വരന്തരപ്പിള്ളി കുന്നത്തുപ്പാടം, കുട്ടഞ്ചിറ പ്രദേശത്ത് കുട്ടംതെറ്റിയെത്തിയ കാട്ടാനയെ കാടുകയറ്റാനാണ് വനം വകുപ്പിന്റെ പുതിയ തന്ത്രം.
മേഖലയിൽ വ്യാപകമായി പ്ലാവുകളിൽ കായ്ച്ചു നിൽക്കുന്ന ചക്കകൾ ശേഖരിച്ച് ഉൾവനത്തിൽ കൊണ്ടിടുകയാണ് ചെയ്യുന്നത്. ആനകളെ തിരികെ കാട്ടിലേക്ക് എത്തിക്കുകയും കൂടെ ഭക്ഷണം ലഭ്യമാക്കുകയുമാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്.
ഇന്നലെ രാവിലെ തന്നെ വനം വകുപ്പ് ഉദ്യോഗസ്ഥർ ചക്ക പറിക്കാനെത്തിയിരുന്നു. ഒരു പ്ലാവിൽ നിന്നുതന്നെ അന്‍പതിലേറെ ചക്ക പറിച്ചതായി പാലപ്പിള്ളി റേഞ്ച് ഓഫീസർ പ്രേം ഷെമീർ പറഞ്ഞു.
പറിച്ച ചക്കകൾ പ്രത്യേകം ഏർപ്പാടാക്കിയ വാഹനത്തിലാണ് ഉൾക്കാട്ടിൽ എത്തിക്കുന്നത്. പ്രദേശത്തെ പറന്പുകളിൽ കായ്ച്ചു നിൽക്കുന്ന ചക്കയാണ് ആനകളെ ജനവാസ മേഖലയിലേക്ക് ആകർഷിക്കുന്നത്.
പഴുത്ത ചക്കയുടെ മണം തേടിയെത്തുന്ന ആനകൾ സമീപത്തെ തെങ്ങ്, കവുങ്ങ്, വാഴ തുടങ്ങിയ കാർഷിക വിളകൾ നശിപ്പിക്കുന്നതും പതിവാണ്.
കഴിഞ്ഞ ദിവസം രാത്രി പ്രദേശത്തെ വീട്ടുപറന്പുകളിലാണ് കൂട്ടം തെറ്റിയ കാട്ടാനയിറങ്ങിയത്. കാര്യമായി നാശനഷ്ടങ്ങൾ വരുത്തിയിട്ടില്ലെങ്കിലും ആനയിറങ്ങിയതറിഞ്ഞ നാട്ടുകാർ ഭീതിയിലാണ്.
പലയിടത്തും ആനയുടെ കാൽപ്പാട് കണ്ടാണ് വീട്ടുകാർ വിവരമറിയുന്നത്.വീടിനോട് ചേർന്നുള്ള പറന്പുകളിലൂടെയാണ് ആന പോയത്. ആദ്യമായാണ് ഈ പറന്പുകളിൽ കാട്ടാനയിറങ്ങുന്നത്.
കുട്ടൻചിറ തേക്ക് തോട്ടത്തിൽ രണ്ടാഴ്ചയായി കാട്ടാന തന്പടിച്ചിട്ടുണ്ട്. വനം വകുപ്പ് ഡ്രോണ്‍ പരിശോധന നടത്തിയെങ്കിലും ആനയെ കണ്ടെത്താൻ കഴിഞ്ഞില്ല.