വടക്കാഞ്ചേരി: മന്ത്രി എ.സി. മൊയ്തീന് ഇനി ഉൗണിനോപ്പം ഭാര്യയുണ്ടാക്കുന്ന ഏറെ സ്വാദിഷ്ടമായ ചക്ക മട്ടൻ കറി കഴിക്കാം. തീർന്നില്ല. ചക്കക്കുരു പായസം, ചക്ക അച്ചാർ, പഴവട, സാൻവിച്ച് എന്നിവയും രുചിക്കാം. പത്നി ഉസൈബാ ബീവി ഈ വിഭവങ്ങൾ തയാറാക്കാൻ ആവശ്യമായ വിദഗ്ദ പരിശീലനം നേടി.
വടക്കാഞ്ചേരി നഗരസഭയിലെ ആര്യം പാടത്ത് പ്രവർത്തിക്കുന്ന ഗ്രീൻ ആർമിയുടെ പരിശീലന കേന്ദ്രത്തിലെത്തിയാണ് വടക്കാഞ്ചേരി കേരള വർമ പൊതു വായനശാലയിലെ വനിതാ വേദിയുടെ പ്രവർത്തക കൂടിയായ ഉസൈബ ഏകദിന പരിശീലനം നേടിയത്.
ഇതോടൊപ്പം വനിതാ വേദിയുടെ മറ്റ് അംഗങ്ങളും കണ്ണികളായി. കേരളത്തിന്റെ ഒൗദ്യോഗിക ഫലമായി പ്രഖ്യാപിക്കപ്പെട്ട ചക്കയെ താരമാക്കിക്കൊണ്ട് ഗ്രീൻ ആർമി ഇതിനകംതന്നെ നിരവധി വനിതകൾക്കാണ് ചക്ക വിഭവങ്ങൾ തയ്യാറാക്കാൻ പരി ശീലനം നൽകിയിട്ടുള്ളത്.
മട്ടൻ ചേർക്കാതെ ചക്ക മടലും, ചുളയും ഉപയോഗിച്ചാണ് ചക്ക മട്ടൻ കറി തയ്യാറാക്കുന്നത്. മട്ടൻ ഇല്ലെങ്കിലും മട്ടനേക്കാൾ രുചി ഈ വിഭവത്തിനുണ്ട്. ചക്കക്കുരു പായസവും ഏറെ വൈവിധ്യപൂർണമാണ്. പഴ വടയും, സാൻഡ്വിച്ചും എല്ലാ പ്രായക്കാരുടേയും നാവിൽ കൊതി പടർത്തുന്നതാണ്.
ഗ്രീൻ ആർമി പ്രസിഡന്റ് പി.ആർ. അരവിന്ദാക്ഷൻ ചക്ക വെട്ടി പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. കേരളവർമ പൊതുവായനശാല പ്രസിഡന്റ് വി. മുരളി അധ്യ ക്ഷത വഹിച്ചു. വനിതാവേദി അധ്യക്ഷ ലിസി കോര, ഉസൈബാ ബീവി, ഷഫിയ എന്നിവർ പ്രസംഗിച്ചു. കെ.എം.സുമതി, ടി. പാർവതി, ടി.എൻ. ഗിരിജ എന്നിവർ നേതൃത്വം നൽകി.