ചേർപ്പ്: ചകിരിക്കയർ കൊണ്ട് കരകൗശല കൗതുക വസ്തുക്കൾ ഉണ്ടാക്കി ശ്രേദ്ധയനാവുകയാണ് ചേർപ്പ് പടിഞ്ഞാട്ടുമുറി പടിഞ്ഞാറെ പുരയ്ക്കൽ രാമചന്ദ്രൻ.
പെയിന്റ് തൊഴിലാളിയായ രാമചന്ദ്രൻ ലോക്ഡൗണ്‍ കാലം തൊഴിലില്ലാതെ വീട്ടിൽ കഴിഞ്ഞിരുന്ന സമയത്താണ് കയറുകൾ കൊണ്ട് വൈവിധ്യങ്ങളായ കരകൗശല വസ്തുക്കൾ നിർമിക്കാൻ തുടങ്ങിയത് ആദ്യം കയർ പിരിച്ച് കെട്ടുകന്പിയിലൂടെ പൂക്കൾ നിർമിക്കാൻതുടങ്ങി പിന്നിട് ചെടികൾ, വിളക്കിന്റെ ആകൃതി, പൂപാത്രങ്ങൾ, ആമ എന്നിവയും രാമചന്ദ്രന്റെ കരവിരുതിൽ രൂപം കൊണ്ടു.
പാഴ് വസ്തുക്കൾകൊണ്ടു മറ്റു അലങ്കാര വസ്തുക്കളുടെ നിർമാണവും രാമചന്ദ്രൻ നടത്തി. നിർമാണ വസ്തുക്കൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ സുഹൃത്തുക്കളും കുടുംബാംഗങ്ങളുമടക്കം നിരവധിപേർ ഇദ്ദേഹത്തിന്റെ കരവിരുതുകൾക്കു താങ്ങും തണലുമായിരിക്കുകയാണ്.
വീട്ടിൽ നിർമിച്ചിരിക്കുന്ന പല അലങ്കാര വസ്തുക്കളും വില്പനക്കായി ഒരുക്കിയിരിക്കുകയാണ്.. ജീവിത ഉപാധിക്കായി അലങ്കാര കരകൗശല വസ്തുക്കൾ നിർമിച്ച് ഈ രംഗത്ത് കൂടുതൽ സജീവമാകാനാണ് ചേർപ്പ് ജീവൻ കലാവേദി അംഗവും നാടക കലാകാരനുമായ രാമചന്ദ്രന്റെ ഇനിയുള്ള മാസ്റ്റർ പ്ലാൻ.