തൃക്കരിപ്പൂർ: കോളനികളുടെ സമഗ്ര വികസനത്തിനായി കഴിഞ്ഞ യുഡിഎഫ് സർക്കാർ അനുവദിച്ച ഒരു കോടി രൂപയുടെ പദ്ധതികൾ പാതിവഴിയിൽ ഉപേക്ഷിച്ചു.
നടക്കാവ് കോളനിയിൽ നടപ്പാക്കിയ പ്രവൃത്തികളിലാണ് വ്യാപക ക്രമക്കേടുകൾ നടക്കുന്നതായി ആരോപണം ഉയർന്നതിനെത്തുടർന്ന് ഉപേക്ഷിച്ചത്.
എറണാകുളത്തെ ആലുവ ഫോറസ്റ്റ് ഇൻഡസ്ട്രീസ് എന്ന കമ്പനിയാണ് കരാർ ഏറ്റെടുത്തതെങ്കിലും ഉപകരാർ നൽകിയവരാണ് പ്രവൃത്തി അട്ടിമറിച്ചത്.
25 ശതമാനം പ്രവൃത്തികൾ പോലും പൂർത്തിയാക്കാതെ തുക കൈപ്പറ്റാൻ ശ്രമം നടത്തിയതോടെയാണ് നാട്ടുകാർ വിവരമറിഞ്ഞത്. ഇതേത്തുടർന്ന് ദളിത് കോൺഗ്രസ് ഉൾപ്പടെയുള്ള വിവിധ സംഘടനകൾ പ്രവൃത്തിയിലെ ക്രമക്കേട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു നൽകിയ പരാതിയിൽ ജില്ലാ പട്ടികജാതി ഓഫീസറും നീലേശ്വരം ബ്ലോക്ക് പട്ടികജാതി ഓഫീസറും നടക്കാവ് കോളനിയിലെത്തി പരാതി പരിശോധിച്ചു ക്രമക്കേട് നടന്നതായി സ്ഥിരീകരിച്ചിരുന്നു.
എന്നാൽ അന്വേഷണമോ തുടർ നിർമാണ പ്രവൃത്തികളോ നടത്തിയില്ലെന്ന് മാത്രമല്ല 50 ശതമാനം പ്രവൃത്തികൾ നടന്നതായി കാണിച്ചു കരാറുകാർ നൽകിയ ബില്ലുകളിൽ 35 ശതമാനം തുക അനുവദിച്ചു കൊടുക്കുകയും ചെയ്തു.
ഇതോടെ കരാർ എടുത്ത ആലുവ ഫോറസ്ട്രി ഇൻഡസ്ട്രീസും ഉപകരാറുകാരും നിർമാണപ്രവൃത്തികൾ ഉപേക്ഷിച്ചു സ്ഥലംവിട്ടു. പട്ടികജാതിക്കാരുടെ ക്ഷേമം കണക്കിലെടുക്കാതെ കുറെ പണം ചെലവഴിച്ചുവെന്നല്ലാതെ പ്രധാന ആവശ്യങ്ങൾ പരിഹാരമായിട്ടില്ല.
തൃക്കരിപ്പൂർ പഞ്ചായത്തിലെ നടക്കാവ് കോളനിയിലാവട്ടെ കമ്യൂണിറ്റി ഹാൾ നിർമാണം അഞ്ചുവർഷത്തിലധികമായി അസ്ഥിവാരത്തിൽ ഒതുങ്ങി.
കോളനിയുടെ കിഴക്കുഭാഗത്തുള്ള റോഡ് അരികുകെട്ടി ടാറിംഗ് നടത്താനും വീടുകളുടെ അറ്റകുറ്റപ്പണിക്കും കുടിവെള്ളം വീടുകളിൽ എത്തിക്കുന്നതിനും നടപടി ഉണ്ടായില്ല.
പ്രവൃത്തികളിലെ അനാസ്ഥമൂലം അറ്റകുറ്റപ്പണി നടന്ന വീടിന്റെ മേൽക്കൂര തകർന്നുവീണു യുവാവിന് തലയ്ക്കു ഗുരുതര പരിക്കേൽക്കുകയും ചെയ്തിരുന്നു.
അന്നത്തെ എംഎൽഎ കെ. കുഞ്ഞിരാമനുമായും ഇപ്പോഴത്തെ എംഎൽഎ എം. രാജഗോപാലനുമായും പ്രദേശത്തെ വിവിധ സംഘടനാ ഭാരവാഹികൾ സംസാരിച്ചുവെങ്കിലും അതൊന്നും ഫലംകണ്ടില്ല.