തേനി: ചക്കക്കൊമ്പന് എന്ന കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ കർഷകൻ മരിച്ചു. ചിന്നക്കനാൽ സ്വദേശിയായ വെള്ളക്കല്ലിൽ സൗന്ദർരാജ് (68) ആണ് മരിച്ചത്. തേനി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തിങ്കളാഴ്ചയാണ് ചക്കക്കൊന്പന് ഇദ്ദേഹത്തെ ആക്രമിച്ചത്.
കൃഷിയിടത്തിൽ ജോലി ചെയ്യുമ്പോഴാണ് സൗന്ദർരാജനെ കാട്ടാന ആക്രമിച്ചത്. വർഷങ്ങൾക്കു മുമ്പ് വീണു പരിക്കേറ്റതിനാൽ സൗന്ദരാജന്റെ വലതുകാലിന് ശേഷിക്കുറവ് ഉണ്ടായിരുന്നു. അതിനാൽ കാട്ടാന ആക്രമിക്കാൻ എത്തിയപ്പോൾ ഇദ്ദേഹത്തിന് ഓടിരക്ഷപ്പെടാൻ സാധിച്ചില്ല.
സൗന്ദർ രാജന്റെ മകളുടെ മകൻ റെയ്സനും കൃഷിയിടത്തിൽ ഉണ്ടായിരുന്നു. സൗന്ദർരാജനെ ആന ആക്രമിക്കുന്നത് കണ്ട് റെയ്സൻ ഓടി റോഡിലെത്തി നാട്ടുകാരെ വിവരമറിയിച്ചു. നാട്ടുകാർ സ്ഥലത്തെത്തിയപ്പോൾ ആന അവിടെത്തന്നെ ഉണ്ടായിരുന്നു.
തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി ആനയെ തുരത്തിയ ശേഷമാണ് സൗന്ദർരാജനെ രക്ഷപ്പെടുത്തി റോഡിൽ എത്തിച്ചത്. നെഞ്ചിൽ ഗുരുതര പരിക്കേറ്റ സൗന്ദർരാജന്റെ രണ്ട് കൈകളും ഒടിഞ്ഞിരുന്നു. രാജകുമാരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചശേഷമാണ് തേനി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്.