരം ഹാർബറിൽനിന്നും മത്സ്യബന്ധനത്തിനു പോയ പരന്പരാഗത വള്ളങ്ങൾക്ക് ഒന്നു മുതൽ അഞ്ച് ലക്ഷം രൂപക്ക് വരെ അയല ലഭിച്ചിരുന്നു. കൊച്ചിക്ക് നേരെ പടിഞ്ഞാറും തെക്കും കണ്ടാണ് കടലിൽ ഐലയുടെ സാന്നിധ്യമത്രേ.