തൃശൂർ: കേരളത്തിന്റെ തീരപ്രദേശങ്ങളിൽ ചാകര; മത്സ്യമാർക്കറ്റിൽ വിലയില്ലാതെ കടൽമത്സ്യങ്ങൾ.
ശക്തൻ മാർക്കറ്റിൽ പത്തുദിവസം മുമ്പ് കിലോയ്ക്കു 250 രൂപവരെ വിലവന്ന ചാളയ്ക്കും അയിലയ്ക്കും രണ്ടു ദിവസമായി 60 രൂപ മുതൽ 80 രൂപവരെയായി. വീട്ടുമുറ്റത്തേക്കു ബൈക്കിൽ മത്സ്യവുമായി എത്തിക്കുന്നവർ 100 – 120 രൂപയ്ക്കാണു വിൽക്കുന്നത്. അയിലയോളം വലിപ്പമുള്ള ചെറിയ വറ്റയ്ക്ക് 50 രൂപമാത്രം.
കൊഴുവയ്ക്ക് 60 രൂപ. ഫിലോപ്പിക്കും മഞ്ഞക്കോരയ്ക്കും 60 – 70 രൂപ. മുന്നൂറു രൂപയുണ്ടായിരുന്ന കൂന്തളിനു നൂറു രൂപയാണു വില. വിപണിയിൽ വലിയ മത്സ്യങ്ങൾ കുറവാണ്. ട്രോളിംഗ് നിരോധനവും പേമാരിയും കടലാക്രമണവും മൂലമുള്ള വിലക്കും നിയന്ത്രണവും കഴിഞ്ഞയാഴ്ചയാണ് അവസാനിച്ചത്.
ആ ദിവസങ്ങളിൽ മത്സ്യത്തൊഴിലാളികൾ ദുരിതത്തിലായിരുന്നു. വിലക്കുകളും നിയന്ത്രണങ്ങളും മാറിയശേഷം കടലോരങ്ങളിൽ മത്സ്യക്കൊയ്ത്താണ്. അയൽ സംസ്ഥാനങ്ങളിൽനിന്നും മീൻ എത്തുന്നുണ്ട്. വില കുറയുന്നതിന് ഇതെല്ലാമാണു കാരണം.