തൃശൂർ: ’പിള്ളേര് ചക്ക കൂട്ടാൻ കണ്ട പോലെ’ എന്ന ചൊല്ല് ചക്കച്ചുള തീറ്റ മത്സരത്തിനെത്തിയവരുടെ മനസിലേക്ക് ഓടിയെത്തി. തേക്കിൻകാട് മൈതാനിയിൽ നടന്ന ചക്ക മഹോത്സവത്തോടനുബന്ധിച്ച് നടത്തിയ ചക്കച്ചുള തീറ്റ മത്സരം കൗതുകവും ആവേശവുമായി.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി പത്തു പേരാണ് തീറ്റ മത്സരത്തിൽ പങ്കെടുത്തത്. പതിനെട്ട് ചക്കച്ചുളകൾ മൂന്നു മിനിറ്റുകൊണ്ട് അകത്താക്കി ചക്കച്ചുള തീറ്റ മത്സരത്തിൽ കൃഷി ഓഫീസർ തന്നെ ഒന്നാം സ്ഥാനം നേടി. ഏറെ ആകാംക്ഷ നിറഞ്ഞ മത്സരത്തിൽ ഒല്ലൂർ കൃഷി ഭവനിലെ കൃഷി ഓഫീസറായ ഇ.എൻ.രവീന്ദ്രൻ ഒന്നാമതെത്തി.
തൊട്ടു പിന്നിൽ 15 ചക്കച്ചുളകൾ അകത്താക്കിയ ആർത്താറ്റ് സ്വദേശി ടി.എ്ൻ.നിജിൽ രണ്ടാമത്തെത്തി. 14 ചക്കച്ചുളകൾ വീതം തിന്ന് രണ്ടു പേർ മൂന്നാം സ്ഥാനം പങ്കിട്ടു. 64കാരനായ പൊറത്തിശേരി സ്വദേശി കെ.കെ.ശശിധരനും ആർത്താറ്റ് സ്വദേശി വിപുൽ വിജയനുമാണ് മൂന്നാം സ്ഥാനം പങ്കിട്ടത്.
നിരവധി പേരാണ് ചക്കച്ചുള മത്സരം കാണാൻ തിക്കുംതിരക്കും കൂട്ടി തേക്കിൻകാട് മൈതാനിയിലെ പന്തലിലെത്തിയത്. ഇതോടൊപ്പം ചക്ക കാർവിംഗ് മത്സരവും ചക്കപ്പായസ മത്സരവും നടത്തി. ചക്ക കാർവിംഗ് മത്സരത്തിൽ വേലൂർ സ്വദേശി ടെസി ഫ്രാൻസിസ്, പടിയൂർ സ്വദേശി വി.സി.വിനോദ് എന്നിവരാണ് പങ്കെടുത്തത്.
ചക്കപായസ മത്സരത്തിൽ തൈക്കാട്ടുശേരി സ്വദേശിനി ബബിത, പൊങ്ങണംകാട് സ്വദേശിനി അഞ്ജന, പെരിന്തൽമണ്ണ സ്വദേശിനി ടെസി ജിജി എന്നിവരാണ് പങ്കെടുത്തത്. ബബിത ചക്കക്കുരു കൊണ്ടാണ് ചക്കപ്പായസം ഉണ്ടാക്കിയത്. നാളെ നടക്കുന്ന ചടങ്ങിൽ മന്ത്രി സി.രവീന്ദ്രനാഥ് വിജയികൾക്ക് സമ്മാനങ്ങൾ നൽകും. മന്ത്രി വി.എസ്.സുനിൽകുമാർ അധ്യക്ഷത വഹിക്കും.