കടുത്തുരുത്തി: ചക്കയിടാൻ പ്ലാവിൽ കയറിയ ഗൃഹനാഥൻ ബോധം നഷ്ടപെട്ടു മണിക്കൂറുകളോളം പ്ലാവിൽ കുടുങ്ങി. ഫയർഫോഴ്സ് എത്തി വടമുപയോഗിച്ച് കെട്ടിയിറക്കി ഇദ്ദേഹത്തെ രക്ഷപ്പെടുത്തി. മുട്ടുചിറ തുരുത്തേൽ പോൾ (50) ആണ് പ്ലാവിൽ കുടുങ്ങിയത്. ഇന്നലെ രാവിലെ പതിനൊന്നോടെ മുട്ടുചിറ കുരിശുപള്ളി ജംഗ്ഷനിലാണ് സംഭവം.
കല്ലേക്കടന്പിൽ വക്കച്ചന്റെ പുരയിടത്തിൽ നിൽക്കുന്ന പ്ലാവിൽ നിന്നു ചക്കയിടുന്നതിനായി അയൽവാസിയായ പോളിനെ വിളിക്കുകയായിരുന്നു. ചക്കയിടുന്നതിനായി ഇരുപത്തിയഞ്ച് അടിയോളം ഉയരമുള്ള പ്ലാവിന്റെ ഏറ്റവും മുകളിലെത്തിയപ്പോൾ പോളിന് ദേഹാസാസ്ഥ്യം അനുഭവപ്പെട്ടു.
തുടർന്ന് പോൾ പ്ലാവിന്റെ ശിഖരത്തിൽ ഇരിക്കുകയും താഴെ വീഴാതിരിക്കുന്നതിനായി കൈവശമുണ്ടായിരുന്ന കയറുപയോഗിച്ചു മരത്തോട് ചേർത്ത് കെട്ടുകയായിരുന്നു. ഇതിനിടെ കൈവിട്ട് ഒരു തവണ താഴേക്കു വീഴാൻ തുടങ്ങിയെങ്കിലും ശരീരവുമായി ചേർത്ത് പ്ലാവിന്റെ കന്പിൽ കയർ കെട്ടിയിരുന്നതിനാൽ രക്ഷപ്പെടുകയായിരുന്നു. താഴെ നിൽക്കുകയായിരുന്ന വീട്ടുകാർ സംഭവം കണ്ട് ഒച്ച വച്ചു സമീപവാസികളെ വിളിച്ചു കൂട്ടി.
ഈ സമയം സമീപത്തു കെട്ടിട നിർമാണ ജോലികൾ ചെയ്യുകയായിരുന്ന കൽക്കത്ത സ്വദേശി രസിത് അലി (20) യും മുട്ടുചിറ സ്വദേശിയായ ജിനേഷും (35) പ്ലാവിൽ കയറി പോളിനെ താഴെ വീഴാതെ പിടിച്ചു. തുടർന്ന് മുഖത്ത് വെള്ളം തളിക്കുകയും ബോധം ലഭിച്ച പോളിന് കുടിക്കാൻ വെള്ളം കൊടുക്കുകയും ചെയ്തു. പിന്നീട് ഇരുവരും ചേർന്നു നാട്ടുകാരുടെ സഹായത്തോടെ പോളിനെ താഴെയിറക്കാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും പരാജയപ്പെട്ടു. ഇതിനിടെ വിവരം ഫയർ ഫോഴ്സിനെ വിവരമറിയിച്ചു. ആപ്പാഞ്ചിറയിലെ ഫയർഫോഴ്സ് സംഘം ശാന്തിപുരത്ത് കുളത്തിൽ വീണയാളെ രക്ഷിക്കുന്നതിനായി പോയിരിക്കുകയായിരുന്നു. ഉടൻ വൈക്കം ഫയർഫോഴ്സിൽ വിവരം അറിയിച്ചു. അവർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.
ഇതിനിടെ ശാന്തിപുരത്തുനിന്ന് ആപ്പാഞ്ചിറയിലെ ഫയർഫോഴ്സ് സംഘവും സ്ഥലത്തെത്തി. ഇരു യൂണിറ്റിലേയും ഫയർഫോഴ്സ് ജീവനക്കാർ പ്ലാവിന് മുകളിൽ കയറി രസിത് അലിയുടെയും ജിനേഷിന്റെയും സഹായത്തോടെ വടം കെട്ടി പോളിനെ താഴെയിറക്കുകയായിരുന്നു. മൂന്ന് മണിക്കൂറോളം മരത്തിൽ കുടങ്ങിയ പോളിനെ ഫയർഫോഴ്സ് സംഘം സാഹസികമായി രക്ഷപ്പെടുത്തുന്നത് കാണാൻ നിരവധിയാളുകളും തടിച്ചു കൂടിയിരുന്നു.