വൈപ്പിൻ: ട്രോളിംഗ് നിരോധനത്തിനുശേഷം ആഴക്കടൽ മത്സ്യബന്ധനത്തിനു പോയ ബോട്ടുകൾ നിറയെ മത്സ്യങ്ങളുമായി തീരത്തെത്തിയതോടെ വൈപ്പിൻ ദ്വീപിലെ മത്സ്യബന്ധന ഹാർബറുകൾ സജീവമായി. ഒരാഴ്ചയോളം ആഴക്കടലിൽ തന്പടിച്ച് മത്സ്യബന്ധനം നടത്തിയ ബഹുഭൂരിപക്ഷം ബോട്ടുകളും കണവയും, കൂന്തലും, കിനാവള്ളിയും, കിളിമീനുമൊക്കെയായാണ് ഇന്നലെ തീരമണഞ്ഞത്.
പല ബോട്ടുകളും മൂന്നു ലക്ഷം മുതൽ അഞ്ചു ലക്ഷം രൂപയ്ക്കു വരെയുള്ള മത്സ്യങ്ങളുമായാണ് മടങ്ങിയെത്തിത്. കാളമുക്ക് ഹാർബറിൽ ഇന്നലെ 30 ഓളം ബോട്ടുകൾ അടുത്തിരുന്നു. ഇതിന്റെ ഇരട്ടിയോളം ബോട്ടുകൾ മുനന്പം ഹാർബറിലും എത്തി. എല്ലാത്തരം മത്സ്യങ്ങളുമായാണ് ബോട്ടുകൾ എത്തിയത്. കണവയ്ക്കായിരുന്നു കൂടുതൽ വില. വലിയ കണവയ്ക്കു കിലോവിനു 300നും 360 നും ഇടയിൽ വില ലഭിച്ചു.
കൂന്തൽ ചെറുതായതിനാൽ വിലകുറഞ്ഞു. അതേ സമയം കിളിമീൻ ഇക്കുറി മുൻ വർഷത്തേക്കാളും കുറവായതിനാൽ വൻ ഡിമാൻഡുണ്ട്. ചെറിയ കിളിമീന്‍ 30 മുതൽ 60 രൂപ വരെയാണ് വില. ഏറ്റവും വലുതിനു ഇന്നലെ കിലോയ്ക്ക് 120 രൂപയോളം ഹാർബറിൽ വിലവന്നു. അതേ സമയം ആദ്യ ദിനങ്ങളിൽ തീരക്കടലിൽ രണ്ടോ മൂന്നോ ദിവസത്തെ മത്സ്യബന്ധനം കഴിഞ്ഞെത്തിയ ബോട്ടുകൾക്ക് നന്നായി കരിക്കാടി ചെമ്മീൻ ലഭിച്ചെങ്കിലും ഇപ്പോൾ ലഭ്യത കുറഞ്ഞു.
തീരെ ചെറിയ ചെമ്മീൻ ആയതിനാൽ കറഞ്ഞ വിലയാണ് ലഭിച്ചത്. ഇത് മത്സ്യതൊഴിലാളികൾക്കു തിരിച്ചടിയായി. ഇനി മൂന്നാഴ്ചയോളം ഹാർബറുകളിൽ വൻ തിരക്കായിരിക്കും. ബോട്ടുകൾ എല്ലാം എത്തിത്തുടങ്ങിയതോടെ കച്ചവടക്കാരും, മത്സ്യം കയറ്റുന്ന തൊഴിലാളികളും അനുബന്ധ മേഖലകളും ഉണർവിലാണ്.