മുണ്ടക്കയം: വിഷരഹിത ഫലം എന്ന ഒറ്റ വിശേഷണം മതി ചക്കയുടെ പേര് വാനോളം ഉയരാൻ. അതുകൊണ്ടുതന്നെയാവണം ഒരുകാലത്ത് അവഗണനയിലായിരുന്ന ചക്ക ഇന്ന് പ്രശസ്തിയുടെ നെറുകയിൽ എത്തി നിൽക്കുന്നത്.
പണ്ടുകാലങ്ങളിൽ മലയോരമേഖലയിലെ പ്രധാന ഭക്ഷണങ്ങളിൽ ഒന്നായിരുന്നു ചക്കപ്പുഴുക്ക്. ദരിദ്ര കാലമായിരുന്ന അന്നൊക്കെ ചക്കയും, ചക്കയുടെ വിഭവങ്ങളും മാത്രം കഴിച്ചാണ് നാളുകളോളം സാധാരണ കുടുംബങ്ങൾ വരെ കഴിഞ്ഞുപോന്നിരുന്നത്.
ഒരു കുടുംബത്തിൽ എട്ടും പത്തും അംഗങ്ങളുള്ള ആ കാലഘട്ടത്തിൽ എല്ലാവരും കൂട്ടായി ഇരുന്ന് ചക്ക ഒരുക്കി പുഴുങ്ങിയും ചക്കക്കുരു കറി വെച്ചുകൂട്ടിയുമെല്ലാം കഴിഞ്ഞു.
എന്നാൽ കാലം മാറി. സാധാരണക്കാരുടെ കുടുംബജീവിത നിലവാരം ഉയർന്നു, കുടുംബങ്ങൾ അണുകുടുംബങ്ങളായി മാറി. ഇതോടെ ചക്കയെന്ന ഫലത്തെ മലയാളി പാടെ ഉപേക്ഷിച്ചു.
കയറിപ്പറിക്കുന്നതിനും പാചകം ചെയ്യുന്നതിനുമെല്ലാമുള്ള ബുദ്ധിമുട്ടായിരുന്നു പ്രധാന കാരണവും. മറുനാട്ടിൽ നിന്നെത്തുന്ന വിഷമയമായ പച്ചക്കറിയും പഴവർഗങ്ങളും കഴിച്ചു പോന്നിരുന്ന മലയാളിക്ക് പിന്നീടാണ് ചക്കയുടെ ഗുണവും പ്രാധാന്യവും മനസിലായി തുടങ്ങിയത്.
സംസ്ഥാന സർക്കാർ ചക്കയെ സംസ്ഥാന ഫലമായി പ്രഖ്യാപിക്കുകയും ചെയ്തു. ഇപ്പോൾ മലയാളിയുടെ സ്വന്തം ചക്കയ്ക്ക് നാട്ടിലും മറുനാട്ടിലുമെല്ലാം ഇഷ്ടക്കാർ ഏറെയായി.
ലോഡ് കണക്കിന് ചക്കയാണ് ഓരോ ദിവസവും കേരളത്തിൽനിന്ന് അന്യസംസ്ഥാനങ്ങളിലേക്ക് കയറ്റി പോകുന്നത്. കോട്ടയം ജില്ലയുടെ മലയോര പ്രദേശമായ കാഞ്ഞിരപ്പള്ളി, എരുമേലി, മുണ്ടക്കയം മേഖലകളിലെ ചക്കയ്ക്കാണ് മറുനാട്ടിൽ ഏറെ ഡിമാൻഡ് ഉള്ളത്.
ഈ പ്രദേശങ്ങളിൽ നിന്നു മാത്രം ദിവസം ഇരുനൂറും മുന്നൂറും ടൺ ചക്കയാണ് അന്യസംസ്ഥാനങ്ങളിലേക്ക് കയറ്റി അയക്കുന്നത്. പ്രധാനമായും തമിഴ്നാട്, ആന്ധ്ര, മഹാരാഷ്ട്ര, ഡൽഹി പോലുള്ള സംസ്ഥാനങ്ങളാണ് ഗുണഭോക്താക്കൾ.
ഒരു കിലോ ചക്ക 10 രൂപ നിരക്കിലാണ് വേ ബ്രിഡ്ജുകൾ വിപണനം നടക്കുന്നത്. അതായത് ശരാശരി ഒരു ചക്കയ്ക്ക് 140 മുതൽ 170 രൂപ വരെ വില ലഭിക്കും. എന്നാൽ നമ്മുടെ നാട്ടിലെ ഉടമസ്ഥന് ലഭിക്കുന്നതാകട്ടെ ചക്ക ഒന്നിന് 30 മുതൽ 50 രൂപ വരെ മാത്രം.
കയറി പറിക്കുന്നതിനും പാചകം ചെയ്യുന്നതിനുമുള്ള ബുദ്ധിമുട്ടുകൊണ്ട് മിക്ക സ്ഥല ഉടമസ്ഥരും കിട്ടുന്ന വിലയ്ക്ക് ചക്ക കൊടുക്കുകയാണ് പതിവ്.
അതുകൊണ്ടുതന്നെ ഇന്ന് മലയാളിക്ക് ചക്ക കിട്ടാക്കനിയായി മാറുന്ന കാഴ്ചയുമാണ് കാണാനുള്ളത്. ഇനി വില കൊടുത്തു വാങ്ങാം എന്ന് വിചാരിച്ചാൽതന്നെ ഒട്ടുമിക്ക കടകളിലും ചക്ക വിൽപ്പനയ്ക്ക് കിട്ടാറുമില്ല.
ഇനി വേ ബ്രിഡ്ജിൽ പോയി വാങ്ങാം എന്നു വിചാരിച്ചാൽ ഒരു ചക്കയ്ക്ക് 200 മുതൽ 250 രൂപ വരെ വില കൊടുക്കേണ്ട അവസ്ഥയാണ്.
ഇതിനെല്ലാം പരിഹാരമെന്നോണം ഉയരം കുറഞ്ഞ വിയറ്റ്നാം ഏർലി പ്ലാവിൻ തൈകളുടെ വിതരണം നാട്ടിൽ വ്യാപിപ്പിച്ചിട്ടുണ്ട്.
ഇത് വരുംനാളുകളിൽ കേരളത്തിൽ വലിയ ചക്ക വിപ്ലവത്തിന് തന്നെ വഴിവെക്കുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ.