ഇടുക്കി: പന്നിയാറിൽ കാട്ടാന റേഷൻകട ആക്രമിച്ച് തകർത്തു. ഇത്തവണ ചക്കക്കൊമ്പനാണ് റേഷൻകട പൊളിച്ചത്. ഇന്ന് പുലർച്ചെ 3.30 ന് ആണ് ചക്കക്കൊമ്പൻ റേഷൻ കട ആക്രമിച്ചത്. എസ്റ്റേറ്റ് തൊഴിലാളികൾ ജോലിക്ക് പോയപ്പോഴാണ് റേഷൻകട ആക്രമിച്ചത് കാണുന്നത്. ഇവരാണ് വിവരം കടയുടമയേയും വനംവകുപ്പിനെയും അറിയിച്ചത്.
അരിക്കൊമ്പൻ മുൻപ് സ്ഥിരമായി തകർത്തിരുന്ന റേഷൻകടയാണിത്. പന്നിയാറിലെ റേഷൻകട പന്ത്രണ്ട് തവണയോളമാണ് അരിക്കൊമ്പൻ ആക്രമിച്ചത്. അരിക്കൊമ്പന്റെ ആക്രമണം സ്ഥിരമായതോടെ റേഷൻ കൊടുക്കാൻ പറ്റാത്ത സാഹചര്യം വന്നിരുന്നു. തുടർന്നാണ് അരിക്കൊമ്പനെ ഇവിടെ നിന്നും മാറ്റിയത്.
പിന്നീട് ഹാരിസൺ മലയാളം കമ്പിനിയാണ് റേഷൻകട പുതുക്കി പണിതത്. റേഷൻകടയ്ക്ക് ചുറ്റും വനംവകുപ്പ് ഫെൻസിംഗ് സ്ഥാപിക്കുകയും ചെയ്തു. പിന്നാലെ റേഷൻവിതരണം നടക്കുന്നുണ്ടായിരുന്നു. ഇതിനിടയിലാണ് ചക്കക്കൊമ്പന്റെ ആക്രമണം. റേഷൻ കടയോട് ചേർന്നുള്ള ക്ഷേത്രത്തിലെ കൊടിമരം ഫെൻസിംഗിലേക്ക് ചവിട്ടിവീഴ്ത്തി ഫെൻസിംഗ് തകർത്താണ് ആന അകത്ത് പ്രവേശിച്ചത്. കടയുടെ ചുമര് തകർത്ത ചക്കക്കൊമ്പൻ നാല് ചാക്കോളം അരി വലിച്ച് പുറത്തിടുകയും രണ്ട് ചാക്ക് അരി തിന്നുകയും ചെയ്തു.
അരിക്കൊമ്പൻ പോയതിന് ശേഷം ആക്രമങ്ങളൊന്നും ഇവിടെ ഉണ്ടായിട്ടില്ല. എന്നാൽ ചക്കക്കൊമ്പനെ കൊണ്ട് ഇപ്പോൾ പൊറുതി മുട്ടിയ അവസ്ഥയാണ്. ആന മദപ്പാടിലായതിനാലാണ് ആക്രമണം കൂടിയതെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.