നടവയൽ: കൃഷിയിടങ്ങളിൽ പാഴായി പോകുന്ന ചക്ക വാങ്ങാൻ കച്ചവടക്കാരെത്തുന്നത് കർഷകർക്ക് മികച്ച വരുമാനമാകുന്നു.
ദിനംപ്രതി ലോഡ് കണക്കിന് ചക്കയാണ് ജില്ലയിൽ നിന്നും അയൽ സംസ്ഥാനങ്ങളിലേക്ക് കയറ്റിപ്പോകുന്നത്. വനാതിർത്തി ഗ്രാമങ്ങളിലെ കർഷകർക്ക് ആനശല്യം കാരണം ചക്ക വെറുതെ കളയേണ്ട കാര്യമില്ല.
ഒരു ചക്കയ്ക്ക് അഞ്ച് രൂപ മുതൽ കൃഷിക്കാരന് നൽകിയാണ് കച്ചവടക്കാർ വാങ്ങുന്നത്. ആനശല്യത്തിന്റെ രൂക്ഷത ഭയന്ന് ചെറുപ്പത്തിലെ വിരിയുന്ന ചക്കകൾ നശിപ്പിക്കാതിരുന്ന കർഷകർക്കാണ് ഇപ്പോൾ ഗുണമായത്.
ബംഗളൂരു, മൈസൂരു, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് ജില്ലയിലെ ചക്കകൾ കയറ്റി അയക്കുന്നത്. അവിടെ എത്തിച്ചാൽ ഒരു ചക്കയ്ക്ക് 50 രൂപ വരെ വിലകിട്ടും.
വരിക്ക, തേൻവരിക്ക എന്നിവയ്ക്കാണ് ആവശ്യക്കാർ ഏറെയുള്ളത്. പുഴുങ്ങാനും ചിപ്സ് മുതലായവ ഉണ്ടാക്കുന്നതിനും പച്ചചക്ക തേടി ആളുകൾ എത്തുന്നുണ്ട്.
ചക്ക പറിച്ച് വാഹനത്തിൽ കയറ്റി മൈസൂരുവിൽ എത്തിക്കുന്നതിന്റെ ചെലവ് കഴിച്ചും മികച്ച വരുമാനം കച്ചവടക്കാർക്ക് ലഭിക്കുന്നുണ്ട്.
തോട്ടത്തിൽ പാഴായി പോകുന്ന ചക്കയിൽ നിന്ന് ചെറിയ വരുമാനം ലഭിക്കുന്നത് കർഷകർക്കും സന്തോഷം പകരുന്നു.